News in its shortest

അന്നടിച്ചു, ഇന്ന് കൊണ്ടു; ശിവം ദുബെ ഒരോവറില്‍ വഴങ്ങിയത് 34 റണ്‍സ്

2018 ഡിസംബറില്‍ രഞ്ജി ട്രോഫിയില്‍ ബറോഡയ്‌ക്കെതിരെ ശിവം ദുബെ ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ അടിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം വാഴ്ത്തിയത് യുവരാജിനൊരു പിന്‍ഗാമിയെന്നാണ്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ന്യൂസിലന്റിനെതിരായ അഞ്ചാം ടി20 മത്സരത്തില്‍ ദുബെ വഴങ്ങിയത് 34 റണ്‍സ്.

ഇന്ത്യ ഏഴ് റണ്‍സിന് ജയിച്ച മത്സരത്തില്‍ ദുബെ എറിഞ്ഞ 10-ാം ഓവറില്‍ കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ ടിം സീഫര്‍ട്ടും റോസ് ടെയ്‌ലറും ചേര്‍ന്നാണ് ദുബെയെ നിര്‍ദാക്ഷണ്യം ആക്രമിച്ചത്. നാല് സിക്‌സും രണ്ട് ഫോറും വഴങ്ങിയ ഒരു നോബോളും എറിഞ്ഞു.

Also Read: ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റിന് തെരുവ് ഇനിയോര്‍മ്മ, ആകാശം പുതിയ പ്രതീക്ഷ

ടി20-യില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ താരം എന്ന മോശം റെക്കോര്‍ഡ് ഇതോടെ ദുബെയ്ക്ക് ലഭിച്ചു. ഇതുവരെയത് സ്റ്റുവര്‍ട്ട് ബിന്നിയുടെ പേരിലായിരുന്നു. 2016-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു ഓവറില്‍ 32 റണ്‍സ് വഴങ്ങിയതായിരുന്നു ബിന്നിയുടെ റെക്കോര്‍ഡ്. മൂന്നാം സ്ഥാനത്ത് സുരേഷ് റെയ്‌നയാണ്. 2016-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 26 റണ്‍സ് വഴങ്ങി.

രണ്ട് കൊല്ലം മുമ്പ് രഞ്ജിയില്‍ മുംബൈ ടീമിന്റെ ഓള്‍റൗണ്ടറായ ദുബെ ബറോഡയുടെ സ്വപ്‌നില്‍ സിംഗിന്റെ ഓവറിലാണ് അഞ്ച് സിക്‌സറുകള്‍ പറത്തിയത്. സമനിലയില്‍ അവസാനിച്ച ആ മത്സരത്തില്‍ 60 പന്തില്‍ 76 റണ്‍സ് ദുബെ നേടി. മൂന്ന് ബൗണ്ടറികളും ഏഴ് സിക്‌സറുകളുമായിരുന്നു അക്കൗണ്ടില്‍.

Also Read: ത്രിരാഷ്ട്ര ടി20 ഇന്ത്യന്‍ വനിതകളെ ഓസീസുകാര്‍ എറിഞ്ഞും അടിച്ചും തുരത്തി

ടി20 മുംബൈ ലീഗില്‍ ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ പായിച്ച് കൊണ്ടാണ് ദുബെ വെള്ളിവെളിച്ചത്തിലേക്ക് വന്നത്.

2007-ലെ ടി20 ലോകകപ്പില്‍ യുവരാജ് സിംഗ് ഒരോവറിലെ ആറ് പന്തിലും സിക്‌സുകള്‍ അടിച്ചിരുന്നു. അന്ന് യുവിയുടെ പ്രഹരമേറ്റ സ്റ്റുവര്‍ട്ട് ബ്രോഡാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരം. 36 റണ്‍സാണ് അന്ന് അദ്ദേഹം വഴങ്ങിയത്. ആ ലോകകപ്പ് ഇന്ത്യ നേടി.

കിവീസ് പരമ്പര ദുബെ മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാകും. ബാറ്റ് കൊണ്ടും അദ്ദേഹം പരാജയമായിരുന്നു. ഈ പരമ്പരയില്‍ ദുബെയുടെ സ്‌കോര്‍ 12, 3, 8 നോട്ടൗട്ട്, 13 എന്നിങ്ങനെയാണ്.

Comments are closed.