News in its shortest

ബാബുവേട്ടാ, ആ ബിയര്‍ നല്‍കിയ ആത്മ വിശ്വാസത്തിന്റെ തണുപ്പ് ഇപ്പോഴുമുണ്ട്‌

ലാല്‍ ജോസ്‌

കമൽ സാറിന്റെ അസിസ്റ്റാന്റായി സിനിമ പഠിക്കുന്ന കാലം. ഗസലിന്റെ ഷൂട്ടിംഗ്. പതിഞ്ഞ താളമുളള ഒരു ഗസൽ പോലെ ക്യാമറയുടെ മൂളക്കമുളള സെറ്റ്. ക്യാമറക്ക് പിന്നിൽ രാമചന്ദ്ര ബാബുവെന്ന ലെജന്ററി ക്യാമറാമാൻ. കണ്ണുകൾ കൊണ്ടാണ് ബാബുവേട്ടന്റെ സംസാരമത്രയും. ഷോട്ട് കഴിയുമ്പോൾ ക്യാമറയുടെ ഐ പീസിൽ നിന്ന് കണ്ണെടുത്ത് സംവിധായകനെ നോക്കി ചെറുങ്ങനെ ചിരിച്ചാൽ റീടേക്ക് വേണമെന്നർത്ഥം.

തന്റെ കണ്ണട ഊരി കഴുത്തിലെ സ്ട്രിങ്ങിലേക്കിട്ടാൽ ഷോട്ട് ഒ.കെ. ഒച്ച ബഹളങ്ങളൊന്നുമില്ലാതെ കാഴ്ചയിലേക്ക് മാത്രം ഏകാഗ്രനായി ഉന്നം പിടിക്കുന്ന ബാബുവേട്ടന്റെ സ്റ്റൈൽ ആദരവോടെ നോക്കിനിന്നിട്ടുണ്ട്. ദൃശ്യത്തിന്റെ ചതുരത്തിലേക്ക് കഥാപാത്രങ്ങളുടെ അനുഭവങ്ങളെ അടുക്കിവക്കാനായി നിശബ്ദം ധ്യാനിക്കുന്ന ക്യാമറാമാൻ.

പിന്നീട് കമൽ സാറിന്റെ തന്നെ ഭൂമിഗീതം എന്ന സിനിമയുടെ ക്യാമറാമാനായി അദ്ദേഹം എത്തിയപ്പോഴും ഒരുമിച്ച് ജോലി ചെയ്യാൻ അവസരം ലഭിച്ചു. കൂടുതൽ അടുത്ത് ഇടപഴകനായത് അനിൽദാസ് എന്ന നവാഗത സംവിധായകന്റെ സർഗ്ഗവസന്തം എന്ന സിനിമയുടെ സെറ്റിൽവച്ചാണ്. ഞാനായിരുന്നു അസോസിയേറ്റ് ഡയറക്ടർ. ഷൂട്ടിംഗ് നാളുകളിലൊന്നിൽ ഒരു വൈകുന്നേരം ബാബുവേട്ടൻ എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ചു. ഒപ്പം ഒരു തണുത്ത ബിയർ കുടിക്കാനായി. മദ്യപാനവും പുകവലിയും ഒന്നും ശീലമാക്കാത്തയാളാണ് അദ്ദേഹം.

ചെറുപ്പക്കാരാ നിന്റെ ജോലി എനിക്ക് ഇഷ്ടമായി എന്ന് വാക്കുകളിലൂടെ വിളംബരം ചെയ്യുന്നതിനു പകരം സൗമ്യനായ ആ മനുഷ്യൻ വേനൽകാലത്തെ ഒരു സായാഹ്നം എനിക്കൊപ്പം ബിയർ കുടിക്കാനായി മാറ്റിവച്ചു. ബാബുവേട്ടാ, സംവിധായകനാകാനുളള ആത്മധൈര്യമില്ലാതെ പലരുടേയും അസോസിയേറ്റായി കാലം കഴിച്ചിരുന്ന ആ കാലത്ത് ഒപ്പം പിടിച്ചിരുത്തി നിങ്ങൾ പകർന്നു തന്ന തണുത്ത ബിയർ ഒരൗൺസ് ആത്മവിശ്വാസമായാണ് ഉളളിലേക്ക് അരിച്ചിറങ്ങിയത്. അങ്ങയെ ഓർക്കുമ്പോൾ മനസ്സിലിപ്പോഴും ആ തണുപ്പുണ്ട്.

Comments are closed.