News in its shortest

ഞാൻ കണ്ട വുഹാൻ; യാത്രാ വിവരണം

സുരേഷ് സി പിള്ള

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ ഇപ്പോൾ വാർത്തകളിൽ ഉണ്ടല്ലോ?

വുഹാനെപ്പറ്റി ഒരു പക്ഷെ പലരും കൂടുതലായി കേട്ടിട്ടുണ്ടാവില്ല. വുഹാൻ യാത്രയെപ്പറ്റിയുള്ള ഒരു ചെറിയ കുറിപ്പാണിത്.

ചൈനയിലേക്കുള്ള രണ്ടാമത്തെ യാത്ര ആയിരുന്നു ഇത്. 2013 (April 24 to 27) ലാണ് ആദ്യത്തെ ചൈന സന്ദർശനം, നാൻജിംഗ് എന്ന സ്ഥലത്ത്.

വുഹാനിൽ 2016 July 8 to 12, International Symposium of Environmental Catalysis (ISEC) ൽ ഒരു കീ നോട്ട് പ്രഭാഷണം നടത്തുവാൻ വുഹാനിലെ സൗത്ത് സെൻട്രൽ യൂണിവേഴ്സിറ്റി ഫോർ നാഷണാലിറ്റീസിലെ പ്രൊഫെസ്സർ ആയ കാങ് ലി യുടെ ക്ഷണ പ്രകാരം ആണ് വുഹാനിൽ എത്തിയത്.

എവിടെയാണ് വുഹാൻ?

ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ നിന്നും ഏകദേശം 1200 കിലോമീറ്റർ അകലെയാണ് വുഹാൻ. ചൈനയിൽ ഉള്ള 23 പ്രവിശ്യ (province) കളിൽ ഹുബെയ് (Hubei) പ്രവിശ്യ യുടെ തലസ്ഥാനമാണ് വുഹാൻ. സെൻട്രൽ ചൈനയിലെ ഏറ്റവും ജനസംഖ്യ ഉള്ള സിറ്റിയാണ് വുഹാൻ. വുഹാനിലേക്ക് Guangzhou വഴി ആയിരുന്നു കണക്ഷൻ ഫ്ലൈറ്റ്. Guangzhou ൽ നിന്നും ഏകദേശം ആയിരം കിലോമീറ്റർ ഉണ്ട് വുഹാനിലേക്ക്. വുഹാന്റെ വിസ്തീർണ്ണം ഏകദേശം 8,494 km² ആണ്. Hubei പ്രവിശ്യയിൽ ധാരാളം നദികളും, തടാകങ്ങളും ഉണ്ട്. ഞാൻ പോയ യൂണിവേഴ്സിറ്റി ഒരു തടാകത്തോട് ചേർന്നാണ്. ആ സമയത്ത് അവിടെ ഒരു വെള്ളപ്പൊക്കം ഉണ്ടായി, കാമ്പസിനകത്തു വെള്ളം കയറി എന്നൊക്കെ അവിടുത്തെ ഗവേഷണ വിദ്യാർഥികൾ പറഞ്ഞിരുന്നു. ചൈനയിലെ വളരെ പ്രധാനപ്പെട്ട ഒരു വ്യാപാര കേന്ദ്രമാണ് വുഹാൻ.

എത്രയാണ് വുഹാനിലെ ജനസംഖ്യ?

വുഹാനിലെ ജനസംഖ്യ 11 മില്യൺ ആണ്. അതായത് ഒരു കോടി പത്തു ലക്ഷം. ജനസംഖ്യ അനുസരിച്ചു വുഹാൻ ചൈനയിലെ ആറാമത്തെ വലിയ സിറ്റി ആണ്. ഒന്നാമത്തെ സിറ്റി ഷാങ്ഹായി ആണ്, 24 മില്യൺ ആണ്. അതായത് രണ്ടു കോടി നാൽപ്പതു ലക്ഷം ആൾക്കാർ. (താരതമ്യത്തിന് ബാംഗ്ലൂരെയും (8.426 million), കൊച്ചിയിലെയും (2.118 million) കൂടി കൂട്ടിയാൽ വുഹാനിലെ ജനസംഖ്യ ആകും).

എന്താണ് ആഹാര രീതികൾ?

ചൈനീസ് ഫുഡ് എന്ന് പറയുമ്പോൾ നമ്മൾ സാധാരണ വിചാരിക്കുന്നത് എല്ലാവരും ഒരേ തരം ആഹാരം ആയിരിക്കും എല്ലാ സ്ഥലങ്ങളിലും കഴിക്കുക എന്നായിരിക്കും. എന്നാൽ ഓരോ പ്രവിശ്യയിലെ ആഹാര രീതിയും വ്യത്യാസപ്പെട്ടിരിക്കും. വുഹാനിലെ ആഹാര രീതികൾക്ക് ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യം ഉണ്ട്. പല തരത്തിലുള്ള നൂഡിലുകളും, നൂഡിൽ സൂപ്പുകളും വുഹാനിലെ പ്രത്യേകതകൾ ആണ്. കൂടാതെ പച്ചക്കറികൾ വേകിക്കാതെ സോസിൽ മുക്കികഴിക്കും. ഉദാഹരണത്തിന് ഒരു ദിവസം വൈകുന്നേരത്തെ ഭക്ഷണത്തിന്റെ കൂടെ സ്റ്റാർട്ടർ ആയി ഞെട്ട് കണ്ടിച്ച പച്ച വെണ്ടയ്ക്ക ഉണ്ടായിരുന്നു.

ഞാൻ വേവിക്കാത്തത് ആയതു കൊണ്ട്, കഴിക്കാതെ ഇരുന്നപ്പോൾ, കാങ് ലി പറഞ്ഞു, ‘സുരേഷ് ഈറ്റ് അറ്റ് ലീസ്റ്റ് വൺ, യുവർ ബോഡി ക്യാൻ ഹാൻഡിൽ വൺ’. അതു കേട്ട് ഞാൻ ഒരെണ്ണം കഴിക്കുകയും ചെയ്തു. പിന്നെ ഉള്ളത് സൂപ്പ് ചേർക്കാത്ത ‘ഹോട്ട് പോട്ട്’ വിഭവങ്ങൾ, പിന്നെ വറ്റൽ മുളക് ഇട്ട് മെഴുക്കു വരട്ടി പോലെയുള്ള വിഭവങ്ങൾ, ചിക്കൻ ഇവയൊക്കെ ആയിരുന്നു വിഭവങ്ങൾ.

ചൈനയിൽ പാമ്പിനെ തിന്നും, പട്ടിയെ തിന്നും എന്നൊക്കെ പറയുമെങ്കിലും സാധാരണ ഹോട്ടലുകളിലോ, കോൺഫറൻസ് ഡിന്നറിനോ ഒന്നും ഇവ വിഭവം ആക്കാറില്ല. പക്ഷെ ലീഗൽ ആയി, ഇതുപോലെയുള്ള വന്യ ജീവികളെ ആഹാരത്തിനായി വിൽക്കുന്ന മാർക്കറ്റുകൾ വുഹാനിൽ ഉണ്ട് എന്ന് സുഹൃത്തുക്കളിൽ നിന്നും കേട്ടിട്ടുണ്ട്.

അങ്ങിനെയുള്ള എന്തോ വന്യ ജീവിയിൽ നിന്നാവണം കൊറോണ വൈറസ് വന്നത് എന്നാണ് ഇപ്പോളത്തെ അനുമാനം. കൃത്യമായ വിവരങ്ങൾ ഇപ്പോളും ലഭ്യമല്ല. എന്തായാലും ഇപ്പോൾ വുഹാനിൽ വന്യ ജീവികളുടെ വിൽപ്പന താൽക്കാലികമായി ലോക്കൽ ഗവർന്മെന്റ് തടഞ്ഞിരിക്കുകയാണ്.

നമ്മുടെ നാട്ടിൽ നിപ്പ വന്നപ്പോൾ വവ്വാൽ കടിച്ച പഴങ്ങൾ ഒരു നാട്ടു വൈദ്യൻ കഴിച്ചത് വിവാദം ആയത് ഓർമ്മ ഉണ്ടല്ലോ? വുഹാനിലും ഇതേപോലെ ജന ശ്രദ്ധ പിടിച്ചു പറ്റുവാനായി പച്ചയ്ക്ക് ജീവികളെ ഭക്ഷിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ ആരംഭിച്ച ക്യാമ്പയിൻ ആണ് #rejectgamemeat,

Jin Sichen, എന്ന ടെലിവിഷൻ സ്റ്റാർ സോഷ്യൽ മീഡിയയിൽ എഴുതി “Game not only doesn’t cure disease, it can also make you, your family, friends and even more people sick.”.

ചൈനയിൽ വന്യ ജീവികളെ ഭക്ഷിക്കുന്നതിൽ നിന്ന് ജനങ്ങളെ അകറ്റുവാനായി നിയമം ഖർശനം ആക്കണം എന്ന് 19 Chinese scholars ഗവൺമെന്റിനോട് നിർദേശിച്ചതായി കഴിഞ്ഞ ദിവസം ന്യൂയോർക് ടൈംസ് (Jan. 25, 2020) റിപ്പോർട്ട് ചെയ്തിരുന്നു.

എന്തായാലും വലിയ ദുരന്തങ്ങൾ ഉണ്ടാവാതെ ഈ കൊറോണ പ്രതിസന്ധിയിൽ നിന്നും ലോകം വലിയതോതിൽ ഉള്ള അപകടങ്ങൾ ഇല്ലാതെ മുൻപോട്ടു പോകും എന്ന് പ്രത്യാശിക്കാം.

(സുരേഷ് സി പിള്ള ഫേസ് ബുക്കില്‍ കുറിച്ചത്)

കൊറോണ വൈറസ് ആക്രമണത്തില്‍ നിന്നും ഇന്ത്യ സുരക്ഷിതമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

Comments are closed.