News in its shortest

പാർണലും ഇന്ത്യൻ ടീമുമായുള്ള കൗതുകകരമായ ബന്ധവും

കെ നന്ദകുമാര്‍ പിള്ള

ഇന്നലത്തെ മത്സരത്തിൽ സൗത്ത് ആഫ്രിക്കൻ ടീമിൽ ഞാൻ പ്രത്യേകം ശ്രദ്ധിച്ചൊരു കളിക്കാരനുണ്ടായിരുന്നു : പേര് വെയ്ൻ പാർണെൽ. 2009 ൽ, ഇരുപതാം വയസിൽ ടീമിലെത്തിയ പാർണെൽ ഈ മുപ്പത്തി മൂന്നാം വയസിലും സൗത്ത് ആഫ്രിക്കൻ ടീമിൽ കളിക്കുന്നുണ്ടെങ്കിലും ഇതുവരെ ആകെ കളിച്ച ഏകദിനങ്ങൾ 67 ഉം ടി20 കൾ 41 ഉം മാത്രം. അത്യാവശ്യം ബാറ്റിങ്ങും അറിയാവുന്ന ബൗളിംഗ് ഓൾ റൗണ്ടറാണ് പാർണെൽ.

പാർണലും ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു ബന്ധമുണ്ട്.

  • വര്ഷം 2010. സൗത്ത് ആഫ്രിക്കയുടെ ഇന്ത്യൻ സീരീസിലെ ആദ്യ ഏകദിനം ജയ്‌പൂർ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 298 റൺസ്. മറുപടി ബാറ്റിങ്ങിൽ സൗത്ത് ആഫ്രിക്ക 180/ 7 എന്ന നിലയിൽ തകർന്നതാണ്. പക്ഷെ ഒരു വശത്ത് കല്ലിസിനൊപ്പം ഒന്പതാമനായി എത്തിയ 21 കാരൻ വെയ്ൻ പാർണെൽ കളിയുടെ ഗതി മാറ്റി. സ്കോർ 225 ൽ കാലിസിന്റെ കുറ്റി ശ്രീശാന്ത് തെറിപ്പിച്ചെങ്കിലും പത്താമൻ ഡെയ്ൽ സ്റ്റെയിനിനൊപ്പം പാർണെൽ കളി മുന്നോട്ട് നയിച്ചു. പക്ഷെ കളി തിരിച്ചു പിടിച്ച ഇന്ത്യ, അവസാന ബാറ്റ്സ്മാനെ റൺ ഔട്ടാക്കി 1 റണ്ണിന് മത്സരം ജയിച്ചു.
  • വര്ഷം 2011. ഇപ്രാവശ്യം ഇന്ത്യയുടെ സൗത്ത് ആഫ്രിക്കൻ ടൂർ. സീരീസിലെ രണ്ടാം മത്സരം ജോഹാന്നസ്‌ബർഗിലെ വാണ്ടറേഴ്‌സ് ഗ്രൗണ്ടിൽ. ബാറ്റിംഗ് അതീവ ദുഷ്കരമായ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കഷ്ടപ്പെട്ട് നേടാനായത് 190 റൺസ് മാത്രം. സൗത്ത് ആഫ്രിക്കക്കും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. കൃത്യമായി ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യക്ക് സാധിച്ചു. എങ്കിലും നാല്പത്തി മൂന്നാം ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന നിലയിൽ, മത്സരം ജയിക്കാവുന്ന അവസ്ഥയിലേക്ക് എത്താൻ അവർക്ക് സാധിച്ചു. പക്ഷെ അടുത്തടുത്ത പന്തുകളിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയ മുനാഫ് പട്ടേൽ ഇന്ത്യക്ക് 1 റണ്ണിന്റെ വിജയം സമ്മാനിച്ചു. അവസാന ബാറ്റ്സ്മാനെ പോയിന്റിൽ യുവരാജ് സിംഗ് കയ്യിലൊതുക്കുമ്പോൾ ഇന്ത്യക്കാർ അപ്രതീക്ഷിത വിജയത്തിൽ തുള്ളിച്ചാടുകയായിരുന്നു.

ഇനി ഈ രണ്ടു മത്സരങ്ങളും പാർണലുമായുള്ള കണക്ഷൻ….. ജയ്‌പ്പൂരിൽ റൺ ഔട്ട് ആയ, ജോഹാന്നസ്‌ബർഗിൽ യുവരാജിന് ക്യാച്ച് നൽകിയ അവസാന ബാറ്റ്സ്മാൻ വെയ്ൻ പാർണെൽ ആയിരുന്നു.

ഒരേ ടീമിനോട് , പതിനൊന്നു മാസത്തെ ഇടവേളയിൽ, 1 റൺ എന്ന കുറഞ്ഞ മാർജിനിൽ രണ്ടു തവണ തന്റെ ടീം തോല്കുമ്പോൾ, രണ്ടു പ്രാവശ്യവും തോൽവിക്ക് കാരണക്കാരൻ ആകാനായിരുന്നു പാവം വെയ്ൻ പർണലിനെ വിധി.

പാർണലും ഇന്ത്യൻ ടീമുമായുള്ള കൗതുകകരമായ ബന്ധവും
kerala psc coaching kozhikode, best psc coaching center calicut, silver leaf psc academy kozhikode