News in its shortest

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിക്കും

ഒരു വർഷമായി വിലക്കിൽ നിൽക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുന്നതിനും ഉത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. വെറ്ററിനറി ഡോക്ടർമാരായ ഡോ. ശ്യാം വേണുഗോപാൽ, ഡോ. ഡേവിഡ് ഏബ്രഹാം, ഡോ. സോജി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക.

ഒരാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ തൃശൂര്‍ കളക്ടർ എസ്. ഷാനവാസ്  നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 15 ന് തീരുമാനം അറിയിക്കുമെന്നും കളക്ടർ പറഞ്ഞു.

ഉത്സവങ്ങളോടനുബന്ധിച്ച് ജില്ലയിലെ ആനകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 20നുള്ളിൽ പൂർത്തിയാക്കണമെന്ന് കളക്ടർ എസ്. ഷാനവാസ് നിർദേശം നൽകി. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന നാട്ടാന പരിപാലന ചട്ടം ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ട് പോകുന്ന ആനകളുടെ ഡാറ്റാബാങ്ക് കൃത്യമായി ഉടമകൾ സൂക്ഷിക്കണം. ആനകളെ എഴുന്നള്ളിപ്പിന് കൊണ്ടുവരുമ്പോൾ ഒരാഴ്ച്ചയിലെ ആനയുടെ സഞ്ചാര രജിസ്റ്റർ പാപ്പന്മാർ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം.
ആനകളെ എവിടെ നിന്ന് കൊണ്ട് വരുന്നു, വിശ്രമിക്കാൻ ആനകൾക്ക് സമയം നൽകിയോ തുടങ്ങിയ കൃത്യമായ വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് റിപ്പോർട്ടായി നൽക്കണം. നിലവിലുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ പരിശോധിച്ച് സർട്ടിഫൈ ചെയ്യാൻ സംസ്ഥാന തലത്തിൽ കമ്മിറ്റി രൂപീകരിക്കുന്നതിന് ജില്ലയിലെ മന്ത്രിമാരുമായി സംസാരിക്കുമെന്ന് കളക്ടർ പറഞ്ഞു.

ജില്ലയിലെ ഉത്സവങ്ങൾ സുരക്ഷിതമായി നടത്തുന്നതിന്റെ ഭാഗമായി നാട്ടാന പരിപാലന ചട്ടപ്രകാരം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു.

ഉത്സവ സമയങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതിൽ സ്വീകരിക്കേണ്ട സമയക്രമങ്ങളുടെ ഭാഗമായി രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശനമായ വിലക്കുണ്ടെന്നും ആനകളെ നിരയായി നിർത്തുമ്പോൾ മൂന്ന് മീറ്റർ അകലം നിർബന്ധമായും പാലിക്കണമെന്നും കൂടുതൽ സംരക്ഷണത്തിനായി ബാരിക്കേഡുകൾ ഉപയോഗിക്കണമെന്നും തീരുമാനമായി.

ചൂട് കൂടുതലുള്ള സാഹചര്യങ്ങളിൽ ആനകളുടെ കാലുകൾ ചൂടാകാതിരിക്കാൻ പന്തൽ, നനച്ച ചാക്കുകൾ വിരിക്കൽ എന്നിവ ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ആന പാപ്പാന്മാർ മദ്യപിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ ബ്രീത്ത് അനലൈസർ ഉപയോഗിക്കണമെന്നും ജില്ലാ കളക്ടർ എസ്. ഷാനവാസ് നിർദേശിച്ചു. കൂടാതെ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിന്റെ ഭാഗമായി എലിഫെന്റ് സ്‌ക്വാഡ് രൂപീകരിക്കേണ്ടതിനെക്കുറിച്ചും കളക്ടർ നിർദേശം നൽകി. ക്ഷേത്രങ്ങളിലെ ആചാരങ്ങൾ കൃത്യമായി പാലിച്ചായിരിക്കണം ആനകളെ നിയന്ത്രിക്കേണ്ടത്.

എ സി എഫ് പി.എം.പ്രഭു, എസ് ഐ കെ.കൃഷ്ണകുമാർ, എഡബ്ല്യൂ സി ഐ നോമിനി എം എൽ ജയചന്ദ്രൻ, കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി വത്സൻ ചെമ്പക്കര, സംസ്ഥാന ആനത്തൊഴിലാളി യൂണിയൻ സെക്രട്ടറി പി.എം.സുരേഷ്, ഫയർ ആന്റ് റസ്‌ക്യൂ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Comments are closed.