News in its shortest

കേരള കോണ്‍ഗ്രസ് എമ്മിനെ ജെ ആക്കാന്‍ പിജെ ജോസഫ് ശ്രമിച്ചു ജോസ് കെ മാണി

കോട്ടയം: മാണി സാറിനെ മറന്നുകൊണ്ടുള്ള തീരുമാനമാണ് ഐക്യജനാധിപത്യമുന്നണി സ്വീകരിച്ചത് എന്ന് ജോസ് കെ മാണി ആരോപിച്ചു. കഴിഞ്ഞ 38 വര്‍ഷം യുഡിഎഫിനെ പടുത്ത ഉയര്‍ത്തുവാനുള്ള
പിന്‍ബലം ആയിരുന്നു കേരള കോണ്‍ഗ്രസ് (എം) എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ന് ആ പ്രസ്ഥാനത്തെയാണ് യുഡിഎഫ് പുറത്താക്കിയത്. ഒരു കാരണവും ഇല്ലാതെയാണ് ബന്ധം അറുത്തു മാറ്റിയതെന്നും ഒരു മുന്നണി രൂപീകരിക്കുവാന്‍ മുന്നില്‍ ഉണ്ടായിരുന്നത് തങ്ങളായിരുന്നുവെന്നും അദ്ദേഹം കെ എം മാണിയുടെ പങ്കിനെ സൂചിപ്പിച്ചു കൊണ്ട് പറഞ്ഞു.

ഈ തീരുമാനം യുഡിഎഫ് നേതൃത്വത്തില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകുക എന്ന ധര്‍മ്മം അവര്‍ മറന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. പിറന്ന് വീണ നാള്‍ മുതല്‍ പാര്‍ട്ടിയെ തകര്‍ക്കുവാന്‍ പലരും ശ്രമിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനെ ജെ ആക്കാനാണ് ജോസഫ് വിഭാഗം ശ്രമിച്ചത്. ഇതുവരെ പറഞ്ഞ നുണകള്‍ പിജെ വീണ്ടും ആവര്‍ത്തിക്കുകയാണ്. പ്രതിസന്ധി കാലയളവില്‍ പിജെ ജോസഫിന് രാഷ്ട്രീയ അഭയം കൊടുത്തതാണ് കേരള കോണ്‍ഗ്രസ് എം എന്നും അദ്ദേഹം തങ്ങളെ ഹൈജാക്ക് ചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍ ഈ പ്രസ്ഥാനത്തെ സംരക്ഷിക്കുവാന്‍ ശ്രമിച്ചതാണോ താന്‍ ചെയ്ത തെറ്റ് എന്നും ജോസ് കെ മാണി ചോദിച്ചു.

യുഡിഎഫില്‍ നിന്നും പുറത്താക്കിയ ജോസ് കെ മാണി വിഭാഗത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം. മുന്നണിയില്‍ നിന്നും പുറത്താക്കി അപമാനിച്ചിട്ട കോണ്‍ഗ്രസ് ചര്‍ച്ചയെന്ന് പറഞ്ഞു വീണ്ടും അപമാനിക്കുകയാണെന്ന് അംഗങ്ങള്‍ പറഞ്ഞു. പടി അടച്ചു പുറത്താക്കിയിട്ട് ചര്‍ച്ചയ്ക്ക് എന്ത് പ്രസക്തിയെന്ന് അറിയില്ലെന്നും അഭിപ്രായം ഉയര്‍ന്നു.

മാണിസാറിന്റെ രോഗവിവരം പുറത്ത് വന്നത് മുതല്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ജോസഫ് ശ്രമം തുടങ്ങിയെന്നും കോണ്‍ഗ്രസിന് അതിന് കുടപിടിച്ചുവെന്നും കമ്മിറ്റിയില്‍ ആരോപണം ഉയര്‍ന്നു.

ജോസഫ് യുഡിഎഫ് നേതൃത്വത്തിലെ ചിലരെ വിലയ്ക്കുവാങ്ങിയെന്നും അംഗങ്ങള്‍ ആരോപിച്ചു.

അതേസമയം, ജോസ് കെ മാണിയുമായി രാഷ്ട്രീയമായോ വ്യക്തിപരമായോ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണി മര്യാദ എല്ലാവരും പാലിക്കണം. അത് പാലിക്കാത്തതു കൊണ്ടാണ് ജോസ് കെ മാണിയെ മാറ്റി നിര്‍ത്തിയതെന്നും മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിലെ പ്രശ്‌നം പരിഹരിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവ് ജോസ് മോന്‍ മുണ്ടയ്ക്കല്‍ ജോസഫ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചു. കോട്ടയും ജില്ലാ സെക്രട്ടറിയായ ജോസ് മോന്‍ കൂടുതല്‍ പേര്‍ ജോസഫ് വിഭാഗത്തിലേക്ക് മാറുമെന്ന് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് പാര്‍ട്ടിയുടെ അംഗത്വമില്ലെന്ന് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായ ആളാണ് ജോസ് മോനെന്നും സണ്ണി പറഞ്ഞു.

അതേസമയം, ജോസ് വിഭാഗത്തെ പി സി തോമസ് എന്‍ഡിഎയിലേക്ക് ക്ഷണിച്ചു.

എന്നാല്‍ ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കിയതിനെ അവരുമായുള്ള ബന്ധം അടഞ്ഞ അധ്യായമായി കാണേണ്ടതില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്ന ധാരണ നടപ്പിലാക്കിയാല്‍ ജോസിന് തിരിച്ചുവരാമെന്നും ഇനിയും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫിന്റെ നേതൃത്വത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ ആഗ്രഹിക്കാത്ത നടപടിയെടുക്കേണ്ടി വന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം.

Comments are closed.