News in its shortest

മാതൃഭൂമി പത്രാധിപരേ, തന്റേടമുണ്ടോ? തോമസ് ഐസക്ക് വെല്ലുവിളിക്കുന്നു

തോമസ് ഐസക്‌

തരംതാഴുന്നതിന് മാതൃഭൂമിയിൽ പരിധിയൊന്നും വെച്ചിട്ടില്ലെന്നു തോന്നുന്നു. ഇന്നലെ എന്റെ സ്റ്റാഫിന്റെ കഴുത്തിൽ മൊഴിക്കുരുക്കിട്ട ലേഖകൻ വാദം പരിഷ്കരിച്ച് ഇന്ന് അഞ്ചാം പേജിൽ അവതരിച്ചിട്ടുണ്ട്.

മാതൃഭൂമി പത്രാധിപരോട് പരസ്യമായിത്തന്നെ ഒരു കാര്യം ആവശ്യപ്പെടുന്നു. തന്റേടമുണ്ടെങ്കിൽ എന്റെ സ്റ്റാഫിന്റെ പേര് പ്രസിദ്ധീകരിക്കണം. എന്താ, നിയമനടപടിയെ ഭയമുള്ളതുകൊണ്ടാണോ, വാർത്തയിൽ ധനമന്ത്രിയുടെ സ്റ്റാഫ് എന്ന മറവെച്ചിരിക്കുന്നത്?ഇന്നലെ എന്തായിരുന്നു വാദം?

“കസ്റ്റംസിനുള്ളിൽനിന്നാണ് ഇയാൾക്ക് മൊഴിപ്പകർപ്പ് എത്തിയതെന്നാണ് സംശയം” എന്നായിരുന്നല്ലോ ഇന്നലെ എഴുതിപ്പിടിപ്പിച്ചത്. അതിന്റെ പേരിലായിരുന്നല്ലോ മൊഴിക്കുരുക്ക്. ഇന്നത്തെ വാർത്തയിലോ?

“ഇദ്ദേഹത്തിലൂടെയാണ് മൊഴിപ്പകർപ്പിന്റെ മൂന്നു പേജുകൾ മറ്റു പലരിലേയ്ക്കും എത്തിയത് എന്ന് വ്യക്തമായതിനെത്തുടർന്നാണ് നേരിട്ട് വിശദീകരണമുൾപ്പെടെ ആരാഞ്ഞത്” എന്നാണ് ഇന്നത്തെ മലക്കം മറിച്ചിൽ. അപ്പോൾ കസ്റ്റംസിൽ നിന്ന് മൊഴിപ്പകർപ്പ് നേരിട്ടു കിട്ടി എന്ന സംശയം ലേഖകൻ വിഴുങ്ങിയോ?എന്റെ സ്റ്റാഫിലൂടെ ആ മൊഴിപ്പകർപ്പ് കിട്ടിയ “മറ്റു പലരും” ആരാണ്?

ആരേക്കുറിച്ചും എന്തും എഴുതുന്ന മഞ്ഞപ്പത്രത്തിന്റെ നിലവാരത്തിലേയ്ക്ക് തരംതാഴരുത്. അതു മോശമല്ലേ. ആ മൊഴിപ്പകർപ്പ് കിട്ടിയത് മാധ്യമങ്ങൾക്കല്ലേ. മാതൃഭൂമി ന്യൂസിൽ ആഗസ്റ്റ് 28ന് ഇതേക്കുറിച്ചുവന്ന ആദ്യവാർത്തയുടെ ഒരു ഭാഗം ഇതോടൊപ്പം കൊടുക്കുന്നു. എഡിറ്റർ കാണുക. ആഗസ്റ്റ് 28ന് രാവിലെ 11 മണിയ്ക്കാണ് ഈ വാർത്ത മാതൃഭൂമി ന്യൂസ് ബ്രേക്ക് ചെയ്തത്.

Vayicho: കോവിഡ് കാല ആഗോളകര്‍ വോട്ടെടുപ്പ് കെകെ ശൈലജ ഒന്നാമത്‌

വിഷ്വലിൽ രേഖ കാണിക്കുന്ന സമയം നോക്കുക. എന്നുവെച്ചാൽ ആഗസ്റ്റ് 28ന് പകൽ 11 മണിയ്ക്കു മുമ്പേ മാധ്യമപ്രവർത്തകർക്ക് പ്രസ്തുത ഡോക്യുമെന്റ് കിട്ടിയിരുന്നു. ഇനി എന്റെ സ്റ്റാഫ് ആഗസ്റ്റ് 28ന് രാവിലെ 11.15ന് എഴുതിയ പോസ്റ്റു നോക്കുക. കൈരളി, ന്യൂസ് 18, മാതൃഭൂമി എന്നീ ചാനലുകളിൽ മൊഴിപ്പകർപ്പിന്റെ വിഷ്വലുകൾ കണ്ടുവെന്ന് അതിൽ എഴുതിയിട്ടുണ്ട്. ടൈം സ്റ്റാമ്പ് പരിശോധിച്ചാൽ മതി.

ഇനി പ്രസ്തുത രേഖ എപ്പോഴാണ് എന്റെ സ്റ്റാഫ് എഫ്ബിയിൽ അപ് ലോഡ് ചെയ്തത്? ടൈംസ്റ്റാമ്പ് പരിശോധിക്കാം. ആഗസ്റ്റ് 28, വൈകുന്നേരം 4.02.ആഗസ്റ്റ് 28ന് മാധ്യമങ്ങൾ ഈ വാർത്ത നൽകുന്നതിനു മുമ്പ് എന്റെ സ്റ്റാഫിന്റെ കൈവശം ഈ രേഖ ചോർന്നു കിട്ടിയിരുന്നു എന്നതിന് എന്തു തെളിവാണ് മാതൃഭൂമിയുടെ ലേഖകന്റെ കൈവശമുള്ളത്?

കസ്റ്റംസിനുള്ളിൽ നിന്ന് എന്റെ സ്റ്റാഫിന് മൊഴിപ്പകർപ്പ് കിട്ടിയെന്നാണ് സംശയമെന്നാണല്ലോ മാതൃഭൂമി ഇന്നലെ എഴുതിപ്പിടിപ്പിച്ചത്. എന്തായിരുന്നു ഈ സംശയത്തിന് അടിസ്ഥാനം? മാതൃഭൂമി ന്യൂസിന്റെ ലേഖകന് എന്റെ സ്റ്റാഫിന്റെ കൈയിൽ നിന്നാണോ ഈ രേഖ കിട്ടിയത്? അക്കാര്യം ഉറപ്പിച്ചിട്ടുണ്ടോ?

മറ്റു പലരിലേയ്ക്കും ഈ രേഖ എത്തിയത് എന്റെ സ്റ്റാഫിൽ നിന്നാണ് എന്ന് മലക്കം മറിയുമ്പോൾ, പതിനൊന്നു മണിയ്ക്കു ശേഷം മാതൃഭൂമി ലേഖകന്റെ കൈയിൽ നിന്നും എത്ര പേരിലേയ്ക്ക് ഈ രേഖ കൈമറിഞ്ഞിരുന്നു എന്നു കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കുകയില്ലേ?

വീണത് നാലാൾ കണ്ടാൽ ഒന്നും നോക്കാതെ ഉരുണ്ടു മറിഞ്ഞേക്കണം എന്ന് മാതൃഭൂമിയിൽ എഡിറ്റോറിയൽ നിർദ്ദേശമുണ്ടെന്നു തോന്നുന്നു. ഇന്നലെ പറഞ്ഞതു തന്നെ ഒരിക്കൽക്കൂടി പറയുന്നു. ഈ ഉമ്മാക്കിയൊന്നും ചെലവാകുകയില്ല. നിങ്ങളോടു മാത്രമല്ല, നിങ്ങളുടെ ലേഖകന്റെ വാർത്താ ഉറവിടത്തോടു കൂടിയാണ് പറയുന്നത്.

വരിയിലും വാക്കിലും ദുസൂചന പുരട്ടി വാർത്ത ചമച്ചാൽ വിരണ്ടുപോകുന്ന കാലമൊക്കെ കഴിഞ്ഞു.അപ്പോൾ മൊഴിക്കുരുക്ക് ഏതാണ്ട് അഴിഞ്ഞല്ലോ അല്ലേ..

80%
Awesome
  • Design

Comments are closed.