News in its shortest

എന്‍ഐഎ അന്വേഷണം മാകോലീബി സഖ്യം അട്ടിമറിക്കുമോ?

രഘു മട്ടുമ്മേല്‍

സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം എൻഐഎക്ക് വിട്ടിരിക്കുന്നു. ഈ തീരുമാനത്തെ കേരള ജനത സഹർഷം സ്വാഗതം ചെയ്യും. സംസ്ഥാന സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടതും ഇത്തരത്തിൽ ഒരന്വേഷണം തന്നെയാണ്. ഈ അന്വേഷണത്തിൽ യഥാർഥ പ്രതികളെ കണ്ടെത്തുമെന്ന് തൽക്കാലം നമുക്ക് പ്രതീക്ഷിക്കാം.

പക്ഷെ അതിനും മുമ്പ് കേരളത്തിലെ പ്രതിപക്ഷവും മുഖ്യധാരാ മാധ്യമങ്ങളും കാട്ടിക്കൂട്ടിയതും കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നതുമായ പേക്കൂത്തുകൾ ചർച്ച ചെയ്യാതെ പോകാനാകില്ല. തകർന്നടിഞ്ഞ പ്രതിപക്ഷത്തിന്, നിലയില്ലാക്കയത്തിൽ മുങ്ങിത്താണ് അവസാന ശ്വാസവും പോകുമെന്ന ഘട്ടത്തിലെത്തി നിൽക്കുന്ന പ്രതിപക്ഷത്തിന് ഓർക്കാപ്പുറത്ത് കിട്ടിയ പിടിവള്ളി മാത്രമാണിത്.

അതിന് മസാല ചേർക്കുവാൻ മാധ്യമങ്ങളുടെ ആവനാഴിയിലെ സർവ സന്നാഹങ്ങളും പ്രയോഗിക്കുകയുമാണ്. പക്ഷെ ഇതും വെറും പടുതിരികത്തൽ മാത്രമേ ആകൂ എന്ന് വസ്തുത പരിശോധിക്കുന്ന ഏതൊരാൾക്കും വ്യക്തമാകുന്ന കാര്യമാണ്.ചാനൽ ചർച്ചകളിൽ സി പി ഐ എമ്മിനെ നേരിടാൻ കോൺഗ്രസിൻ്റേയും ബി ജെ പിയുടേയും നേതാക്കളൊടൊപ്പം നിഷ്പക്ഷ വേഷം കെട്ടിയാടുന്ന സിപിഐ എം വിരുദ്ധരും അവർക്ക് എല്ലാ ഒത്താശയും ചെയ്യുന്ന വിനു, നിഷ, വേണു മാരും.

പക്ഷെ ഇവരെയെല്ലാം തികഞ്ഞ ആത്മവിശ്വാസത്തോടെ, ആർജവത്തോടെ, ചങ്കൂറ്റത്തോടെ നേരിട്ട് സത്യം ജനങ്ങളിലെത്തിക്കുന്നതിൽ വിജയിച്ചു സി പി ഐ എം പ്രതിനിധികൾ . എം ബി രാജേഷിനും എം സ്വരാജിനും എ എ റഹീമിനും മുന്നിൽ ചാനലുകളിലെ കോട്ടിട്ട ജഡ്ജിമാർ നിഷ്പ്രഭമായി. കാരണം സി പി ഐ എം പ്രതിനിധികൾക്ക് സത്യവും വസ്തുതകളും യാഥാർഥ്യങ്ങളുമാണ് പറയാനുണ്ടായിരുന്നത്.

എന്താണ് സ്വർണ്ണക്കള്ളക്കടത്തിലെ യഥാർഥ വസ്തുത?അതാർക്കും അറിയേണ്ടതില്ല. സ്വർണ്ണം ആര് അയച്ചു.ആർക്കു വേണ്ടി അയച്ചു? എങ്ങിനെ അയച്ചു. ഇതൊന്നുമല്ല അവരുടെ വിഷയം. അതിലൊരു സ്ത്രീ സംസ്ഥാന സർക്കാറിൻ്റെ ഐടി വകുപ്പിന് കീഴിലെ അസംഖ്യം പോജക്റ്റിന് കീഴിലെ ഒരു പ്രോജക്റ്റ് നടത്തുന്ന ഒരു സ്വകാര്യ ഏജൻസിയുടെ കീഴിൽ ആറ് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു. അതു കൊണ്ട് അവരെ ഐടി വകുപ്പിലെ ജീവനക്കാരിയാക്കി.

മാകോലീബി സഖ്യം………………………… സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം എൻഐഎക്ക് വിട്ടിരിക്കുന്നു. ഈ…

Posted by Raghu Mattummal on Thursday, 9 July 2020

ഐ ടി വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലാണ്. അതു കൊണ്ട് മുഖ്യമന്ത്രിക്ക് ബന്ധം. അതു കൊണ്ട് കള്ളക്കടത്തിന് പിന്നിൽ മുഖ്യമന്ത്രി. എങ്ങിനെയുണ്ട് കഥയുടെ പോക്ക്? തീർന്നില്ല. ഐ ടി സെക്രട്ടറിക്ക് ഈ വനിതയുമായി ബന്ധമുണ്ട്. ഐ ടി സെക്രട്ടറി മുഖ്യമന്ത്രിയുടെ വിശ്വസ്ഥനാണ്. അതു കൊണ്ട് മുഖ്യമന്ത്രിക്കും ബന്ധം.എന്തൊരു അസംബന്ധ കഥാ സൃഷ്ടികളാണിതൊക്കെ. വിവാദ വനിതയുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നപ്പോൾ തന്നെ ഒരു നിമിഷം പോലും കാത്തിരിക്കാതെ ഐ ടി സെക്രട്ടറിയെ മാറ്റി.

അപ്പോൾ പറയുന്നു അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളാതിരിക്കാനാണിതെന്ന് . ഐ ടി സെക്രട്ടറിയെ ബലിയാടാക്കിയെന്നും. ഇതിനെയൊക്കെ എന്താണ് വിശേഷിപ്പിക്കേണ്ടത്.?അതേ സമയം, ഈ വനിത എങ്ങിനെ തലസ്ഥാനത്ത് എത്തി? അവർ എങ്ങിനെ എയർ ഇന്ത്യ സാറ്റ്സിലെ തന്ത്രപ്രധാന പദവിയിൽ ജോലി നേടി.

ആരാണ് അവരെ അവിടേക്ക് ശുപാർശ ചെയ്തത്.? പിന്നീട് അവർ എങ്ങിനെ യുഎഇ കോൺസുലേറ്റ് ജനറലുടെ സെക്രട്ടറിയായി? അതിന് ആരാണ് ശുപാർശ ചെയ്തത്? കോൺസുലേറ്റ് ജനറലുടെ ഓഫീസ് ആരുടെ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. എന്തുകൊണ്ട് നേരത്തെ കണ്ടെത്തിയ വെള്ളയമ്പലത്തെ ഓഫീസിൽ നിന്നും മാറി ബിജെപി നേതാവിൻ്റെ ഓഫീസ് എടുത്തു? അപ്പോൾ വിവാദ വനിതയ്ക്കും യുഎഇ കോൺസുലേറ്റുമായി എല്ലാം ബന്ധം ആർക്കാണെന്ന് പറയേണ്ടതില്ലല്ലൊ? നമുക്ക് സ്വർണ്ണക്കടത്തിലേക്ക് വരാം.

സ്വർണ്ണക്കടത്ത് പിടിച്ച് രണ്ട് മണിക്കൂറിനകം ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ തിടുക്കപ്പെട്ട് വാർത്താ സമ്മേളനം നടത്തി. പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചുവെന്ന്. എന്തിനായിരുന്നു ഈ തിടുക്കം. കസ്റ്റംസ് ജോ. കമ്മീഷണർ അടുത്ത ദിവസം പറഞ്ഞു . മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് . ഉടൻ സുരേന്ദ്രൻ വാർത്താ സമ്മേളനം വിളിച്ച്‌ ആ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി വായടപ്പിച്ചു. പക്ഷെ പ്രതിയെ രക്ഷിക്കാൻ ഒരു ഫോൺ വിളി ഉണ്ടായെന്ന വിവരം പുറത്ത് വന്നു.

ആ വിളി ബിജെപി നേതാവ് ഹരിരാജിൻ്റേതായിരുന്നു. ഹരി രാജിൻ്റെ കാർ കാണാനില്ല. ആ കാറിലാണ് പ്രതികൾ മുങ്ങിയതെന്ന് സംശയിക്കുന്നു.അവിടെയും തീരുന്നില്ല. കൂട്ടുപ്രതികളിൽ ഒരാളുടെ പേര് സന്ദീപ് നായർ. ബി ജെ പി നേതാക്കളുമായി അടുത്ത ബന്ധം. തലസ്ഥാനത്തെ ബി ജെ പി കൗൺസിലറുടെ വലംകൈ .

കുമ്മനം രാജശേഖരനെപ്പോലുള്ള നേതാക്കളുടെ തോളോട് തോൾ ചേർന്ന് നടക്കുന്നയാൾ. നെടുമങ്ങാട് സി പി ഐ എം പ്രവർത്തകരെ അക്രമിച്ച കേസിലെ പ്രതി.ബി ജെപിയുമായും കൗൺസിലറുമായും ബന്ധം തുടങ്ങിയ ശേഷമുണ്ടായ അത്ഭുതാവഹമായ സാമ്പത്തിക ഉന്നതി.അവിടെയും തിരുന്നില്ല, പ്രതി സ്വപ്‌നക്ക് വേണ്ടി കേസ് വക്കാലത്തെടുത്തത് ഹിന്ദു എക്കണോമിക് ഫോറം എറണാകുളം ചാപ്‌റ്റർ പ്രസിഡൻ്റ്. ഒളിവിൽ കഴിയുന്ന സ്വപ്നക്ക് ഈ അഭിഭാഷകനെ ഇത്രയും വിശ്വസനീയമായി ബന്ധപ്പെടാൻ ഇടനിലക്കാരായി നിന്നത് ആരാണ്?

ഹിന്ദു എക്കണോമിക് ഫോറവുമായി ബന്ധമുള്ള ജ്വല്ലറി ഗ്രൂപ്പ് ഉടമയുമായി ഇവർക്കുള്ള ബന്ധമെന്ത്? ഇപ്പോൾ ബി ജെ പി നേതാക്കൾ പറയുന്നു ജ്വല്ലറിയിലേക്കല്ല സ്വർണ്ണം കൊണ്ടുവന്നതെന്ന്? അത് ആരെ രക്ഷിക്കാനാണ്? മൂന്ന് ദിവസം മിണ്ടാതിരുന്ന കേന്ദ്ര സഹമന്ത്രി നാലാം ദിവസം വാ തുറന്നതെന്തിന്? ആ ബാഗേജ് ഡിപ്ളോമാറ്റ് ബാഗേജ് അല്ലെന്ന് പറയാൻ. അന്വേഷണം പ്രാഥമിക ഘട്ടം പോലും കടക്കും മുമ്പ് കേന്ദ്ര മന്ത്രി എന്തിന് ഈ മുൻകൂർ ജാമ്യമെടുത്തു.

അവിടെയും തീരുന്നില്ല കഥകൾ. പ്രതി സ്വപ്ന ഒളിവിലാണ്. അവരെ പിടികൂടാൻ ഇതുവരെയും കസ്റ്റംസിനായില്ല. എന്തുകൊണ്ടാണത്? എന്തുകൊണ്ട് അതിന് അവർ കേരള പോലീസിൻ്റെ സഹായം തേടുന്നില്ല? കാരണം അവർ കുറച്ചു കാലം കൂടി ഒളിവിൽ കഴിയേണ്ടത് കേന്ദ്ര ഭരണത്തിലെ ചിലർക്ക് അത്യാവശ്യമാണെന്നല്ലേ കണക്കാക്കേണ്ടത്.?ഇനി പ്രതിപക്ഷത്തിൻ്റെ കാര്യമോ? കസ്റ്റംസ് ചോദ്യം ചെയ്തത് ഒരു ലീഗ് നേതാവിൻ്റെ മകനെയാണ്.

കൊറോണക്കാലത്ത് ലീഗ് സംഘടന കെ എം സി സി കുറെ ചാർട്ടേഡ് ഫ്ളെറ്റ് പറപ്പിച്ചല്ലൊ? അതിൽ പലതിൽ നിന്നും പിടികൂടിയത് കള്ളക്കടത്ത് സ്വർണ്ണമായിരുന്നല്ലൊ? രാഷ്ട്രീയത്തിൽ മാത്രമല്ല രാഷ്ട്ര വിരുദ്ധ പ്രവർത്തനമായ കള്ളക്കടത്തിൽ വരെ ഈ കോലീബി സഖ്യമാണ് കാണുന്നത്. ആ കൊള്ള സംഘത്തെ തുറന്നു കാട്ടാതിരിക്കാനും കോലീബി സഖ്യം ഒരു മെയ് ആണ്.

അവരോടൊപ്പം ഒട്ടി നിൽക്കുകയാണ് മാമാ മാധ്യമങ്ങൾ. അതു കൊണ്ട് ഇനി മുതൽ ഈ അവിശുദ്ധ സഖ്യത്തെ മാകോലീബി എന്ന് വിളിക്കാം. എൻഐ ഐ അന്വേഷിക്കുമ്പോൾ യഥാർഥ വസ്തുതകൾ പുറത്തു വരുമോ? അതോ ഈ അന്വേഷണത്തെയും അട്ടിമറിക്കാൻ മാ കോ ലിബി ഇടപെടുമോ? കാത്തിരുന്ന് കാണാം.

Comments are closed.