News in its shortest

പോണോഗ്രാഫിയിലെ സാങ്കേതിക വിദ്യ ദല്‍ഹിയില്‍ പ്രചാരണത്തിന് ഉപയോഗിച്ച് ബിജെപി

ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഫെബ്രുവരി ഏഴിന് ബിജെപി പ്രസിഡന്റ് മനോജ് തിവാരി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രണ്ട് വീഡിയോകള്‍ വാട്‌സ്ആപ്പില്‍ ഇറങ്ങി. രണ്ടും വൈറലായി. ഒന്നില്‍ തിവാരി ഇംഗ്ലീഷില്‍ സംസാരിച്ചപ്പോള്‍ രണ്ടാമത്തേതില്‍ അദ്ദേഹം ഹര്യാന്‍വി ഹിന്ദി സംസാരിച്ചു.

വാഗ്ദാനങ്ങള്‍ പാലിക്കാതെ കെജ്രിവാള്‍ ദല്‍ഹി ജനതയെ പറ്റിച്ചു. അതിനാല്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഫെബ്രുവരി എട്ടിന് താമര ചിഹ്നത്തില്‍ അമര്‍ത്തുക എന്നതായിരുന്നു വീഡിയോയിലെ ആഹ്വാനം. 44 സെക്കന്റുകള്‍ നീളമുള്ള ഈ വീഡിയോ സാധാരണമല്ലേയെന്ന് ആരും ചിന്തിച്ച് പോകും. എന്നാല്‍ ഈ വീഡിയോകള്‍ യഥാര്‍ത്ഥമായിരുന്നില്ല. വ്യാജമായിരുന്നു.

ദൃശ്യ, ശ്രാവ്യ കണ്ടന്റുകളെ മാനിപ്പുലേറ്റ് ചെയ്ത് യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കും വിധമുള്ള കണ്ടന്റുകള്‍ നിര്‍മ്മിക്കുന്ന ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ വീഡിയോകള്‍ നിര്‍മ്മിക്കുന്നത്. ഹോളിവുഡ് സിനിമകളിലെ മുഖ അനിമേഷനുകളെ പോലെയുള്ള ഒന്ന്. 2017-ലാണ് ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കപ്പെടുന്നത്. ഈ വിദ്യ കുപ്രസിദ്ധി ആര്‍ജ്ജിച്ചത് പോണ്‍ വീഡിയോ നിര്‍മ്മാണ രംഗത്താണ്. നിലവിലെ പോണോഗ്രാഫി വീഡിയോകളിലെ അഭിനേതാക്കള്‍ക്ക് മറ്റ് സെലിബ്രിറ്റികളുടെ മുഖം നല്‍കി വ്യാജ വീഡിയോകള്‍ ഇറക്കുന്നതിനാണ് ഡീപ്‌ഫേക്ക് ഉപയോഗിക്കപ്പെട്ടത്.

ഇന്നിപ്പോള്‍ രാഷ്ട്രീയ രംഗത്തേക്കും ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ കടന്ന് വന്നു. ബിജെപി ഇറക്കിയ വീഡിയോ ദല്‍ഹിയിലെ 5,800 വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് ഷെയര്‍ ചെയ്തത്. 15 മില്ല്യണ്‍ ആളുകളില്‍ ഈ വീഡിയോകള്‍ എത്തി.

ദല്‍ഹിയിലെ കുടിയേറ്റ തൊഴിലാളികള്‍ ആംആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നത് തടയുന്നതിനാണ് ബിജെപി ഈ ഹര്യാന്‍വി ഹിന്ദിയിലെ വീഡിയോ ഇറക്കിയത്. ഈ വിഭാഗത്തിലെ സ്ത്രീകള്‍ സ്വാധീനിക്കപ്പെട്ടുവെന്ന് ബിജെപിക്കുവേണ്ടി ഡീപ്‌ഫേക്ക് വീഡിയോ തയ്യാറാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ബിജെപി നേതാവ് ബക്ഷി പറയുന്നു. അവരുടെ ഭാഷയില്‍ ഒരു നേതാവ് സംസാരിച്ചത് സ്ത്രീകള്‍ക്ക് ഇഷ്ടമായി. ഇംഗ്ലീഷിലെ വീഡിയോ ദല്‍ഹിയിലെ വരേണ്യ വിഭാഗത്തെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.

ഹര്യാന്‍വി ശൈലി അറിയാവുന്ന ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കൊണ്ട് സംസാരിപ്പിച്ചശേഷം അത് ലിപ് സിങ്ക് ഡീപ്‌ഫേക്ക് അല്‍ഗോരിതം ഉപയോഗിച്ച് മറ്റൊരു വീഡിയോയുമായി ചേര്‍ക്കുകയായിരുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: വൈസ്.കോം

Comments are closed.