News in its shortest

ആകാശത്തിന്റെ കണ്ണാടിയിലേക്കൊരു സ്വപ്‌ന യാത്ര

ഒരു കൊട്ടാരത്തിൽ രാജകീയമായി അന്തിയുറങ്ങുക എന്ന ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ ആനന്ദത്തിലാണ്‌ ഞാൻ. ഹൈദരാബാദിലെ ഫലക്നുമ പാലസിലാണ്‌ ഒരു രാത്രി തങ്ങാനായത്. കിയയുടെ ഏറ്റവും പുതിയ വാഹനമായ കാർണ്ണിവലിന്റെ മീഡിയ ഡ്രൈവിനായായിരുന്നു ഇവിടെ എത്തിയത്.

1893ൽ ആണ്‌ ഏതാണ്ട് പത്തോളം വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ ഫലക്നുമ കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയാവുന്നത്. അന്നത്തെ ഹൈദരാബാദ് പ്രധാനമന്ത്രിയായിരുന്ന നവാബ് സർ വികാർ ഉൾ ഉമ്രയാണ്‌ കോടികൾ ചിലവിട്ട് ഈ മനോഹരമന്ദിരം പണികഴിപ്പിച്ചത്.

കൊട്ടാരം വാസയോഗ്യമായശേഷം നവാബ് അന്നത്തെ ഹൈദരാബാദ് നിസാമായിരുന്ന മിർ മഹ്ബൂബ് അലി ഖാനെ ഏതാനും ദിവസം അവിടെ താമസിക്കുവാനായി ക്ഷണിക്കുകയുണ്ടായി. നിസാമിനാവട്ടെ കൊട്ടാരം ‘ക്ഷ’ ബോധിച്ചു. അദ്ദേഹം ഏതാണ്ട് ഒരുമാസത്തോളം അവിടെ താമസിച്ചു. തന്റെ മന്ദിരത്തോടുള്ള നിസാമിന്റെ പ്രിയം മനസിലാക്കിയ നവാബ് അത് അദ്ദേഹത്തിനു കാഴ്ചവയ്ക്കുകയുണ്ടായി. എന്നാൽ നവാബിന്റെ സാമ്പത്തികസ്ഥിതി ബോധ്യമുണ്ടായിരുന്ന നിസാം കൊട്ടാരം വെറുതെ വാങ്ങാൻ തയ്യാറായില്ല. അന്നത്തെ ഏതാണ്ട് 20 ലക്ഷത്തോളം രൂപയ്ക്കാണ്‌ അദ്ദേഹം ഫലക്നുമയെ സ്വന്തമാക്കിയത്.

അതിസുന്ദരമാണ്‌ ഫലക്നുമ. ഒരു ചെറിയ മലയുടെ മുകളിലായാണ്‌ 1,011,500 ചതുരശ്ര അടി വിസ്താരത്തിൽ ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്. ഒരു തേളിന്റെ ആകൃതിയാണ്‌ ഇതിനെന്നാണ്‌ രേഖകൾ പറയുന്നത്. സഞ്ചാരപ്രിയനായിരുന്ന നവാബ് താൻ കണ്ട ലൌകിക മനോഹാരിതകളൊക്കെയും തന്റെ കൊട്ടാരത്തിൽ കൊണ്ടുവരാൻ ശ്രമിച്ചതിനാലാവണം അക്കാലത്തെ പല അന്താരാഷ്ട്ര വാസ്തുശൈലികളും ഫലക്നുമയുടെ അകത്തളങ്ങളിൽ കണ്ടെത്താം. ശില്പഭംഗിയുള്ള ചുവരുകളും മനോഹരമായ നീളൻ ഇടനാഴികളുമൊക്കെ സുലഭം. വില്യം വാർഡ് മാരെറ്റ് എന്ന ഇംഗ്ലീഷ് ആർക്കിടെക്റ്റാണ്‌ ഫലക്നുമ ഡിസൈൻ ചെയ്തത്.

തന്നെ കാണാൻ വരുന്ന അതിവിശിഷ്ട അതിഥികളെ താമസിപ്പിക്കുവാൻ ആണ്‌ നിസാം ഫലക്നുമ ഉപയോഗിച്ചത്. സാർ നിക്കോളാസ് രണ്ടാമനും ക്വീൻ മേരിയും ഡോക്ടർ രാജേന്ദ്ര പ്രസാദുമൊക്കെ പല കാലങ്ങളിലായി ഇവിടെ താമസിച്ചിട്ടുണ്ട്. (ദേ ഇപ്പൊ ഈ ഞാനും!)

അങ്ങനെ ചരിത്രപ്രാധാന്യമുള്ള ഈ കൊട്ടാരം 2000ൽ ആണ്‌ താജ് ഗ്രൂപ്പ് ലീസിനെടുക്കുന്നത്. ശേഷം നീണ്ട 10 വർഷത്തെ കഠിന പ്രയത്നത്തിലൂടെ സമഗ്രമായി നവീകരിക്കുകയും കാലികപ്രസക്തിയുള്ള സൗകര്യങ്ങൾ കൂട്ടിച്ചേർത്ത് ഒരു ലക്ഷണമൊത്ത ആഡംബരഹോട്ടലാക്കി മാറ്റുകയും ചെയ്തു. 2010ൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ച ഇവിടം ലക്ഷ്വറി ടൂറിസത്തിൽ തത്പരരായ സഞ്ചാരികളുടെയും മറ്റും ഇഷ്ട ഡെസ്റ്റിനേഷനുകളിൽ ഒന്നുകൂടിയാണിന്ന്. അറുപതോളം റൂമുകളുണ്ട് ഇവിടെ. ഇതിൽ 15 എണ്ണം സ്വീറ്റ് റൂമുകളാണ്‌. ഇവ തന്നെ അഞ്ച് വ്യത്യസ്ത തരമുണ്ട്. ‘പാലസ് റൂമുകൾ’ എന്നറിയപ്പെടുന്ന ബാക്കി 45 എണ്ണത്തിലൊന്നിലായിരുന്നു ഞാൻ താമസിച്ചത്. 52,000 രൂപ മുതൽ 7.8 ലക്ഷം വരെ ആണ്‌ ഞാൻ ഇത് എഴുതുമ്പോൾ ഉള്ള ഇവിടുത്തെ ചാർജുകൾ.

എന്തിനാണിത്രയും പൈസ എന്നാണോ? ഒന്ന് ആലോചിച്ചുനോക്കൂ, ചരിത്രപ്രാധാന്യമുള്ള ഒരു രാജമന്ദിരത്തിൽ രാജാവിനെപ്പോലെ വിശ്രമിക്കാം… മുക്കിലും മൂലയിലും നിറയുന്ന ശില്പഭംഗിയും പോയകാലത്തിന്റെ തിരുശേഷിപ്പുകളും ആവോളം ആസ്വദിക്കാം… പ്രൗഢമായ താമസവും ഭക്ഷണവും ഉദ്യാനവും പൂളും അടക്കമുള്ള സൗകര്യങ്ങളും… മൊത്തത്തിലുള്ള ഈ എക്സ്‌പീരിയൻസിനാണ്‌ നിങ്ങൾ പൈസ മുടക്കുന്നത്. ഇത് തന്നെയാണ്‌ ഇവരുടെ യുഎസ്‌പിയും!

മെയിൻ റോഡിൽ നിന്നും അല്പം മാറിയുള്ള പ്രധാന കവാടത്തിൽ നിന്നും രണ്ടു ചുള്ളൻ കുതിരകളെ (റാമും ശ്യാമുമത്രെ!) പൂട്ടിയ രഥത്തിലാണ്‌ ഞങ്ങൾ കൊട്ടാരത്തിൽ എത്തുന്നത്. ഇരു വശങ്ങളിലും വെണ്ണക്കല്ലിൽ തീർത്ത കോണിപ്പടികളുള്ള കൂറ്റൻ കെട്ടിടം എന്റെ മുന്നിൽ തലയുയർത്തി നിന്നു. നിസാമിന്റെ കാലത്തേതു പോലെ, ഇടതുവശത്തെ കോണിപ്പടികൾ മുകളിലേക്കു കയറാനും വലതുവശത്തേത് താഴേക്കിറങ്ങാനും ആണത്രെ ഉപയോഗിക്കുക. ഇതേ ചിട്ടയും പ്രൗഢിയുമൊക്കെ ഫലക്നുമയുടെ ഓരോ കോണിലും കണ്ടെത്താം.കോണിപ്പടികൾ കയറുമ്പോൾ അതാ മുകളിൽ നിന്നും പുഷ്പവൃഷ്ടി! വീഴ്ചയിലും വളരെ നന്നായി പാതയെ അലങ്കരിച്ച റോസാ പൂവിതളുകളെ നിർദയം ചവിട്ടി ഞെരിച്ചുകൊണ്ട് മുകളിലേക്ക്…

ഫലക്നുമ എന്ന വാക്കിന്‌ ഉറുദുവിൽ ‘ആകാശത്തിന്റെ കണ്ണാടി’ എന്നാണ്‌ അർത്ഥം. ഇറ്റാലിയൻ മാർബിളിൽ നിർമ്മിച്ചതിനാലാവാം ഈ പേരുവന്നത്. താജ് ഗ്രൂപ്പ് കയ്യടി അർഹിക്കുന്നത് ഈ കൊട്ടാരത്തെ അതിന്റെ ഒറിജിനലിനോടു നീതിപുലർത്തുംവിധം നവീകരിച്ചതിനാണ്‌. വൈദ്യുതി കൊണ്ടുവന്നു എന്നതാവണം ഇവർ ആദ്യം ചെയ്ത കാര്യം. ഇങ്ങനെ ചെയ്യുമ്പോഴും പരമാവധി ഘടകങ്ങൾ ഒറിജിനൽ ആക്കി സൂക്ഷിക്കാനും പ്രൗഢിയും പഴമയും നിലനിത്തുവാനും ശ്രമിച്ചിട്ടുണ്ട്.

ഉള്ളിൽ അദ്ഭുതങ്ങൾ അനേകമുണ്ട്. റിസപ്ഷൻ മുറിയുടെ സീലിങ്ങിലെ ഫ്രെസ്കോകൾ (ഈർപ്പം മാറാത്ത പ്ലാസ്റ്ററിൽ ചെയ്യുന്ന മ്യൂറൽ പെയിന്റിങ്ങുകൾ) മുതൽ ബോൾറൂമിലെ രണ്ടു ടണ്ണോളം ഭാരം വരുന്ന ഓർഗൺ വരെ ഇവയിൽ പെടും. അകത്തേക്കു നീങ്ങുമ്പോൾ വാൾനട്ടിൽ തീർത്ത റൂഫോടുകൂടിയ വലിയ ഗ്രന്ഥപ്പുര കാണാം. അവിടവിടെയായി മനോഹരങ്ങളായ ഷാൻഡലിയറുകളും സ്ഥാനം പിടിച്ചിട്ടുണ്ട്.

ആധുനികതയും പഴമയും മനോഹരമായി സമ്മേളിക്കുകയാണ്‌ റൂമുകളിലെല്ലാം. പാലസ് റൂമുകളിൽ പോലും പ്രൗഢി നിറയുന്നുണ്ട്. പഴമ തോന്നിക്കുമ്പോഴും ടിവിയും കണക്റ്റിവിറ്റി ഓപ്ഷനുകളും അടക്കം അവശ്യം വേണ്ട കാര്യങ്ങൾ എല്ലാമുണ്ടിവിടെ. സ്വീറ്റ് റൂമുകളിൽ ആഡംബരങ്ങൾക്ക് അതിരില്ല. പ്രസിഡൻഷ്യൽ സ്വീറ്റിൽ പ്രൈവറ്റ് പൂൾ അടക്കം അനവധി കണ്ണഞ്ചിപ്പിക്കുന്ന സൗകര്യങ്ങളുണ്ട്…

ഫലക്നുമയുടെ ബില്യാർഡ്സ് റൂമിൽ കാണുന്നതുപോലുള്ള ഒരു ബില്യാർഡ്സ് ബോർഡ് കാണണമെങ്കിൽ ബെക്കിങ്ങ്‌ഹാം പാലസിൽ പോകേണ്ടി വരും, കാരണം ഇത്തരം ആകെ രണ്ടെണ്ണം മാത്രമാണ്‌ ഇംഗ്ളണ്ടിലെ ബറോഹ്സ് & വാട്ട്സ് നിർമ്മിച്ചിട്ടുള്ളത്.

തിരികെ പോരുന്നതിനു മുൻപ് ഞാൻ അവസാനമായി പോയത് ഇവിടത്തെ 101 ഡൈനിംഗ് ഹാളിലേക്കായിരുന്നു. സ്വപ്നതുല്യമായ ആമ്പിയൻസിൽ 101 പേർക്ക് ഒരേസമയം ആഹരിക്കാവുന്ന വലിയ തീന്മേശയുണ്ടിവിടെ. നവാബിനും താജിനും സ്തുതി, ഇത്രയും മനോഹരമായ ഒരു മന്ദിരം യാഥാർത്ഥ്യമാക്കിയതിന്‌…

|| നീരജ് പദ്മകുമാര്‍: വാഹനങ്ങളെയും യാത്രകളെയും അളവറ്റു സ്നേഹിക്കുന്ന സാധാരണക്കാരൻ | www.vroomhead.com മുതലാളി | ട്രാവൽ ഫോട്ടോഗ്രാഫർ | സഞ്ചാരി ||

Comments are closed.