News in its shortest

നായരുടെ നാറ്റമുള്ള കുമ്പസാരവും മിസ്റ്റര്‍ ജോണി ലൂക്കോസിന്റെ കൊലച്ചിരിയും

പ്രജോഷ് കുമാര്‍ സി

നിഷ്പക്ഷരെ, ഇതിലേ… ഇതിലേ..

നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്ന ഒന്നുണ്ടോ? മാധ്യമ പ്രവർത്തന രംഗത്ത് എത്തിയ കാലം തൊട്ട് അന്വേഷിക്കുന്നതാണ്. കുട്ടികൃഷ്ണമാരാർ പറഞ്ഞ ഉത്തരമാണ് എന്നും കിട്ടിയത്. നിഷ്പക്ഷത വെറും നാട്യമാണ്. പറഞ്ഞു വരുന്നത് കേരളത്തിലെ രാഷ്ട്രീയ ചിത്രമാണ്. ഇടതുപക്ഷം ചരിത്ര വിജയം നേടിയിട്ടും അത് അംഗീകരിക്കാൻ ഇപ്പോഴും ‘നിഷ്പക്ഷ ‘ വലതുപക്ഷക്കാർക്ക് സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് നുണകൾക്ക് അച്ചടിമഷി പുരട്ടിയും ചാനൽ മുറികളിൽ വിഷം വമിച്ചും ഇടതുപക്ഷത്തെ കൊന്നു തിന്നവർക്ക് അരിശം തീർന്നിട്ടില്ല. ആവനാഴിയിൽ ഒടുങ്ങാത്ത അസ്ത്രങ്ങൾക്ക് മൂർച്ച കൂട്ടുകയാണെന്ന കാര്യത്തിൽ സംശയലേശമില്ല.

നായരുടെ നാറ്റമുള്ള കുമ്പസാരം 😎

മലയാള മനോരമ കഴിഞ്ഞ അഞ്ച് വർഷം (പ്രത്യേകിച്ചും അവസാനത്തെ ഒരു വർഷം) അച്ചടിച്ച വാർത്തകൾ നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിൻ്റെ സ്റ്റഡി മെറ്റീരിയലായി ഉപയോഗിക്കാവുന്നതാണ്. അർധ സത്യങ്ങളും പച്ച നുണകളും അനുദിനം പ്രസരിപ്പിച്ച മനോരമയിലെ സുജിത് നായർ ഫല പ്രഖ്യാപനത്തിന് ശേഷം തൻ്റെ മകളു പോലും ഇടതുപക്ഷക്കാരിയായെന്ന് കുമ്പസരിക്കുന്നു. സ്വന്തം മകളെ വിശ്വസിപ്പിക്കാനാവാത്ത നുണകളാണ് അദ്ദേഹം ഇത്രയും കാലം പടച്ചുണ്ടാക്കിയതെന്ന് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കേണ്ടി വരുന്നു. ഇരുപത് ലക്ഷം അച്ചടിക്കുന്ന മുത്തശ്ശി പത്രത്തിൻ്റെ ഈ വിശ്വാസ്യരാഹിത്യത്തിന് കൂടിയാണ് ജനം വിധിയെഴുതിയത്. അത് തിരിച്ചറിഞ്ഞാൽ റബ്ബർ പാലിൻ്റെ മൂല്യം കുടും.

മിസ്റ്റർ ലൂക്കോസ്. ആ ചിരിയുണ്ടല്ലോ, കൊലച്ചിരി😆

സർവ്വെ നടത്തി മട്ടന്നൂരിൽ കെ കെ ശൈലജ ടീച്ചറെയും ഉടുമ്പൻചോലയിൽ എം എം മണിയെയും തോൽപ്പിക്കാൻ മനോരമ ചാനൽ നടത്തിയ നെറികെട്ട രാഷ്ട്രീയമുണ്ടല്ലോ, വിമോചന സമര കാലത്തിൻ്റെ പിന്തിരിപ്പൻ വലതുപക്ഷ സവർണ പിന്തിരിപ്പൻ ജാതി-മത രാഷ്ട്രീയം. അതിനെയാണ് കേരള ജനത ആറടി മണ്ണിൽ കുഴിച്ചുമൂടിയത്. ചാനൽ മുറിയിലിരുന്ന് ഇടതുപക്ഷ സ്ഥാനാർഥികളെ തോൽപ്പിക്കുമ്പോൾ ജോണി ലൂക്കോസിൻ്റെ മുഖത്ത് വിടർന്ന പുഞ്ചിരിയാണ് കേരളത്തിലെ മലീമസ രാഷ്ട്രീയത്തിൻ്റെ പാഠപുസ്തകം. പത്രപ്രവർത്തക ചരിത്രം പഠിക്കുന്ന പുതിയ തലമുറ ആ ചിരിക്കു മുകളിൽ കാർക്കിച്ച് തുപ്പും.

മാതൃഭൂമി തെറ്റ് തിരുത്തണം😷

കുറച്ചു കാലമായി സംഘപരിവാറിൻ്റെ വാക്കും നാവുമായി പ്രവർത്തിക്കുന്ന മാതൃഭൂമി ദിനപത്രവും ചാനലും ഇനിയെങ്കിലും തെറ്റ് തിരുത്തണം. ദേശീയ സ്വാതന്ത്ര്യ സമരത്തിന് ചൈതന്യം പകർന്ന മഹിത പാരമ്പര്യം വീണ്ടെടുക്കണം. അല്ലാത്ത പക്ഷം കാലം നിങ്ങളെ ചവറ്റുകുട്ടയിൽ തള്ളും.

പ്ലീസ്, അൽപ്പം ശുദ്ധവായു കടത്തിവിടണം🤧

കോട്ടിട്ട ചാനൽ ജഡ്ജിമാരോട് ഒന്നേ പറയാനുള്ളൂ, നിങ്ങളിനിയും കേരളത്തിൻ്റെ മതനിരപേക്ഷ മനസിനെ മലീമസമാക്കരുത്. ജനങ്ങൾ അടിമുടി തിരസ്ക്കരിച്ച സംഘപരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തിന് ചാനൽ മുറിയിൽ ഇരിപ്പിടം നൽകരുത്. ഏത് ചരച്ചയ്ക്കും ആ വിഷയത്തിൽ അഭിപ്രായം പറയാൻ കാര്യപ്രാപ്തിയും വിവേകവുമുള്ളവരെ മാത്രം ക്ഷണിച്ചിരുത്തുക. അറിവിൻ്റെ നിറകുടമാണെന്ന ജാഡ മാറ്റി വച്ച് ചാനൽ മുറികളിൽ ജനാധിപത്യത്തിൻ്റെ ശ്വാസവായു കടത്തിവിടുക. അത് നിങ്ങൾക്കും ഭാവി കേരളത്തിനും നൽകുന്ന ഊർജം ചെറുതാകില്ല. ഇടതുപക്ഷമുൾപ്പെടെ എല്ലാ പക്ഷങ്ങളെയും നിർദയം, നിരന്തരം വിമർശിക്കുക. പക്ഷമില്ലാത്തവരുടെ പക്ഷമാകാൻ ശ്രമിക്കുക. അല്ലെങ്കിൽ കാലം നിങ്ങൾക്ക് കരുതി വച്ചത് ഇതിനേക്കാൾ വലുതാണ്.

(പ്രജോഷ് കുമാര്‍ സി ഫേസ്ബുക്കില്‍ കുറിച്ചത്)

നായരുടെ നാറ്റമുള്ള കുമ്പസാരവും മിസ്റ്റര്‍ ജോണി ലൂക്കോസിന്റെ കൊലച്ചിരിയും
80%
Awesome
  • Design

Comments are closed.