News in its shortest

സ്വപ്നം പോലെ ഈ സിനിമ നിങ്ങളെയും തേടിയെത്തും

റോഷന്‍ പി എം

നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലെ മേഘക്കീറുകള്‍ പോറിയ നീലാകാശത്തിന് കുറുകെ ഒരു മഴവില്ല്. ആ മഴവില്‍ പാലത്തിലൂടെ നിരനിരയായി നീങ്ങുന്ന ആനയും, മാനും, പാമ്പും, ചെമ്പോത്തും, കങ്കാരുവും അടങ്ങുന്ന പക്ഷിമൃഗാദികള്‍… ഞാന്‍ കണ്ടിട്ടുള്ളൊരു സ്വപ്നമാണിതു. യുക്തി ഉറങ്ങുമ്പോഴാണ് നമ്മള്‍ സ്വപ്നം കാണുക. കഞ്ചാവ് വലിക്കുപ്പോഴല്ലേ എന്ന ചോദ്യം മുന്‍കൂറായി റദ്ദ് ചെയ്യുന്നു.

മഴവില്ലിന് മുകളിലൂടെ ആന എങ്ങിനെ നടക്കാനാണ്!, കങ്കാരു ഉള്ളതങ്ങ് ഓസ്ട്രേലിയയിലല്ലേ!, വെള്ളച്ചാട്ടം മുറിച്ച് കടക്കാന്‍ ചെമ്പോത്തിനു പറന്നാല്‍ പോരേ!, കേരളത്തില്‍ എവിടെയാടോ ഇതിനു മാത്രം പട്ടാണി വേഷം കെട്ടിയ സൂഫികളും മുസ്ലിങ്ങളും! ചിന്താശേഷിയെ ഉറക്കികിടത്തിയില്ലെങ്കില്‍ ഇത്തരം യുക്തിസഹമായ ചോദ്യംചെയ്യലുകള്‍ സ്വപ്നം കാണാന്‍ നിങ്ങളെ അനുവദിക്കില്ല. സൂസു അഥവാ സൂഫിയും സുജാതയും, സ്വപ്നം പോലൊരു സിനിമയാണ്.

സ്വപ്നം കാണുമ്പോള്‍ എന്താണ് സംഭവിക്കുക? ഒന്നുകില്‍ സ്വപ്നത്തിനിടയില്‍ നമ്മള്‍ ഉറക്കത്തിലേക്ക് വീണ്ടും വഴുതിവീഴും. അതല്ലെങ്കില്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയെണീക്കും. ആ ഞെട്ടലൊന്നു ശമിക്കുമ്പോള്‍ വീണ്ടും ഉറങ്ങാന്‍ ശ്രമിക്കും. ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ കുറച്ചു വെള്ളം കുടിക്കുകയോ, മൂത്രമൊഴിക്കുകയോ ചെയ്തിട്ട് വീണ്ടുമുറങ്ങാന്‍ ശ്രമിക്കും. കണ്ട സ്വപ്നത്തിന്‍റെ ഭീകരതയാണ് അനന്തരഫലത്തെ നിര്‍ണ്ണയിക്കുന്നത്, അതാവട്ടെ തികച്ചും വ്യക്തിഗതവും. അതുകൊണ്ടു സൂസു നിങ്ങളിലുണ്ടാക്കുന്ന ആഘാതത്തെ കുറിച്ചു തീര്‍പ്പുകല്‍പ്പിക്കാന്‍ ഞാനാളല്ല. ഉറക്കത്തിലേക്ക് വഴുതിവീണവര്‍ ഭാഗ്യവാന്മാര്‍ എന്നു മാത്രം പറയാം.

സ്വപ്നം കാണണോ എന്നതു സ്വപ്നദര്‍ശിയുടെ തിരഞ്ഞെടുപ്പല്ല. അതവന്‍റെ നിയന്ത്രണങ്ങള്‍ക്കും, ഇച്ഛകള്‍ക്കും അപ്പുറത്ത് സംഭവിക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ കണ്ടുപോയി എന്ന തെറ്റിന് പ്രേക്ഷകനെ കുറ്റപ്പെടുത്താനാവില്ല. നാളിതുവരെ പറന്നു നടന്നിരുന്ന മനുഷ്യര്‍ വീട്ടിലടച്ചിരിക്കാന്‍ വിധിക്കപ്പെട്ട ഈ കെട്ടകാലത്ത്, സിനിമ നിങ്ങളെ തേടി സ്വീകരണമുറിയിലെത്തുമ്പോള്‍… പ്രേക്ഷകന്‍ നിസ്സഹായനാണ്. ഇവിടെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാനോ, നിഷേധിക്കാനോ ഉള്ള അവസരമില്ല. സമയമാവുമ്പോള്‍ അനുഭവിക്കുക, അതേയുള്ളൂ വഴി.

സ്വപ്നം പോലൊരു സിനിമ എന്നു പറയുമ്പോള്‍, അതിനെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ട, ഏതാണ്ടൊക്കെ എന്നേ ഉദ്ദേശിച്ചുള്ളൂ. ഉദാഹരണത്തിനു, സംഗീതത്തിന്‍റെ ഉപദ്രവം എന്‍റെ സ്വപ്നങ്ങളില്‍ ഉണ്ടാവാറില്ല. ഇതാവട്ടെ സംഗീതസാന്ദ്രമായ ഒരു സിനിമയാണ്. പാട്ടു സീനുകള്‍ ഫാസ്റ്റ് ഫോര്‍വേഡു ചെയ്യാനുള്ള സൌകര്യമൊരുക്കി തന്ന ആമസോണ്‍ പ്രൈമിന് ഒരായിരം നന്ദി.

സൂഫിയും സുജാതയും അഥവാ സൂസു —————————————————നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലെ…

Posted by Roshan PM on Friday, 3 July 2020

ഈ സിനിമയിലെ സൂഫിയേയും സുജാതയേയും എനിക്കത്ര പരിചയം പോര. ഏതാണ്ട് ഉണ്ണി മുകുന്ദനെ പോലിരിക്കും നമ്മുടെ സൂഫി. ഇതുകേട്ട് നിങ്ങള്‍ ഭയവിഹ്വലരാവരുത്, ആള്‍ക്ക് അത്യാവശ്യം അഭിനയിക്കാനൊക്കെ അറിയാം. ശോഭനക്ക് ദീപികാ പദുക്കോണില്‍ ഉണ്ടായ പോലൊരു സുജാത. ശോഭനയെ പോലെ, മിക്കവാറും നര്‍ത്തകിമാരെ പോലെ… സുജാതയും അഭിനയത്തില്‍ ഇത്തിരി അധികം ഓവറാണ്.

പക്ഷേ കുട്ടിയുടെ നൃത്തം കൊള്ളാം, പ്രത്യേകിച്ചു ബാങ്കിനൊപ്പിച്ച് ചുവടു വെക്കുന്ന സീനൊക്കെ ഉസാറായിരുന്നു. സുജാതയുടെ ഭര്‍ത്താവിന്‍റെ കഥാപാത്ര സൃഷ്ടി കൊള്ളാം, ജയസൂര്യ അതു മോശമാക്കിയില്ല. വളരെ പുതുമയുള്ള ഒരു വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്, എന്താണെന്നല്ലേ “പ്രണയം”!!! കഥയില്‍ എന്തിരിക്കുന്നു, കഥ പറയുന്ന രീതിയിലാണ് കാര്യമെന്നാണോ? ശരിയാണ് പ്രണയ സിനിമകളിലെ ചില ക്ലീഷേകള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ വിട്ടുപോയിട്ടുണ്ട്.

അങ്ങിനെ ആകെമൊത്തം നോക്കിയാല്‍… മോഡിയോട് പോലും കാണാന്‍ നിര്‍ദ്ദേശ്ശിക്കാന്‍ പാടില്ലാത്തൊരു കുഞ്ഞു സിനിമയാണിതു. പക്ഷേ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, നിങ്ങളെത്ര വേണ്ടെന്ന് ആഗ്രഹിച്ചാലും… സ്വപ്നം പോലെ ഈ സിനിമ നിങ്ങളെയും തേടിയെത്തും. കൊറോണയില്‍ നിന്നും മോചിതരാവന്‍ ഇനിയും മാസങ്ങള്‍ എടുത്തേക്കുമെന്നാണ് വിദഗ്ദ്ധമതം, കീപ്പ് കാം ആന്‍ഡ് ബി റെഡി ഫോര്‍ ദി വേഴ്സ്റ്റു. ജയ് ഹിന്ദ്.

Comments are closed.