Now Reading
വര്‍ഗീയവാദികളെ തിരിച്ചറിയാനുള്ള ആറ് അടയാളങ്ങള്‍

ജെ ബിന്ദുരാജ്‌

പുറമേയ്ക്ക്, പുരോഗമനവാദികളെന്ന് നടിക്കുകയും മനസ്സിൽ വർഗീയ വിഷം കൊണ്ടു നടക്കുകയും ചെയ്യുന്ന ഹിന്ദുത്വ വാദികൾക്കും ജമാഅത്തെ ഇസ്ലാമിക്കാർക്കും ചില പൊതു സ്വഭാവങ്ങളുണ്ട്.

1. ഇരുകൂട്ടരും പണ്ട് തങ്ങൾ ഏതെങ്കിലുമൊരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്നും പ്രസ്ഥാനത്തിന്റെ അപചയം മൂലം അത് വിട്ടതാണെന്നും നിരന്തരം ജൽപനം നടത്തും. ( പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടായിരുന്ന തങ്ങൾ പറയുന്നത് നാട്ടുകാർ കേൾക്കണമെന്ന സ്ഥായീഭാവം).

2. ഹിന്ദൂയിസം ഒരു ജീവിതചര്യയാണെന്നും മതമല്ലെന്നും ഉദ്ഘോഷിക്കുമ്പോൾ തന്നെ സ്വന്തം മതത്തിലും ജാതിയിലും ഊറ്റം കൊള്ളുകയും മക്കളെ മതമുള്ളവരാക്കി തന്നെ വളർത്തുകയും അന്യമതത്തിൽ നിന്നോ ജാതിയിൽ നിന്നോ ഉള്ള വിവാഹത്തെ എതിർക്കുകയും ചെയ്യും.. മൗദൂദിസ്റ്റുകളാകട്ടെ മത രാഷ്ട്ര സങ്കൽപമാണ് പ്രതിനിധാനം ചെയ്യുന്നതെങ്കിലും മണ്ണ്, മനുഷ്യൻ, പരിസ്ഥിതി എന്നിങ്ങനെ ജൽപനം ചെയ്ത് തങ്ങളുടെ യഥാർത്ഥ മുഖം പുറത്തു വരാതിരിക്കാൻ പരമാവധി ശ്രമിക്കുകയും ഒടുവിൽ പരാജയപ്പെടുകയും ചെയ്യും.

3. ഹിന്ദുത്വ വർഗീയ വാദികളാണെന്ന് പറയുന്നതിൽ ലജ്ജയുള്ള, പുരോഗമന മുഖംമൂടി അണിഞ്ഞ വേറൊരു കൂട്ടർ രാജ്യസ്നേഹം നടിച്ചാണ് മോദിത്വത്തെ വാഴ്ത്തുന്നത്. ഡീമോണിറ്റെസേഷൻ എന്ന പമ്പരവിഡ്ഢിത്തം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർത്തുവെങ്കിലും അവർ മോദിയുടെ ധീരമായ നിലപാടായിരുന്നു അതെന്നു പറഞ്ഞ് അതിനെ വാഴ്ത്തും. മകൻ ചത്താലും മരുമകൾ കരഞ്ഞാൽ മതിയെന്ന മട്ടിൽ നോട്ട് അസാധുവാക്കലിലൂടെ ഒരു സമൂഹത്തെ ചൂണ്ടിക്കൊണ്ട് അവർ, കള്ളപ്പണക്കാരെ മോദി തകർത്തുവെന്ന് പറയും .

4. സൈന്യത്തിന്റെ മികവിനെ വാഴ്ത്തുകയും ദേശഭക്തി പ്രകടിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വ വാദികൾ മോദിക്കെതിരെ നിലകൊള്ളുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുകയും ഹിന്ദു രാഷ്ട്രമാണ് ഇന്ത്യ എന്ന് പറയാതെ പറയുകയും ചെയ്യും.

5. ഭരണഘടന, മഹാത്മാഗാന്ധി എന്നൊന്നും ഇവരോട് പറഞ്ഞിട്ട് കാര്യമില്ല. ഹിന്ദുത്വ വാദികൾക്ക് എതിരെ നിൽക്കുന്നവരോട് അവർ പാകിസ്ഥാനിലെ ന്യൂനപക്ഷ പീഡനത്തെപ്പറ്റി പറയും. പാകിസ്ഥാൻ ഒരു മത രാഷ്ട്രമാണെന്ന കാര്യവും ഇന്ത്യ മതേതര രാഷ്ട്രവുമാണെന്ന കാര്യവും മറക്കും അഥവാ മറന്ന പോലെ നടിക്കും.

See Also

6. പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലിംകളെ ഒഴിവാക്കിയതിനെപ്പറ്റി പറയാതെ, അഭയാർത്ഥികളായ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിന് നിങ്ങളൊക്കെ എതിരു നിൽക്കരുതെന്ന് പറയും.

എങ്കിലും ഹിന്ദുത്വവാദിയാണെന്ന് അവരാരും സമ്മതിക്കില്ല. പുരോഗമന നാട്യത്തിന്റെ അവസാന ഉടുതുണിയും അഴിഞ്ഞു വീഴും വരെ. 

(ജെ ബിന്ദു രാജ് ഫേസ് ബുക്കില്‍ കുറിച്ചത്)

Pros
Cons
Scroll To Top