News in its shortest

ശിവശങ്കരന്‍ ഇരിക്കുന്നത് അഴിമതി കൂടാരത്തിന് മുകളിലോ?

ജെ ബിന്ദു രാജ്‌

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ കള്ളക്കടത്തിൽ പങ്കില്ലായിരിക്കാം. പക്ഷേ അതിനേക്കാൾ വലിയ ചില ‘കടത്തുകളിൽ’ ശിവശങ്കറിന് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തേണ്ടതല്ലേ?

വിവിധ കൺസൾട്ടൻസി സ്ഥാപനങ്ങളെ കേരളത്തിലേക്ക് കടത്തി, അവരുടെ കമ്മീഷൻ ഏജന്റായി വർത്തിക്കുന്നതിലും അനാവശ്യ തസ്തികകൾ സൃഷ്ടിച്ച് സ്വന്തം ഇഷ്ടക്കാരെ അതിലേക്ക് നിയമിക്കുകവഴി ഖജനാവിന് നഷ്ടമുണ്ടാക്കുന്നതിലും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മേലാളന്മാർക്കും പങ്കുണ്ടോയെന്ന അന്വേഷണല്ലേ വാസ്തവത്തിൽ ഈ ഘട്ടത്തിൽ കേരളത്തിൽ നടക്കേണ്ടത്?

സ്വർണക്കടത്തും രാജ്യസുരക്ഷ സംബന്ധിച്ച വിവരങ്ങളൊക്കെ എൻ ഐ എയും കസ്റ്റംസും അന്വേഷിച്ചുകൊള്ളുമല്ലോ.ഇൻഫർമേഷൻ ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റിന്റെ സെക്രട്ടറി പദവിയിൽ നിന്നും ശിവശങ്കർ പുറത്തുപോകുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ ഓഫീസറുടെ നിർദ്ദേശത്തിന് അനുസൃതമായി 34 പോസ്റ്റുകളാണ് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ കേരള സർക്കാർ സൃഷ്ടിച്ചതെന്നത് ഒരു ചെറിയ കാര്യമല്ല. 16 സ്ഥിര തസ്തികകളും 18 താൽക്കാലിക തസ്തികകളുമാണ് സൃഷ്ടിക്കപ്പെട്ടത്.

സ്വപ്‌ന സുരേഷ് എന്ന സ്വർണകള്ളക്കടത്ത് ആരോപണം നേരിടുന്ന സ്ത്രീ ഓപ്പറേഷൻസ് മാനേജറായി നിയമിതയായ സ്ഥാപനമാണിതെന്നതിനാൽ ഇപ്പോൾ ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം സൃഷ്ടിക്കപ്പെട്ട ഈ തസ്തികകൾ അനധികൃത മാർഗത്തിലൂടെ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാൻ വേണ്ടിയുള്ള സംവിധാനമായിരുന്നുവോ എന്ന് അന്വേഷിക്കപ്പെടേണ്ടതില്ലേ? (കെ പി സായ് കിരൺ ജൂലൈ 13-ന് ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ റിപ്പോർട്ട് കാണുക).

ഐ ടി സെക്രട്ടറി എന്ന നിലയിലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിലും ഐ ടി വകുപ്പിന്റെ പൂർണ നിയന്ത്രണം കൈയാളിയിരുന്ന ശിവശങ്കർ ഈ ഡിപ്പാർട്ട്‌മെന്റിൽ ഇനി പുതിയ നിയമനങ്ങളൊന്നും നടത്തേണ്ടതില്ലെന്ന സർക്കാരിന്റെ ഉന്നതാധികാര സമിതിയെ മറികടന്നാണ് 3000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നതിന് കൂടുതൽ മാനവശേഷി ആവശ്യമാണെന്ന വാദം ഉന്നയിച്ച് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ നിർദ്ദേശം നൽകിയത്. 16,500 രൂപ മുതൽ 1,17,600 രൂപ വരെ വേതനമാണ് ഈ തസ്തികകളിൽ തീരുമാനിക്കപ്പെട്ടതെന്നും അറിയുക.

അതായത് നിലവിലുള്ള 27 പോസ്റ്റുകൾക്ക് പുറമേ സൃഷ്ടിക്കപ്പെടുന്ന ഈ 34 പോസ്റ്റുകളിലെ ശമ്പളത്തിനു മാത്രം സർക്കാരിന് രണ്ടു കോടി രൂപയോളം അധികമായി കണ്ടെത്തേണ്ടി വരും. കെ എസ് ഇ ബിയുമായി ചേർന്നുകൊണ്ട് കെ എസ് ഐ ടി എൽ നടപ്പാക്കാൻ പദ്ധതിയിട്ടിരിക്കുന്ന 2000 കോടി രൂപയോളം മുതൽ മുടക്കുവരുന്ന കെ-ഫോൺ പദ്ധതി വമ്പൻ അഴിമതിക്കുള്ള തയാറെടുപ്പാണെന്ന് ആരോപണമുയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ കെ ഫോൺ പദ്ധതിയെപ്പറ്റിയും വിശദമായ അന്വേഷണം ആവശ്യമാണ്.

സംയുക്ത പദ്ധതിയ്ക്ക് കെ എസ് ഐ ടി എല്ലിന്റെ പ്രതിനിധിയായി സ്വപ്‌ന സുരേഷാണ് നിയമിതയായതെന്ന് വാർത്തകളുള്ളതിനാൽ കെ-ഫോൺ പദ്ധതി കൂടുതൽ സംശയങ്ങൾക്കിട നൽകുകയും ചെയ്യുന്നുണ്ട്. സ്പ്രിംഗ്ലറും ബെവ്‌കോ ആപ്പും മാത്രമല്ല മുമ്പ് ശിവശങ്കർ കൈവച്ച പല പദ്ധതികളും ആരോപണവിധേയമായിരിക്കുന്ന സ്ഥിതിക്ക് അവയെപ്പറ്റിയും അന്വേഷണം നടത്തേണ്ടതുണ്ട്.

സരിതയുടെ സോളാർ പദ്ധതിയിലെ തട്ടിപ്പുകൾ പുറത്തുവരുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ് 2013 ജനുവരിയിൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലം ഗ്രാമത്തിൽ പതിനായിരം വീടുകൾക്കു മുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാനായി നടത്തിയ ചടങ്ങിലും പ്രധാന സാന്നിധ്യമായിരുന്നു അന്ന് കെ എസ് ഇ ബി ചെയർമാനായിരുന്ന എം ശിവശങ്കർ.

സരിത നായർ കേസ്സിൽപ്പെട്ടതോടെ ഈ പദ്ധതി എവിടെപ്പോയെന്നൊന്നും ആർക്കുമറിയില്ല താനും. സോളാറിൽ ആദ്യം പൊന്തിവന്നത് അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സോളാർ മെഗാപ്രോജക്ട് ആയിരുന്നതിനാൽ അതിലുമുണ്ടാകാം ഒരുപക്ഷേ അന്നത്തെ കെ എസ് ഇ ബി ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന ശിവശങ്കറിന്റെ വേലത്തരങ്ങൾ.ശിവശങ്കറിനെപ്പറ്റി സർക്കാർ തലത്തിൽ അന്വേഷണത്തിന് രാഷ്ട്രീയ മേലാളന്മാർ മടിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ചില അഴിമതിക്കൂടാരങ്ങൾ കാണുമെന്നുറപ്പ്.

Comments are closed.