News in its shortest

ശബരിമല മണ്ഡലകാലം: ഭക്ഷ്യസുരക്ഷാ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

ഗുരുവായൂർ ഏകാദശി, ശബരിമല മണ്ഡലകാലം പ്രമാണിച്ച് ജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ലഭിക്കാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടൽ, റസ്റ്റോറന്റ്, തട്ടുകട, കൂൾബാൾ, ബേക്കറി, വഴിയോര കച്ചവടക്കാർ എന്നിവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ സ്ഥാപനങ്ങളും എഫ്എസ്എസ്എ ലൈസൻസ് നിർബന്ധമായി എടുത്ത് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണെന്ന് അറിയിച്ചു.

ഭക്ഷണ ആവശ്യത്തിനായി ഉപയോഗിക്കുന്ന കുടിവെളളം പരിശോധിച്ച് ശുദ്ധത ഉറപ്പുവരുത്തണ്ടേതാണ്. തിളപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കാനായി നൽകുക. ചൂടായ വെളളം തണുപ്പിക്കാനായി പച്ചവെളളം ചേർക്കരുത്. ജോലിക്കാരുടെ വ്യക്തിശുചിത്വം ഉറപ്പാക്കണം. ജോലിക്കാരുടെ മെഡിക്കൽ പരിശോധന റിപ്പോർട്ട് ഹാജരാക്കണം.

പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ മൂന്ന് മണിക്കൂർ കൂടുതൽ തുറന്നു വെയ്ക്കരുത്. എണ്ണയിൽ പാകം ചെയ്ത ഭക്ഷണം പദാർത്ഥങ്ങൾ, പപ്പടം എന്നിവ പത്രക്കടലാസിൽ പൊതിഞ്ഞ് സൂക്ഷിക്കരുത്. പായ്ക്കറ്റു പാലുകൾ ചായ സമോവറിന്റെ മുകളിൽ വെച്ച് തണുപ്പിക്കുകയോ ചൂടാക്കുകയോ ചെയ്യരുത്. വറുക്കാനായി ഉപയോഗിക്കുന്ന എണ്ണകൾ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. പായസം, ചായ, മറ്റ് ചൂടാക്കിയ പാനീയങ്ങൾ എന്നിവ പ്ലാസ്റ്റിക് കപ്പുകൾ, പ്ലാസ്റ്റിക് കവറുകളിൽ വിൽപന നടത്തരുത്.

പാൽ, പായസം, പാൽ ഉൽപന്നങ്ങൾ എന്നിവ മൂന്ന് മണിക്കൂറിൽ കൂടുതൽ പുറത്ത് പ്രദർശിപ്പിച്ച് ഉപയോഗിക്കരുത്. പാൽ കേടായി ഭക്ഷ്യവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉപഭോക്താക്കളോട് മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ 1800 425 1125/തൃശൂർ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണറുടെ നമ്പർ 8943346188 എന്നീ നമ്പറുകൾ പ്രദർശിപ്പിക്കേണ്ടതാണ്.

Comments are closed.