News in its shortest

ഏകദിനത്തിലും രക്ഷയില്ല, കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും വിന്‍ഡീസ് തോറ്റു, കോഹ്ലിക്കും രോഹിതിനും സെഞ്ച്വറി

മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന് ഇന്ത്യയിലെ തോല്‍വിയോഗം മാറുന്നില്ല. ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയതിന് പിന്നാലെ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ജയം ഇന്ത്യയ്‌ക്കൊപ്പം തന്നെ. ഇന്ത്യന്‍ ബൗളര്‍മാര്‍ അമ്പേ പരാജയപ്പെട്ടപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് എടുത്ത് വിജയ പ്രതീക്ഷയുമായി പന്തെറിയാനെത്തി. ഇന്ത്യ 42.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

ശിഖര്‍ ധവാനെ രണ്ടാം ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് മാത്രം ഉള്ളപ്പോള്‍ ഓഷെയ്ന്‍ തോമസ് ബൗള്‍ഡാക്കിയപ്പോള്‍ മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാര്‍ക്ക് ആശ്വസിക്കാന്‍ വക ലഭിച്ചത്. എന്നാല്‍ പിന്നാലെ ഓപ്പണറായ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ക്യാപ്റ്റന്‍ വിരാട് കോലി എത്തിയതോടെ കളിയുടെ ഗതി മാറി. ഇരുവരും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ 256 റണ്‍സിലെത്തിച്ചു. 33-ാം ഓവറില്‍ വിരാട് പുറത്താകുമ്പോഴേക്കും ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. വിരാട് 107 പന്തില്‍ 140 റണ്‍സ് എടുത്തു. രോഹിത് ശര്‍മ്മയുടെ മോശമാക്കിയില്ല. അദ്ദേഹം 117 പന്തില്‍ 152 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അമ്പാട്ടി റായിഡു 26 പന്തില്‍ 22 റണ്‍സ് എടുത്ത് വിജയ നിമിഷം ക്രീസില്‍ ശര്‍മ്മയുടെ കൂട്ടാളിയായി നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന്റെ ഷിര്‍മോണ്‍ ഹെറ്റ്‌മെയര്‍ 78 പന്തില്‍ നിന്ന് 106 റണ്‍സെടുത്താണ് ഇന്നിങ്‌സിന്റെ നെടുംതൂണായത്. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിന്‍ഡീസ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നുവെങ്കിലും നേരിട്ട പന്തുകള്‍ക്ക് തുല്യം റണ്‍സുകള്‍ നേടിയതാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ വിന്‍ഡീസിനെ സഹായിച്ചത്. യുസ്വേന്ദ്ര ഛഹാലാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്. പത്തോവര്‍ എറിഞ്ഞ ഛഹാല്‍ 41 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയാകട്ടെ ധാരാളിയായി. പത്തോവറില്‍ 81 റണ്‍സ് വിട്ടു കൊടുത്ത ഷമി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

Comments are closed.