ചെന്നിത്തല അറിയാന്‍, ശിവശങ്കര്‍ നിങ്ങള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല: യുവസംരംഭകന്റെ കത്ത്‌

405

ബാണാസുര സാഗര്‍ അണക്കെട്ടില്‍ ഒഴുകുന്ന സോളാല്‍ വൈദ്യുത നിലയം സ്ഥാപിച്ച സംരംഭകരനായ അജയ് തോമസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എഴുതിയ കത്ത് വൈറലാകുന്നു. കോവിഡ്-19-ന്റെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് ചെന്നിത്തല സംസ്ഥാന സര്‍ക്കാരിനേയും ഐടി സെക്രട്ടറി ശിവശങ്കറിനെയും വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് അജയ് കത്തെഴുതിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് താന്‍ ബാണസുര സാഗര്‍ പദ്ധതിയുമായി പല വാതിലുകള്‍ മുട്ടിത്തളര്‍ന്നുവെന്നും കെ എസ് ഇ ബി ചെയര്‍മാനായിരുന്ന ശിവശങ്കറിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പദ്ധതിക്ക് ജീവന്‍വച്ചുവെന്നും യുവസംരംഭകന്‍ എഴുതുന്നു.

രമേശ് ചെന്നിത്തലക്കൊരു തുറന്ന കത്ത്

പ്രിയപ്പെട്ട രമേശ്‌ജി,പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഇന്നലെ മീഡിയയെ കണ്ടപ്പോൾ മുഖ്യമന്ത്രിയേ പഴിക്കുന്ന കൂട്ടത്തിൽ സംസ്ഥാന IT സെക്രട്ടറി ശിവശങ്കരൻ IAS നെക്കൂടി താങ്കൾ വ്യക്തിപരമായി അധിക്ഷേപിച്ചത് ശ്രദ്ധയിൽ പെട്ടു. അതു കേട്ടപ്പോൾ താങ്കൾ ആ മനുഷ്യനെ മനസ്സിലാക്കിയതിൽ കാര്യമായ പിഴവ് വന്നിട്ടുണ്ട് എന്നെനിക്ക് തോന്നി. താങ്കളുടെ തെറ്റിദ്ധാരണകൾ തിരുത്താൻ ആണ് ഈ കുറിപ്പ്.ശിവശങ്കർ IAS നെ ഞാൻ പരിചയപ്പെടുന്നത് 2014ൽ ആണ്.

അന്നദ്ദേഹം KSEB ചെയർമാൻ ആയിരുന്നു, താങ്കൾ ആഭ്യന്തര മന്ത്രിയും. ഞാൻ ഫ്ളോട്ടിംഗ് സോളാർ ഒരു സ്വപ്നം ആയി കൊണ്ട് നടക്കുന്ന കാലം.ഫണ്ടിങ്ങിനായി പല വാതിലുകൾ മുട്ടി തളർന്ന് ഒടുവിൽ KSEB ഓപ്പൺ ഇന്നവേഷൻ സോണിൽ അപേക്ഷ നല്കുമ്പോൾ വലിയ പ്രതീക്ഷ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല.

കേരളത്തിലെ ഡാമുകളിലും കായലുകളിലും പൊങ്ങി കിടക്കുന്ന കൂറ്റൻ സൗരോർജ നിലയങ്ങൾ സ്ഥാപിച്ച് സംസ്ഥാനത്തിൻറെ ഊർജ കമ്മി കുറക്കുക എന്ന എൻറെ ആശയത്തിന് ജീവൻ ലഭിക്കുന്നത് ശിവശങ്കർ സാറിന്റെ ശ്രദ്ധയിൽ അത് വന്നപ്പോഴാണ്. അദ്ദേഹത്തിന്റെ താല്പര്യം കൊണ്ടാണ് ഞങ്ങൾക്ക് 20 ലക്ഷം രൂപയുടെ ഗവേഷണ സഹായം KSEB യിൽ നിന്നും ലഭിച്ചത്.

പിന്നീട് സംഭവിച്ചതൊക്കെ ചരിത്രം ആയി. നീണ്ട മൂന്ന് നാല് വർഷത്തെ അലച്ചിലിനും കഠിനാധ്വാനത്തിനുമൊടുവിൽ 2016ൻറെ തുടക്കത്തിൽ ഇന്ത്യയിലെ ആദ്യ ഓൺ ഗ്രിഡ് ഫ്ളോട്ടിംഗ് സോളാർ നിലയം വയനാട് ബാണാസുര സാഗർ ഡാമിൽ ഞങ്ങൾ കമ്മീഷൻ ചെയ്യുമ്പോൾ അത് ശിവശങ്കരൻ IAS ൻറെ ദീർഘ വീക്ഷണത്തിൻറെയും യുവ സംരംഭകരോടുള്ള കരുതലിൻറെയും കൂടി വിജയമായിരുന്നു.

ഈ സംഭവങ്ങൾ മിക്കവാറും താങ്കൾക്ക് പുതിയ അറിവായിരിക്കും. എന്നാൽ 2016 നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി താങ്കളുടെ സർക്കാർ പുറത്തിറക്കിയ ഭരണ നേട്ട പട്ടികയിൽ ബാണാസുര പ്രൊജക്ടിൻറെ ചിത്രവും ഇടം പിടിച്ചിരുന്നു.പ്രൊജക്ട് ഉദ്ഘാടനത്തിന് രണ്ടു ദിവസം മുമ്പ് ശിവശങ്കർ സാർ വയനാട്ടിൽ വന്നു. ഞങ്ങളോടൊപ്പം ബോട്ടിൽ യാത്ര ചെയ്തു, പവർ പ്ളാൻറ് കണ്ട് മനസ്സ് നിറഞ്ഞ് അഭിനന്ദിച്ചു. ഒടുവിൽ തിരിച്ചു പോവും മുമ്പ് ഞാൻ അന്വേഷിച്ചു, ഉദ്ഘാടന ദിവസം വരില്ലേ എന്ന്. മറുപടി അത്ഭുതപ്പെടുത്തി..” മന്ത്രി ഏതായാലും വരുമല്ലോ, ആൾക്കൂട്ടവും മീഡിയയും ഒക്കെ ആയി വലിയ പരിപാടി ആയിരിക്കും.

അതിനിടക്ക് ആളാവാനൊന്നും എനിക്ക് താല്പര്യമില്ല. അതുകൊണ്ട് ആണ് രണ്ടു ദിവസം മുൻപേ വന്നത് “ഫ്ളോട്ടിംഗ് ടെക്‌നോളജി വിജയിച്ചതിൻറെ മുഴുവൻ അനുമോദനങ്ങളും ഞങ്ങൾക്ക് കിട്ടാൻ അദ്ദേഹം ആത്മാർഥമായി ശ്രമിച്ചു, അതിന്റെ ഒരംശം പോലും സ്വന്തം പേരിൽ വരാതിരിക്കാനും.പിന്നീട് പിണറായി ഗവൺമെന്റിൽ IT സെക്രട്ടറി ആയി ചുമതല ഏറ്റ അദ്ദേഹം കേരളത്തിൽ IT ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെൻറിൻറെ മുഖ്യ ബുദ്ധി കേന്ദ്രങ്ങളിൽ ഒരാളായി.

ഒറ്റ ആഴ്ച കൊണ്ട് കേരള സ്റ്റേറ്റാർട്ടപ്പ് മിഷൻ കൊറോണ കാലത്ത് വെൻറിലേറ്റർ ഉണ്ടാക്കി ലോകത്തെ ഞെട്ടിച്ചെങ്കിൽ അതിനു പിന്നിലും ആ മനുഷ്യൻറെ ആത്മാർപ്പണം ഉണ്ടായിരുന്നു. കേരളത്തിൽ ഇന്ന് കാണുന്ന നിക്ഷേപ സൗഹൃദ സ്റ്റാർട്ടപ്പ് അനുകൂല അന്തരീക്ഷം ഉണ്ടാക്കുന്നതിൽ അത്ര മാത്രം അദ്ദേഹം പണിയെടുത്തിട്ടുമുണ്ട്.ഇങ്ങനെ ഒക്കെ ആണെങ്കിലും കേരളത്തിലെ സാധാരണക്കാരിൽ ബഹുഭൂരിപക്ഷവും ശിവശങ്കരൻ IAS എന്ന പേര് അധികമൊന്നും കേൾക്കാറില്ല. കേരളത്തിലെ മുതിർന്ന IAS ഓഫീസറായിട്ടും പല മേഖലയിലും സ്തുത്യർഹമായ സേവനം കാഴ്ച വെച്ചിട്ടും അദ്ദേഹം മാധ്യമങ്ങൾക്ക് അത്ര പ്രിയങ്കരനുമല്ല.

സർവീസിൽ എത്തി ഒന്നോ രണ്ടോ വർഷം കൊണ്ട് തന്നെ വിഷ്വൽ മീഡിയയിലും സോഷ്യൽ മീഡിയയിലും വിഗ്രഹങ്ങളാവുന്ന യുവ സിവിൽ സർവീസ് ഓഫീസേഴ്‌സ് ഉള്ള നാട്ടിൽ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നതിന് താങ്കളുടെ തന്നെ ഭാഷ കടമെടുത്താൽ ഒറ്റ ഉത്തരമേ ഉള്ളൂ. മീഡിയമാനിയ എന്ന പ്രശ്നം അദ്ദേഹത്തെ ലവലേശം ബാധിച്ചിട്ടില്ല.

അതിലുപരിയായി മീഡിയക്ക് മുന്നിൽ ജോസഫ് അലക്‌സ് കളിക്കുന്നതല്ല മറിച്ച് ഭരണ യന്ത്രം തിരിയുന്നതിൻറെ എഞ്ചിനീയറിംഗ് ആണ്‌ IAS കാരുടെ കർത്തവ്യം എന്ന് ഒരു എഞ്ചിനീയർ കൂടിയായ അദ്ദേഹത്തിന് മറ്റാരേക്കാളും അറിയാം. താങ്കൾ അടിസ്ഥാനം ഉള്ളതിനേക്കാൾ അധികം അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നതാണ് സമീപകാല അനുഭവങ്ങൾ.

എന്നാൽ രാഷ്ട്രീയ ആരോപണ കലാപരിപാടികളിലേക്ക് അനാവശ്യമായി ഉദ്യോഗസ്ഥരുടെ പേര് വലിച്ചിടുന്നത് ഒട്ടും ആശാസ്യമല്ല, തെളിവില്ലാത്ത ആരോപണങ്ങൾ ആവുമ്പോൾ പ്രത്യേകിച്ചും. മറിച്ചായാൽ ശിവശങ്കർ IAS നെ പോലുള്ള നല്ല ഉദ്യോഗസ്ഥർ നിങ്ങൾക്ക് കൊട്ടാൻ ഉള്ള ചെണ്ട അല്ല എന്ന് ഉറക്കെ പറയാൻ ഞാനടക്കമുള്ള പൊതു ജനങ്ങൾ നിർബന്ധിതരാവും.

NB: ഈ കൊറോണക്കാലത്തല്ലാതെ പിന്നെപ്പോഴാണ് രമേശൻ സാറേ നിങ്ങൾ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കൂടെ നിൽക്കേണ്ടത്

സ്നേഹ പൂർവ്വംഅജയ് തോമസ്

Comments are closed.