News in its shortest

പൂന്തുറയില്‍ രോഗ വ്യാപനം കുറയുന്നു

4,685

ഇന്ന് 1195 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്ത് 1234 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 971 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 79. വിദേശത്തുനിന്ന് 66 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 125 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 13.

ഇന്ന് ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. പുരുഷോത്തമന്‍ (66, ചോമ്പാല, കോഴിക്കോട്), പ്രഭാകരന്‍ (73, ഫറോക്ക് കോഴിക്കോട്), മരക്കാര്‍കുട്ടി (70, കക്കട്ട്, കോഴിക്കോട്), അബ്ദുള്‍സലാം (58, വെളിനെല്ലൂര്‍, കൊല്ലം), യശോദ (59, ഇരിക്കൂര്‍, കണ്ണൂര്‍), അസൈനാര്‍ഹാജി (76, ഉടുമ്പുത്തല, കാസര്‍കോട്), ജോര്‍ജ് ദേവസി (83, തൃക്കാക്കര, എറണാകുളം) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 274, മലപ്പുറം 167, കാസര്‍കോട് 128, എറണാകുളം 120, ആലപ്പുഴ 108, തൃശൂര്‍ 86, കണ്ണൂര്‍ 61, കോട്ടയം 51, കോഴിക്കോട് 39, പാലക്കാട് 41, ഇടുക്കി 39, പത്തനംതിട്ട 37, കൊല്ലം 30, വയനാട് 14.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 528, കൊല്ലം 49, പത്തനംതിട്ട 46, ആലപ്പുഴ 60, കോട്ടയം 47, ഇടുക്കി 58, എറണാകുളം 35, തൃശൂര്‍ 51, പാലക്കാട് 13, മലപ്പുറം 77, കോഴിക്കോട് 72, വയനാട് 40, കണ്ണൂര്‍ 53, കാസര്‍കോട് 105.

കഴിഞ്ഞ 24 മണിക്കൂറിനകം 25,096 സാമ്പിളുകള്‍ പരിശോധിച്ചു. 1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,167 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1444 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ ആകെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,30,614 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1950 സാമ്പിളുകള്‍ റിസള്‍ട്ട് വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 515 ആയി.

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ച 274ല്‍ 248ഉം സമ്പര്‍ക്ക രോഗബാധിതരാണ്. പൂന്തുറ, വിഴിഞ്ഞം എന്നീ സ്ഥലങ്ങളില്‍ രോഗവ്യാപന സാധ്യത കുറയുന്നുണ്ട്. എന്നാല്‍, അപകടാവസ്ഥ അയഞ്ഞിട്ടില്ല. ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ ഇന്നലെ 2011 കോവിഡ് പരിശോധനകള്‍ നടത്തിയതില്‍ 203 എണ്ണം പോസിറ്റീവായി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം നിലനില്‍ക്കുന്നു. മൂന്നിടങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് 5, 6 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയില്‍ മത്സ്യബന്ധനാനുമതി ആഗസ്ത് അഞ്ച് എന്നത് ഏഴിലേക്കു മാറ്റി.

പത്തനംതിട്ട ജില്ലയില്‍ തെരുവില്‍ അലഞ്ഞുനടക്കുന്ന സ്ത്രീക്കും ദന്തല്‍ ക്ലിനിക്കിലെ ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചതിന്റെ ഉറവിടം വ്യക്തമാകാത്തതിനെ തുടര്‍ന്ന് പുറമറ്റത്ത് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപപ്പെട്ടു.

ആലപ്പുഴ ക്‌ളോസ്ഡ് ക്‌ളസ്റ്ററുകളിലൊന്നായ ഐടിബിപി മേഖലയില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലായി വരികയായിരുന്നു. ഇന്നലെ അവിടെ പുതിയ 35 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതരസംസ്ഥാനത്തു നിന്നും പുതുതായി വന്ന ഉദ്യോഗസ്ഥര്‍ക്കാണ് രോഗബാധ. റൊട്ടേഷണല്‍ ചേഞ്ച് ഓവറിന്റെ ഭാഗമായി ജൂലൈ ഏഴിന് ജലന്ധറില്‍നിന്ന് എത്തിയ അമ്പത് പുതിയ ഉദ്യോഗസ്ഥരില്‍ 35 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ അമ്പതുപേരടങ്ങിയ ടീമിനെ ജില്ലയിലെത്തിയ ഉടന്‍ ക്വാറന്റയിന്‍ ചെയ്തിരുന്നു. ഇവര്‍ക്ക് പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ല. നൂറനാട് ഐടിബിപി ക്യാമ്പിലേക്ക് പുതുതായി ഉദ്യോഗസ്ഥരെ അയയ്ക്കരുതെന്ന് ഐടിബിപി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എറണാകുളത്ത് ആലുവ ക്ലസ്റ്ററിലും ഫോര്‍ട്ട് കൊച്ചി മേഖലയിലും രോഗ വ്യാപനം തുടരുകയാണ്. അങ്കമാലി, തൃക്കാക്കര, ഇടപ്പള്ളി മേഖലകളിലും കഴിഞ്ഞ ദിവസം കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫോര്‍ട്ട് കൊച്ചി മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ 82 സ്വകാര്യ ആശുപത്രികള്‍ ആണ് കോവിഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആയിട്ടുള്ളത്. മെഡിക്കല്‍ കോളേജില്‍ 9 പേരാണ് ഗുരുതര ലക്ഷണങ്ങളുമായി ചികിത്സയില്‍ ഉള്ളത്. ഐസിയുവില്‍ ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

തൃശൂര്‍ ജില്ലക്ക് പുറത്തുള്ള പട്ടാമ്പി ക്ലസ്റ്ററില്‍ നിന്ന് സമ്പര്‍ക്ക രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

പാലക്കാട് ജില്ലയിലെ ആദിവാസി കോളനികളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ട്. പുറത്തുനിന്ന് ആളുകള്‍ വരുന്നത് തടയുന്നതിനായി ആരോഗ്യം, ട്രൈബല്‍, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ പറമ്പിക്കുളം ഉള്‍പ്പടെയുള്ള മേഖലകളില്‍ പരിശോധനയും ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. അട്ടപ്പാടി മേഖലയിലെ കോവിഡ് ബാധിതര്‍ക്കായി 420 കിടക്കകളോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

കോഴിക്കോട്ട് കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ മരണ വീട്ടില്‍ കൊണ്ടുപോയ 8 മാസം പ്രായമുളള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചിരുന്നു. അഞ്ചു വയസിനു താഴെയുള്ള അഞ്ച് കുട്ടികള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായതായി കണ്ടെത്തി. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഒരു ജാഗ്രതക്കുറവും അരുത്.

വയനാട്ടിലെ പേരിയ പുലച്ചിക്കുനി പട്ടികവര്‍ഗ കോളനിയിലെ രണ്ടു വീടുകളിലായി 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പരിസരത്തെ മുഴുവന്‍ കോളനികളിലും പരിശോധന ഊര്‍ജിതമാക്കുകയും ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. 93 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 125 പേര്‍ക്കാണ് രോഗ ബാധ ഉണ്ടായിരുന്നത്. നിലവില്‍ 60 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 93 കേസ് ഉണ്ട്. ഇവിടെ 1292 ടെസ്റ്റുകള്‍ നടത്തി. കോവിഡ് ഇതര രോഗ ചികിത്സക്കുള്ള ഒപി നിയന്ത്രണം ഒരാഴ്ച കൂടി തുടരും.

Comments are closed.