പ്രതിപക്ഷം കുത്തിത്തിരിപ്പുമായി വരരുത്: മുഖ്യമന്ത്രി

4,656
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും

ഇന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് ‘കോവിഡ് ബാധിതരുടെ സമ്പര്‍ക്കം ഉള്‍പ്പെടെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ടതോടെ പോലീസിന് പിടിപ്പത് പണിയായി’ എന്നാണ്. അവര്‍ തന്നെ വീണ്ടും ‘നിലവിലെ കോവിഡ് പ്രതിരോധത്തിന് പോലും പോലീസ് ഇല്ലാതിരിക്കെയാണ് പുതിയ നിര്‍ദേശം’ എന്നും പറയുന്നു. അതേ മാധ്യമസ്ഥാപനം തന്നെ ‘കൊവിഡ് പ്രതിരോധത്തിന്റെ അധികചുമതല ഏല്‍പിച്ചതില്‍ പോലീസിലും പ്രതിഷേധം പുകയുന്നു. ജോലിഭാരം ഇരട്ടിയാകുന്നതും രോഗവ്യാപന സാധ്യത വര്‍ധിക്കുന്നതുമാണ് പോലീസുകാരുടെ ആശങ്ക’ എന്ന നിരീക്ഷണവും നടത്തിയിട്ടുണ്ട്.

ഇതില്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. കോവിഡ് പ്രതിരോധത്തില്‍ എല്ലാ ഘട്ടത്തിലും ആരോഗ്യപ്രവര്‍ത്തകരും പൊലീസും ഉണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും അവരുടെ ഇടപെടലും തുടക്കം മുതലേ ഉണ്ട്. എന്നാല്‍ തുടര്‍ച്ചയായ അധ്വാനവും വിശ്രമരാഹിത്യവും സ്വാഭാവികമായും ആരിലും ക്ഷീണമുണ്ടാക്കും. അത് ആരോഗ്യപ്രവര്‍ത്തകരിലും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ രോഗവ്യാപനഘട്ടമാണ്. ആദ്യഘട്ടത്തിലുള്ള ദൗത്യമല്ല ഇപ്പോള്‍ നിര്‍വഹിക്കാനുള്ളത്.

രോഗികളുടെ എണ്ണം കൂടി, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ കൂടി, പ്രൈമറി കോണ്ടാക്റ്റുകളുടെ എണ്ണം കൂടി, കോണ്ടാക്റ്റ് ട്രെയ്‌സിങ് കൂടുതല്‍ വിപുലമായി മാറി, സിഎഫ്എല്‍ടിസികള്‍ സ്ഥാപിച്ചതോടെ ആ രംഗത്ത് പുതുതായി ശ്രദ്ധിക്കേണ്ടി വന്നു, മൊബൈല്‍ യൂണിറ്റുകള്‍ കൂടുതലായി, ടെസ്റ്റിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. അങ്ങനെ ആരോഗ്യപ്രവര്‍ത്തകരുടെ ജോലിഭാരം ഗണ്യമായി വര്‍ധിച്ചു. വീടുകളില്‍ ചികിത്സക്കുള്ള സംവിധാനം ഒരുക്കുമ്പോള്‍ വീണ്ടും ജോലിഭാരം കൂടും.

ഈ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ കൂടുതല്‍ സഹായിക്കാനും സമ്പര്‍ക്കം കണ്ടെത്തുന്നതിന് സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാനുമാണ് പൊലീസിനെ ചുമതലപ്പെടുത്തുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യേണ്ട ഒരു ജോലിയും പൊലീസിന് കൈമാറുകയല്ല. മറിച്ച്, പൊലീസിന് അധികജോലി ഏല്‍പിക്കുകയാണ്. അത് ആരോഗ്യസംവിധാനത്തെയും പ്രവര്‍ത്തകരെയും സഹായിക്കുക എന്ന ജോലിയാണ്. അങ്ങനെയൊരു തീരുമാനത്തെ തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം പ്രചരിപ്പിച്ചാലോ?

ഇവിടെ അപൂര്‍വം ചിലര്‍ക്ക് ഒരു മാനസികാവസ്ഥയുണ്ട്. എങ്ങിനെയെങ്കിലും ഏതു വിധേനെയും രോഗവ്യാപനം വലിയ തോതിലാവണം. അത്തരം മാനസികാവസ്ഥയുള്ളവര്‍ക്കു മാത്രമേ ഈ നിലപാടിനെ ആക്ഷേപിക്കാന്‍ കഴിയൂ. ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടലുകളെക്കുറിച്ചും അവര്‍ അനുഷ്ഠിക്കുന്ന ത്യാഗനിര്‍ഭരമായ സേവനത്തെക്കുറിച്ചും അറിയാത്തവര്‍ ആരാണുള്ളത്? എല്ലാ ഘട്ടത്തിലും അവരെ അഭിനന്ദിക്കുക മാത്രമല്ല, വേണ്ട സഹായങ്ങള്‍ നല്‍കണമെന്ന നിലപാട് സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍. ഈ വാര്‍ത്താസമ്മേളനങ്ങളില്‍ തന്നെ എത്ര തവണ അക്കാര്യം പറഞ്ഞു എന്ന് ഓര്‍ത്തുനോക്കൂ.

റിവേഴ്‌സ് ക്വാറന്റൈനില്‍ ആളുകള്‍ കൂടുതലുള്ള സ്ഥലം കൂടിയാണ് നമ്മുടേത്. അതുകൊണ്ട്, ചികിത്സയിലും പരിചരണത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നതിനോടൊപ്പം കോണ്ടാക്ട് ട്രെയ്‌സിങ് പോലുള്ള പ്രവര്‍ത്തനങ്ങളും ഒക്കെ ഒരു കൂട്ടര്‍ തന്നെ തുടര്‍ച്ചയായി ചെയ്യുമ്പോള്‍ മനുഷ്യസഹജമായ ക്ഷീണമുണ്ടാകില്ലേ? തളര്‍ച്ച അവരെ ബാധിക്കില്ലേ? ഈ ഒരു സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി പൊലീസിനെ നിയോഗിക്കുന്നത്.

ഒരുപാട് യാത്രചെയ്തവരുണ്ടാകാം, വിപുലമായ സമ്പര്‍ക്കപ്പട്ടികയുള്ളവരുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ സൈബര്‍ സഹായം ഉള്‍പ്പെടെ ആവശ്യമായി വരും. മൊബൈല്‍ സേവനദാതാക്കളെ ബന്ധപ്പെടേണ്ടി വരും. ഈ കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ പോലീസിന് മികച്ച രീതിയില്‍ സാധിക്കും. അതിനുള്ള സംവിധാനങ്ങളും അന്വേഷണമികവും പോലീസിനുണ്ട്.

ഇപ്പോള്‍ നമുക്കുമുന്നിലുള്ളത് ഗൗരവമേറിയ ഒരു ദൗത്യമാണ്. ഇതുവരെ സമ്പര്‍ക്കവ്യാപനത്തെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തുകയും സമ്പര്‍ക്കംമൂലം രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പൊലീസ് സഹായം നല്‍കിയിരുന്നു. രോഗവ്യാപനം വര്‍ധിച്ച ഈ ഘട്ടത്തില്‍ ആ ഉത്തരവാദിത്തം കൂടുതലായി പൊലീസിനെ ഏല്‍പിക്കുകയാണ്. അതില്‍ ഒരു തെറ്റിദ്ധാരണയും വേണ്ടതില്ല.

കോണ്‍ടാക്ട് ട്രെയിസിങ്ങിന് പൊലീസിന്റെ അന്വേഷണമികവ് ഉപയോഗിക്കും എന്നു പറയുന്നത് ആ മേഖലയില്‍ പഴുതുകളടച്ചുള്ള സമീപനമുണ്ടാകണം എന്നതുകൊണ്ടാണ്. ഇതു പറഞ്ഞപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കുകയാണോ എന്ന് ചിലര്‍ക്ക് തോന്നി. അത്തരം തോന്നലുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. ഈ തീരുമാനം സംസ്ഥാനത്തെ പൊലീസ്രാജിലേക്ക് നയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത്.

യഥാര്‍ത്ഥത്തില്‍ എന്തു കണ്ടിട്ടാണ് ഈ ആക്ഷേപം? ഒരുഭാഗത്ത് ആരോഗ്യപ്രവര്‍ത്തകരോട് അവഗണന എന്ന് ആക്ഷേപം ഉന്നയിക്കുക. മറുഭാഗത്ത് പൊലീസ് സംവിധാനത്തിന്റെ ഇടപെടല്‍ മരവിപ്പിക്കുക. രണ്ടും നടന്നാല്‍ കോവിഡ് അതിന്റെ വഴിക്ക് പടര്‍ന്നുപിടിക്കുമെന്ന് അറിയാത്തയാളാണോ പ്രതിപക്ഷ നേതാവ്? ഇതേ സമീപനമല്ലേ കഴിഞ്ഞദിവസം നാം കണ്ടത്? എന്തിനാണ് ഇത്തരമൊരു ഇരട്ടമുഖം സ്വീകരിക്കുന്നത്. ഇവിടെ പലതരത്തിലുള്ള പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയവരുണ്ടല്ലോ? പ്രളയത്തെക്കുറിച്ചും വരള്‍ച്ചയെക്കുറിച്ചും സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ചുമൊക്കെ വലിയ പ്രതീക്ഷയോടെ കണ്ടയാളുകളില്‍ നിന്ന് ഇതിലപ്പുറം എന്താണ് പ്രതീക്ഷിക്കാനാവുക?

ഇപ്പോള്‍ നമ്മുടെ കോവിഡ് പ്രതിരോധം ശക്തമായി മുന്നോട്ടുപോകുകയാണ്. കേരളത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും മറ്റു പ്രദേശങ്ങളുടെയും അനുഭവം താരതമ്യം ചെയ്താല്‍ നാം എത്രമാത്രം മുന്നേറി എന്ന് വ്യക്തമാകും. എന്നിട്ടും പറയുകയാണ് ഇവിടെ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന്. ആരോടാണ് ഇത് പറയുന്നത്? സര്‍ക്കാരിനൊപ്പം കോവിഡ് പ്രതിരോധയജ്ഞത്തില്‍ പങ്കാളികളാകുന്ന ഇന്നാട്ടിലെ ജനങ്ങളോടോ? ആ ജനങ്ങളില്‍ എല്ലാവരുമില്ലേ? ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ ഉള്ളവര്‍ മാത്രമാണോ കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായിട്ടുള്ളത്. കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി നില്‍ക്കുന്ന തങ്ങള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നയാളുകളെ അടര്‍ത്തിമാറ്റുക, അവരില്‍ വല്ലാത്തൊരു സംശയമുണ്ടാക്കുക, ആ പ്രവര്‍ത്തനത്തില്‍ സജീവമാകാതിരിക്കാന്‍ പ്രേരിപ്പിക്കുക. അതാണോ ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്? നാം നമ്മുടെ നാടിന്റെ അനുഭവം കാണുന്നുണ്ടല്ലോ. ജനങ്ങളാകെ ഒരുമയോടെ തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്ന നിലയല്ലേ കാണുന്നത്. ഇത്തരം ആക്ഷേപം ഉന്നയിക്കുന്നവരുടെ ആക്ഷേപങ്ങള്‍ക്ക് വിലകല്‍പ്പിച്ചിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന അതേ കാഴ്ചയുണ്ടാകുമോ? ജനങ്ങള്‍ കാര്യങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നു എന്നാണ് കാണേണ്ടത്.

ഒരു കാര്യമേ ഈ ഘട്ടത്തില്‍ ഓര്‍മിപ്പിക്കാനുള്ളൂ. പ്രതിപക്ഷം ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും. പ്രതിപക്ഷ നേതാവ് പറഞ്ഞത് വിമര്‍ശനങ്ങളെ പോസിറ്റീവായി എടുക്കണമെന്നാണ്. നല്ല കാര്യമാണത്. വിമര്‍ശനങ്ങള്‍ തള്ളിക്കളയുന്ന സര്‍ക്കാരല്ല ഇത്. പക്ഷെ, വിമര്‍ശനങ്ങള്‍ക്കു പകരം തെറ്റായ പ്രചാരണങ്ങളും കോവിഡ് പ്രതിരോധം തകര്‍ക്കാനുള്ള കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്. കെട്ടുകഥകള്‍ ചുമന്നുകൊണ്ടുവരുമ്പോള്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല. അതിന്റെ ഭാരം അത് ചുമക്കുന്നവര്‍ തന്നെ പേറേണ്ടിവരും.

കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും മറ്റു രോഗങ്ങള്‍ ഇല്ലാത്തവര്‍ക്കും വീട്ടില്‍ ചികിത്സ നല്‍കാം എന്ന നിര്‍ദ്ദേശം കഴിഞ്ഞയാഴ്ച തത്വത്തില്‍ അംഗീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും ആരോഗ്യവിദഗ്ധരും നമ്മുടെ വിദഗ്ധസമിതിയും നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ആ തീരുമാനം എടുത്തത്. അന്ന് ഇതിനെ ചിലര്‍ വളച്ചൊടിച്ച് സംസ്ഥാനം ചികിത്സയില്‍ നിന്നും പിന്മാറുന്നു എന്നാണ് പറഞ്ഞത്. അതുപോലൊരു പ്രചരണമാണ് ഇവിടേയും നടക്കുന്നത്.

അതുകൊണ്ടാണ് കൂടുതല്‍ സഹായം നല്‍കാനുള്ള ചുമതല പൊലീസിനു നല്‍കിയത്. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താന്‍ നോക്കുന്നവര്‍ തളര്‍ത്തുന്നത് നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെയാണ്. അപകടത്തിലാക്കുന്നത് സമൂഹത്തെ ഒന്നാകെയാണ്. ഇത്തരം പ്രചരണങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീണുപോവാതെ നോക്കേണ്ടത് നമ്മുടെ എല്ലാവരുടേയും ഉത്തരവാദിത്വമാണ്.

കോണ്‍ടാക്ട് ട്രേസിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയ സംവിധാനം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കണ്ടെയിന്‍മെന്റ് മേഖലകളില്‍ പൊലീസിന്റെ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിന്റെ സേവനം ശക്തിപ്പെടുത്തി. ജനങ്ങള്‍ കൂട്ടം കൂടുന്ന ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, കല്യാണവീടുകള്‍, മരണവീടുകള്‍, മാര്‍ക്കറ്റ്, തുറമുഖം എന്നിവിടങ്ങളില്‍ പൊലീസ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.

കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കലും വാഹനങ്ങളിലെ അധിക യാത്രക്കാരുടെ എണ്ണവും പരിശോധിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കും. പൊതുസ്ഥലങ്ങളില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

മാസ്‌ക് ധരിക്കാത്ത 7300 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റെന്‍ ലംഘിച്ച നാലു പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

കടലാക്രമണം

കടലാക്രമണം തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ പ്രവൃത്തികള്‍ അടിയന്തര പ്രാധാന്യം നല്‍കി ആരംഭിക്കും. ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ധനകാര്യം, ഫിഷറീസ്, ജലവിഭവം എന്നീ വകുപ്പുകള്‍ കൂട്ടായി ചര്‍ച്ച ചെയ്യും.

നേരത്തെ തീരുമാനിച്ച കാര്യങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. നിലവില്‍ അനുമതി നല്‍കിയ പ്രവൃത്തികളില്‍ തുടര്‍ നടപടി ഉടന്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. കടലാക്രമണം തടയാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കും. തീരദേശ ജില്ലകള്‍ക്ക് അടിയന്തര പ്രവൃത്തികള്‍ക്ക് രണ്ടു കോടി രൂപ വീതം അനുവദിച്ചിരുന്നു. പൊന്നാനിയില്‍ സമ്പൂര്‍ണ കടല്‍ ഭിത്തി നിര്‍മാണമെന്ന ആവശ്യം പരിഗണനയിലാണ്. ശംഖുമുഖം റോഡ് സംരക്ഷിക്കും.

കാലാവസ്ഥ

മഴ കനക്കുകയാണ്. കേന്ദ്ര കലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാമെന്ന് പ്രവചിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് വരുന്ന നാലു ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. അതിതീവ്ര മഴയോടൊപ്പം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവയുടെ സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാഭരണ സംവിധാനങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകളിലുള്ളവരെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കും. നീലഗിരി കുന്നുകളില്‍ അതിതീവ്ര മഴയുണ്ടാകുന്നത് വയനാട്, മലപ്പുറംജില്ലയുടെ കിഴക്കന്‍ മേഖല, പാലക്കാട് ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ അപകടസാധ്യത വര്‍ധിപ്പിക്കും. ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നത് എറണാകുളം ജില്ലയെയും ബാധിക്കാനിടയുണ്ട്.

പ്രവചനാതീതമായ ഈ സാഹചര്യത്തില്‍ കാലാവസ്ഥ മുന്നറിയിപ്പുകളെ ഗൗരവത്തില്‍ കാണേണ്ടതാണ്. ജില്ലാതല പ്രവചനമായതിനാല്‍ തങ്ങളുടെ പ്രദേശത്ത് നിലവില്‍ മഴയില്ലെങ്കില്‍ മുന്നറിയിപ്പിനെ അവഗണിക്കുന്ന രീതി നാട്ടിലുണ്ട്. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നിട്ടില്ല. വൈദ്യുതി വകുപ്പിന്റെ പെരിങ്ങല്‍ക്കുത്ത്, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് വിടുന്നുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ജലസേചന വകുപ്പിന്റെ ചില അണക്കെട്ടുകളിലും ജലം പുറത്തേക്കൊഴുക്കുന്നുണ്ട്.

മണിമലയാറില്‍ മാത്രമാണ് വാണിങ് ലെവലിനോട് അടുത്തുള്ള ജലനിരപ്പ് ഉള്ളത്. എങ്കിലും നദികളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കേണ്ടതാണ്. കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ വീണും പോസ്റ്റുകള്‍ വീണും അപകടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇത് ശ്രദ്ധിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തും.

ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഇറങ്ങാനോ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് സമീപം കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാനും പാടില്ല. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പാലിക്കണം.

സിവില്‍ സര്‍വീസ് ഫലം

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സിവില്‍ സര്‍വീസ് പരീക്ഷാ ഫലത്തില്‍ കേരളത്തില്‍ നിന്നും 50ല്‍ അധികം ഉദ്യോഗാര്‍ത്ഥികളാണ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്. അതില്‍ തന്നെ ആദ്യ 100 റാങ്കുകളില്‍ 10 മലയാളികളും ഉള്‍പ്പെടുന്നു എന്നത് അഭിമാനകരമായ നേട്ടമാണ്. വിജയികളായ എല്ലാവര്‍ക്കും സ്ത്യുതര്‍ഹമായ രീതിയില്‍ ജനസേവനം ചെയ്യാന്‍ കഴിയട്ടെ എന്നും നാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകാന്‍ സാധിക്കട്ടെ എന്നും ആശംസിക്കുന്നു.

മന്ത്രിസഭായോഗം
…………………….

പ്രവാസികള്‍ക്ക് ധനസഹായം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്ന് 50 കോടി രൂപ നോര്‍ക്ക റൂട്ട്‌സിന് അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ നല്‍കിയ 8.5 കോടി രൂപയ്ക്കു പുറമെയാണിത്.

എന്‍എച്ച്എം ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന എന്‍എച്ച്എം ജീവനക്കാരുടെ പ്രതിഫലം പരിമിതമായതിനാല്‍ എന്‍എച്ച്എമ്മിന്റെ കീഴില്‍ കരാര്‍, ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. ഇന്‍സെന്റീവും റിസ്‌ക് അലവന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രതിമാസം 22.68 കോടി രൂപ അധിക ബാധ്യതയായി അനുവദിക്കും.

മെഡിക്കല്‍ ഓഫീസര്‍, സ്‌പെഷ്യലിസ്റ്റ് എന്നിവരടക്കമുള്ളവര്‍ ഗ്രേഡ് ഒന്നിലായിരിക്കും. ഇവരുടെ വേതനം കുറഞ്ഞത് 40,000 എന്നത് 50,000മാക്കി ഉയര്‍ത്തും. 20 ശതമാനം റിസ്‌ക് അലവന്‍സും അനുവദിക്കും.

സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഡെന്റല്‍ സര്‍ജന്‍, ആയുഷ് ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന രണ്ടാം കാറ്റഗറിക്ക് 20 ശതമാനം റിസ്‌ക് അലവന്‍സ് അനുവദിക്കും.

മൂന്നാമത്തെ വിഭാഗത്തില്‍ സ്റ്റാഫ് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ്, ടെക്‌നീഷ്യന്‍ തുടങ്ങിയവരാണുള്ളത്. ഇവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപ ആയിരുന്നത് 20,000 രൂപയായി ഉയര്‍ത്തും. 25 ശതമാനം റിസ്‌ക് അലവന്‍സും അനുവദിക്കും.
ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാര്‍ക്ക് ദിവസവേതനത്തിനു പുറമെ 30 ശതമാനം റിസ്‌ക് അലവന്‍സ് അനുവദിക്കും.

കോവിഡ് പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന് അധിക ജീവനക്കാര്‍ ഉണ്ടെങ്കില്‍, ഇന്‍സെന്റീവും റിസ്‌ക് അലവന്‍സും പുതുതായി നിയമിക്കപ്പെടുന്ന എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കും.

വിവിധ രോഗങ്ങള്‍ക്കുള്ള കോവിഡ് ഹെല്‍ത്ത് പോളിസി പാക്കേജുകള്‍ കെഎഎസ്പി സ്‌കീമിന്റെ പരിധിയില്‍ വരാത്ത ജീവനക്കാര്‍ക്കും നല്‍കും. കോവിഡ് ബ്രിഗേഡിലെ എല്ലാ അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചു.

ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധന

2020-21 അധ്യയനവര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്ലസ് വണ്‍ കോഴ്‌സുകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധന വരുത്തും. കാസര്‍കോട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 20 ശതമാനവും മറ്റ് ജില്ലകളില്‍ 10 ശതമാനവുമാണ് വര്‍ധന വരുത്തുക. വര്‍ധിപ്പിക്കുന്ന സീറ്റുകളില്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകാത്ത രീതിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്കു വിധേയമായി ഏകജാലക പ്രക്രിയ മുഖേനയായിരിക്കും പ്രവേശനം. അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ബാച്ചുകള്‍ക്ക് മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ബാധകമല്ല.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) സമര്‍പ്പിച്ച ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലുണ്ടായ വരുമാനനഷ്ടം കണക്കിലെടുത്ത് 36.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

ക്ഷേമബോര്‍ഡ് അംഗങ്ങളല്ലാത്ത വ്യാപാരികള്‍ക്ക് ധനസഹായം

2018 മഹാപ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരി ക്ഷേമബോര്‍ഡ് അംഗങ്ങളല്ലാത്ത 10800 വ്യാപാരികള്‍ക്ക് 5000 രൂപ വീതം ധനസഹായം അനുവദിക്കാന്‍ 5.4 കോടി രൂപ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. റവന്യൂ അതോറിറ്റി / ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി / സെക്രട്ടറി എന്നിവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ / സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ധനസഹായം.

ഓര്‍ഡിനന്‍സ്

രാത്രി ഏഴു മണി മുതല്‍ രാവിലെ 6 മണി വരെ രാത്രി ഷിഫ്റ്റുകളില്‍ സ്ത്രീകള്‍ക്ക് ഫാക്ടറികളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നതിന് 1948ലെ ഫാക്ടറീസ് ആക്ട് സെക്ഷന്‍ 66 ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

സഹകരണ വകുപ്പില്‍ 1986 മുതല്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ തുടര്‍ന്നു വരുന്ന കുടിശ്ശിക നിവാരണ ഓഡിറ്റര്‍മാരുടെ 75 തസ്തികകള്‍ ധനകാര്യ വകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി 01-01-2020 മുതല്‍ പ്രാബല്യത്തില്‍ സ്ഥിരം തസ്തികകളായി മാറ്റുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് എം.എം. പുഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിക്കുന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സിലിന്റെ അജണ്ട ഇനങ്ങളില്‍ സംസ്ഥാനത്തിന്റെ അഭിപ്രായം രൂപീകരിക്കുന്നതിന് മന്ത്രിസഭാ ഉപ സമിതി രൂപീകരിച്ചു. നിയമ വകുപ്പ് മന്ത്രി ചെയര്‍മാനും ധനകാര്യം, റവന്യൂ, ജലവിഭവം, ഗതാഗതം, തുറമുഖ വകുപ്പ് മന്ത്രിമാര്‍ മെമ്പര്‍മാരുമായാണ് സമിതി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കും. സെന്റര്‍ ഫോര്‍ ഡി.എന്‍.എ ഫിംഗര്‍ പ്രിന്റിംഗ് ആന്‍ഡ് ഡയഗണോസ്റ്റിക്‌സ് മുന്‍ ഡയറക്ടര്‍ (ഹൈദരാബാദ്) ഡോ. ദേബാഷിശ് മിത്രയെ പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിക്കും.

Comments are closed.