Now Reading
“ഒരു പാസ്പോർട്ട് പുതുക്കാനുള്ള അങ്കമാണിത്. അപ്പഴാണ് ഇവമ്മാർ 130 കോടി ജനങ്ങൾക്ക് പൗര ത്വം ഉണ്ടാക്കാൻ പോകുന്നത്.”

“ഒരു പാസ്പോർട്ട് പുതുക്കാനുള്ള അങ്കമാണിത്. അപ്പഴാണ് ഇവമ്മാർ 130 കോടി ജനങ്ങൾക്ക് പൗര ത്വം ഉണ്ടാക്കാൻ പോകുന്നത്.”

രഞ്ജിത്ത് ആന്റണി

“ഇൻഡ്യൻ പാസ്പോർട്ട് പുതുക്കാൻ സമയമായി. അതിനുള്ള പരിപാടികൾ തുടങ്ങിയിട്ട് മാസം ഒന്നായി. ഇത് വരെ ശരിയായിട്ടില്ല.

അപേക്ഷിക്കണ്ടത് കോണ്സലേറ്റിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിലാണ്. പക്ഷെ അവിടെ സാധനം നേരിട്ട് എടുക്കില്ല. കോക്സ് ആൻഡ് കിങ്സ് എന്നൊരു ഡ്രോപ്ബോക്സ് സംവിധാനം ഉണ്ട്. അത് വഴിയാണ് അപേക്ഷിക്കണ്ടത്. ഒന്നുകിൽ അയച്ചു കൊടുക്കാം. അല്ലെങ്കിൽ അവിടെ അപ്പോയിന്റ്മെന്റ് എടുത്ത് നേരിട്ട് അപേക്ഷിക്കാം. 250 മൈൽ ദൂരെയുള്ള ന്യുയോർക്കിലേയ്ക്ക് ഡ്രൈവ് ചെയ്യണ്ട മടിയും, അവിടെ ചെന്നുള്ള പാർക്കിങ്ങിന്റെ ചിലവുമൊക്കെ നോക്കുമ്പോൾ അയച്ചു കൊടുക്കുന്നതാണ് ലാഭം.

അങ്ങനെ അയച്ചു കൊടുക്കാൻ തീരുമാനിച്ചു. അപേക്ഷ, സേവാ കേന്ദ്രത്തിലെ വെബ്സൈറ്റിൽ ചെന്ന് ഫില്ലു ചെയ്യണം. അതേ കാര്യങ്ങൾ തന്നെ കോക്സ് ആൻഡ് കിങ്ങ്സിലും പൂരിപ്പിക്കണം. ഓണ്ലൈനല്ലെ, എളുപ്പമല്ലെ എന്നൊന്നും ചോദിക്കരുത്. പലതരം കളറിൽ മിന്നി തിളങ്ങുന്ന ലിങ്കുകളും, മാർക്യു ബാനറുകൾക്കുമിടയിൽ നിന്ന് ഉന്നം തെറ്റാതെ നമുക്ക് ആവശ്യമുള്ള ലിങ്ക് കണ്ടെത്തണമെങ്കിൽ തന്നെ നല്ല പാടാണ്. ആ വൈതരണികളൊക്കെ ഈ കെ.കെ ജോസഫ് ചാടി കടന്നു. അവസാനം രണ്ടിടത്തും പൂരിപ്പിച്ചു. സേവാ കേന്ദ്രത്തിൽ അപേക്ഷിച്ച ഫോം പി.ഡി.ഫ് ആയി ഡൌണ്ലോഡ് ചെയ്ത് നമ്മുടെ അമേരിക്കയിലെ ലീഗൽ സ്റ്റാറ്റസിന്റെ പ്രൂഫ്, അഡ്രസ് പ്രൂഫ് ഒക്കെ നോട്ടറൈസ് ചെയ്ത് അറ്റസ്റ്റ് ചെയ്ത് കോക്സ് ആൻഡ് കിങ്സിന് അയച്ചു കൊടുക്കണം. ഒറ്റ കുഴപ്പം സേവാ കേന്ദ്രത്തിലെ അപേക്ഷ ഡൌണ്ലോഡ് ചെയ്യുമ്പോൾ നമ്മൾ അടിച്ചു കയറ്റിയ സാധനങ്ങളൊന്നും പി.ഡി.എഫ് ലില്ല.

ഇങ്ങനൊരു പ്രശ്നമുണ്ടെന്ന് പറയാനായി ആരോടും വിളിച്ചു പറയാനൊക്കില്ല. കോണ്സലേറ്റിലെ ഫോണ് വെറുതെ ആഡംബരത്തിന് വെച്ചിരിക്കുകയാണ്. ആരും എടുക്കില്ല. ഇനി അഥവാ എടുത്താൽ അപ്രത്തിരിക്കുന്നവന് കിണ്ടി മാത്രമേ അറിയും. നമ്മുടെ കിണ്ടി അവനും, അവന്റെ കിണ്ടി നമുക്കും മനസ്സിലാവില്ല. പിന്നെ ഹം ആപ് കേ കോൻ, ദിൽവാലെ ദുൽഹനിയാ ലേ ജായേങ്കേ എന്നൊക്കെ അറിയാവുന്ന കിണ്ടിയിൽ പേച്ചി അവസാനം അവന് കാര്യമെന്താണെന്ന് പിടി കിട്ടി. അതിനു പക്ഷെ അവനു സൊല്യുഷനില്ല. അവസാനം നമ്മൾ തന്നെ സൊല്യൂഷൻ കണ്ടെത്തി. പലതരം ബ്രൌസറുകൾ ഇൻസ്റ്റാൾ ചെയ്ത്, അതിൽ നിന്നൊക്കെ ഡൌണ്ലോഡ് ചെയ്യാൻ പരാജയപ്പെട്ട് അവസാനം പൊടി പിടിച്ച് കിടന്ന ഒരു വിൻഡോസ് മെഷീനിൽ വിൻഡോസും പിന്നെ പന്തീരായിരം അപ്ഡേറ്റുകളുമൊക്കെ ഇൻസ്റ്റാൾ ചെയ്ത് ഇന്റർനെറ്റ് എക്സ്പ്ലോററിൽ നിന്ന് കാര്യം നടന്നു.

സ്റ്റെപ് വണ് സക്സസ്സ്.

See Also

സാധനം അയച്ചു കൊടുത്തു. ദോഷം പറയരുതല്ലൊ, അവിടെ കിട്ടിയെന്ന് കാണിച്ചു ഈമെയിലും മെസ്സേജും വന്നു. പിന്നെ ഒരു വിവരവുമില്ല. ബുധനാഴ്ച നമ്മുടെ അപേക്ഷ ഹോൾഡിലാണെന്ന് കാണിച്ച് വേറൊരു മെസ്സേജും കിട്ടി. ഡോക്കുമെന്റുകൾ അപര്യാപ്തമാണത്രെ. ഏതാണ് മിസ്സിങ് ഡോക്കുമെന്റ് എന്ന് പറയുന്നുമില്ല. കോക്സ് ആൻഡ് കിങ്സിനു ഫോണ് വിളിച്ചു. അര മണിക്കൂറിനു $10 വെച്ച് കാശും പോയി കിട്ടിയപ്പോൾ മനസ്സിലായി ആ ഡൌണ്ലോഡ് ചെയ്ത പി.ഡി.എഫിലെ ഒരു എണ്ട്രി ഇപ്പഴും മിസ്സിങ്ങാണെന്ന്.

ഒരു പാസ്പോർട്ട് പുതുക്കാനുള്ള അങ്കമാണിത്. അപ്പഴാണ് ഇവമ്മാർ 130 കോടി ജനങ്ങൾക്ക് പൌരത്വം ഉണ്ടാക്കാൻ പോകുന്നത്.”

(രഞ്ജിത്ത് ആന്റണി ഫേസ് ബുക്കില്‍ കുറിച്ചത്‌)

Scroll To Top