News in its shortest

പാരാലിമ്പിക്‌സ്‌: നിശ്ചയദാർഢ്യത്തിന്റെ ഇന്ത്യൻ വിജയ കഥ

ദിനൂപ് ചേലേമ്പ്ര

ടോക്കിയോയിൽ പാരാലിമ്പിക്‌സിനു കൊടിയിറങ്ങുമ്പോൾ ഇന്ത്യൻ താരങ്ങളുടെ മടക്കം തല ഉയർത്തി പിടിച്ചു തന്നെയാണ് .”പുതുയുഗപ്പിറവിയുടെ ആരംഭമെന്ന “കേന്ദ്ര കായിക മന്ത്രിയുടെ ട്വീറ്റ് അന്വർത്ഥമാക്കുന്ന പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ച വെച്ചത് .ടോക്കിയോയിൽ മത്സരിക്കാൻ എത്തിയ 54 താരങ്ങളിൽ 17 താരങ്ങളും മെഡലുമായാണ് മടങ്ങുന്നത് .നിർഭാഗ്യം കൊണ്ട് മാത്രം മെഡൽ നഷ്ടപ്പെട്ടവരും പൊരുതി തോറ്റവരും കൂട്ടത്തിൽ ഉണ്ട്.റിയോയിൽ നാലു മെഡലുകളുമായി 43 -ആം സ്ഥാനത്തു ആയിരുന്ന ഇന്ത്യ ഇത്തവണ ടോക്കിയോയിൽ അഞ്ചു സ്വർണവും എട്ട് വെള്ളിയും ആറു വെങ്കലവുമടക്കം 19  മെഡലുകളുമായി ഇരുപത്തിനാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് .പരിമിതികളെ പടിക്ക് പുറത്താക്കിയ പ്രകടനം കൊണ്ട് മത്സരത്തിനായി എത്തിയ ഓരോ കായിക താരവും പുതു തലമുറയ്ക്ക് നല്‌കുന്ന ആത്മവിശ്വാസം ചെറുതല്ല.

കയ്യടിക്കാം ഗൗരവ് ഖന്നയ്ക്ക്

പാരാലിമ്പിക്‌സിലെ മെഡൽ നേട്ടത്തിന് ബാഡ്മിന്റൺ താരങ്ങൾ എല്ലാ അർത്ഥത്തിലും കടപ്പെട്ടിരിക്കുന്നത് ഗൗരവ് ഖന്ന എന്ന പരിശീലകനോടാണ് .അദ്ദേഹമാണ് രാജ്യം മുഴുവൻ സഞ്ചരിച്ചു ഭിന്ന ശേഷിക്കാരിൽ പ്രതിഭയുള്ള കായിക താരങ്ങളെ കണ്ടെത്തി പാരാലിമ്പിക്‌സിൽ മത്സരിക്കാൻ പ്രാപ്തരാക്കിയത്.പാരാലിമ്പിക്‌സ്‌ പോലുള്ള വലിയ ഒരു കായിക വേദിയിൽ ദേശീയ പതാക പാറിപറന്നപ്പോൾ  രാജ്യം കടപ്പെട്ടതു ഈ പരിശീലകനോടാണെന്നു പറയാം .ദ്രോണാചാര്യ പുരസ്കാരത്തിന്റെ കൂടെ ലഭിച്ച പതിനഞ്ചു ലക്ഷം രൂപ കൊണ്ട് അദ്ദേഹം നിർമിച്ച ബാഡ്മിന്റൺ അക്കാദമി നിരവധി താരങ്ങൾക്ക് ചിറകടിച്ചുയരാനുള്ള കരുത്തു പകർന്നു എന്ന് പറയാം . .

2500 ചതുരശ്ര അടി വിസ്‌തീർണമുള്ള ജിം അടക്കം എല്ലാ ആധുനിക സൗകര്യങ്ങളോടെ ഭിന്ന ശേഷി സൗഹൃദമായ സൗകര്യങ്ങൾ ഒരുക്കിയാണ് അക്കാദമി സജ്ജമാക്കിയിരിക്കുന്നത് .കായിക താരങ്ങൾക്ക് മാത്രമല്ല കായിക പ്രേമികൾക്കും ഇപ്പോൾ കൺകണ്ട ദൈവം ആവുകയാണ് ഗൗരവ് ഖന്ന .മെഡൽ നേടിയെടുത്ത പ്രമോദ് ഭഗത്,മനോജ് സർക്കാർ ,കൃഷണസാഗർ എന്നിവർ ഗുരുവിനെ ആലിംഗനം ചെയ്ത പോലെ തന്നെ ഓരോ കായിക പ്രേമിയും ഈ ദ്രോണാചാര്യരെ മനസ് കൊണ്ട് എത്രയോ തവണ ആലിംഗനം ചെയ്തു കാണും .

അഭിമാനമായി അവാനി ലേഖര

പാരാലിമ്പിക്‌സിൽ മത്സരിക്കാനെത്തുന്ന ഓരോ കായിക താരത്തിനും പറയാനുണ്ടാവുക അതിജീവനത്തിന്റെ പെരുമഴക്കാലമായിരിക്കും. പാറി പറക്കുന്നതിനിടെ പെട്ടെന്ന് ഒരു നിമിഷം കൊണ്ട് ജീവിതത്തിന്റെ കളി ചിരികൾ നഷ്ടമായവരാണ് അതിലധികം പേരും .ഒരു ആക്സിഡന്റ് കൊണ്ടോ മറ്റെന്തിങ്കിലും രോഗാവസ്ഥ കൊണ്ടോ നിശ്ചലമായി പോയത് അവരിൽ പലരുടെയും ശരീര ഭാഗങ്ങൾ മാത്രമല്ല അവർ എത്തിപ്പിടിക്കാൻ മോഹിച്ച സ്വപ്നങ്ങളെ തന്നെയാണ് .വിധി നിശ്ചയിച്ച ശൂന്യതയിൽ നിന്നുമാണ് പുതിയ ലോകത്തേയ്ക്ക് ചിറകടിച്ചുയരാൻ അവരിൽ പലരും ശ്രമിക്കുന്നതും .മെഡൽ നേടുമ്പോൾ അവരുടെ ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരിയിലും വിടരുന്ന കണ്ണുകളിലും നിറയുന്നത് അതിജീവത്തിന്റെ കഥനകഥകൾ തന്നെയാണ് .

രാജ്യത്തിനായി പാരാലിമ്പിക്‌സ്‌ വേദിയിൽ മെഡൽ നേടുന്ന ആദ്യ വനിതാ താരമെന്ന ഖ്യാതിയുമായെത്തുന്ന അവനി ലഖരയെന്ന പത്തൊൻപതുകാരിയ്ക്ക് പറയാനുള്ളതും അത്തരത്തിലുള്ള അത്തരത്തിലുള്ള ഒരു കഥയാണ് .പതിനൊന്നു വയസുള്ളപ്പോൾ ആക്സിഡന്റിൽ അരയ്ക്ക് താഴെ താഴെ തളർന്നു പോയ അവനി എട്ടു വർഷങ്ങൾക്കിപ്പുറം രാജ്യത്തിന്റെ അഭിമാനമായി നിൽക്കുമ്പോൾ അവരുടെ മുഖത്തു നാം കണ്ട ആതമവിശ്വാസം സ്ഫുരിക്കുന്ന ചെറു ചിരി മാത്രം മതിയാകും   പിന്നിൽ വരുന്നവർക്ക് പ്രചോദനം ആകാൻ  .

വീൽ ചെയറിൽ ഒതുങ്ങി പോകാതെ മകൾക്ക് ആത്മവിശ്വാസം നൽകി കൂടെ നിന്ന അവനിയുടെ മാതാപിതാക്കൾക്കും അവകാശപ്പെട്ടതാണ് ഓരോ അഭിനന്ദനങ്ങളും .സമാനതകളില്ലാത്ത നിശ്ചയ ദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും പ്രതീകമായി അവനി ലഖാനി മാറുമ്പോൾ പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളോട് പരാജയം സമ്മതിച്ചവർക്ക് പോലും നൽകുന്നത് കുതിച്ചുയരാൻ ഒരിക്കൽ കൂടി ശ്രമിച്ചു നോക്കാനുള്ള പ്രചോദനം തന്നെയാണ് .

അവാനി ലഖരയിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നതല്ല ഇത്തരം അതിജീവനത്തിന്റെ കഥകൾ .രാജ്യങ്ങൾക്കിടയിൽ മനുഷ്യൻ കെട്ടിപ്പൊക്കിയ അതിരുകളെ മാറ്റി നിർത്തിയാൽ പാരാലിമ്പിക്‌സ്‌ വേദികളിൽ മത്സരിക്കാനായെത്തുന്ന ഓരോ കായിക താരത്തിനും പറയാനുണ്ടാകും ഭൂതകാലത്തു ജീവിതം മാറ്റി മറച്ച വീഴ്ചകളുടെ കഥകൾ .

ബൈക്ക് അപകടത്തിൽ ഇടതു കാലിന്റെ മുട്ടിനു താഴെ മുറിച്ചു മാറ്റിയ സുമിത് ആൻ്റിൽ എന്ന ഹരിയാനക്കാരൻ ജാവലിൻ ത്രോയിൽ സ്വർണം അണിഞ്ഞപ്പോൾ വിധി പോലും സ്വയം പരിഹസിക്കപ്പെട്ടു കാണില്ലേ ?.ഗുസ്തി താരമാവാൻ മോഹിച്ച സുമിത് ജാവലിൻ ത്രോയിൽ പരിശീലനം ആരംഭിച്ചത് അപകടത്തിന് ശേഷമായിരുന്നു .തുടർച്ചയായി രണ്ടാം തവണയും ഹൈ ജമ്പിൽ മെഡൽ നേടിയ തമിഴ് നാട്ടുകാരൻ മാരിയപ്പൻ  തങ്കവേലുവും എട്ടാം വയസ്സിൽ കാലുകൾ നഷ്ടപ്പെട്ട വെള്ളിമെഡൽ ജേതാവ് നിഷാദ് കുമാറും ജീവിതം തീർന്നു എന്ന് കരുതിയിടത്തു നിന്നാണ് പൊരുതി കയറി മെഡൽ നേടിയത് .പോളിയോ ബാധിച്ചു കാലുകൾ തളർന്ന ഭാവിന ബെൻ പട്ടേലും ശരത് കുമാറുമൊക്കെ നടന്നു വന്നതു കയ്‌പേറിയ വഴികളിലൂടെ തന്നെയാണ് .

പാരാലിമ്പിക്‌സ്‌ വേദിയിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ കായിക താരങ്ങളെ രാജ്യം കൈ വിടരുത് .ഭാവി താരങ്ങളെ വളർത്തിയെടുക്കാൻ കർമ്മ പദ്ധതികൾ അനിവാര്യമാണ് .സാധാരണ കായിക താരങ്ങൾക്ക് കിട്ടുന്ന പരിഗണന ഒട്ടും കുറയാതെ ലഭിക്കാൻ അര്ഹതപെട്ടവർ തന്നെയാണ് ഇവരും .

80%
Awesome
  • Design

Comments are closed.