News in its shortest

പാലക്കാട്, കണ്ണൂര്‍ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള സ്ഥലമെടുപ്പിന് 12,710 കോടി രൂപ അനുവദിച്ചു

പാലക്കാട്, കണ്ണൂർ വ്യവസായ പാർക്കുകൾക്കുള്ള സ്ഥലമെടുപ്പിന് 12,710 കോടി രൂപ അനുവദിക്കാൻ കിഫ്ബി തീരുമാനം. 5366 ഏക്കർ ഭൂമിയാണ് രണ്ടു ജില്ലകളിലായി ഏറ്റെടുക്കുന്നത്. ഇതുൾപ്പെടെ ഏഴ് അടിസ്ഥാന സൗകര്യപദ്ധതികൾക്കായി 16,404 കോടിയുടെ പദ്ധതികൾക്കാണ് ഇന്നു ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകിയത്. ഇതുവരെ 39,716.57 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്.

ആലപ്പുഴയിലെ പെരുമ്പലം പാലം (96 കോടി), എറണാകുളത്ത് തേവര – കുംബളം പാലം (97 കോടി), കോഴിക്കോട് പുതിയങ്ങാടി കൃഷ്ണൻനായർ റോഡ് വിപുലീകരണം (155.50 കോടി), ഇടുക്കിയിലെ ഉടുമ്പഞ്ചോല രാജാക്കാട് ചിത്തിരപുരം റോഡു വികസനം (145.67 കോടി), അങ്കമാലി മുനിസിപ്പാലിറ്റി, തുറവൂർ, മഞ്ഞപ്ര, മലയാറ്റൂർ, അയ്യമ്പുഴ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണ വിതരണപദ്ധതികളുടെ അനുബന്ധപ്രവർത്തനങ്ങൾ (115.93 കോടി) കൊച്ചിയിൽ ജലഗതാഗത പദ്ധതിയ്ക്ക് സ്ഥലമെടുപ്പ് (566.51 കോടി) എന്നിവയാണ് ബോർഡ് യോഗം അംഗീകാരം നൽകിയ മറ്റു പദ്ധതികൾ.

ലണ്ടൻ, സിങ്കപ്പൂർ എന്നീ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി മസാല ബോണ്ട് പുറപ്പെടുവിക്കാനും യോഗം തീരുമാനിച്ചു. പദ്ധതികൾക്കുവേണ്ടി വിവിധ ബാങ്കുകളിൽ നിന്നും ടേം ലോണുകളെടുക്കും. ലോകത്തിന്റെ വിവിധ ബാഗങ്ങളിൽ വിജയകരമായി നടപ്പാക്കപ്പെട്ട ഫുൾ ഡെപ്ത് റിക്ലമേഷൻ, കോൾഡ് റീസൈക്ലിംഗ്, ജിയോസെൽസ്, മൈക്രോ സർഫിംഗ്, സോയിൽ നൈലിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യ കിഫ്ബി പദ്ധതികളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനെ സംബന്ധിച്ചും യോഗം സജീവമായി ചർച്ച ചെയ്തു.

Comments are closed.