News in its shortest

പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്: മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

പാലക്കാട് ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് നല്‍കാനുളള ശമ്പള കുടിശ്ശികയുടെയും മറ്റു ആനുകൂല്യങ്ങളുടെയും കാര്യത്തില്‍ എത്രയും വേഗം തീര്‍പ്പുണ്ടാക്കണമെന്ന് കേന്ദ്ര ഘനവ്യവസായപൊതുമേഖലാ വകുപ്പു മന്ത്രി ആനന്ദ് ഗംഗാറാം ഗീതെക്കു അയച്ച കത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച ഇന്‍സ്ട്രുമെന്‍റേഷന്‍ ഏറ്റെടുത്ത് നടത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. ഇതിന്‍റെ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ആസ്തിബാധ്യതകള്‍ 2017 നവംബറില്‍ ചേര്‍ന്ന യോഗത്തില്‍ തിട്ടപ്പെടുത്തിക്കഴിഞ്ഞു. കോടതിയിലുളള കേസുകളുടെ തീര്‍പ്പിന് വിധേയമായി ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡ് പരിഹരിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് ജീവനക്കാര്‍ക്ക് നല്‍കാനുളള കുടിശ്ശികയുടെ ബാധ്യത കേരള സര്‍ക്കാരിനില്ല.

ഇന്‍സ്ട്രുമെന്‍റേഷന്‍റെ പാലക്കാട് യൂണിറ്റ് ദീര്‍ഘകാലം ലാഭത്തിലായിരുന്നു പ്രവര്‍ത്തിച്ചത്. എന്നാല്‍ കോട്ട യൂണിറ്റ് വന്‍ നഷ്ടം ഉണ്ടാക്കിക്കൊണ്ടിരുന്നു. അതേസമയം, കോട്ട യൂണിറ്റിന്‍റെ ബാധ്യതകള്‍ തീര്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഗണ്യമായ തുക അനുവദിക്കുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ച് പാലക്കാട് യൂണിറ്റിലെ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉല്പാദന ബോണസ്, ഉത്സവബത്ത എന്നിവയിലുളള കുടിശ്ശിക കോടതി വിധിക്ക് വിധേയമായി കൊടുത്തു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അതു പൂര്‍ത്തിയായാലേ ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡിന്‍റെ ആസ്തി ഏറ്റെടുക്കാന്‍ കേരള സര്‍ക്കാരിന് കഴിയൂ എന്നും പറഞ്ഞു.

Comments are closed.