News in its shortest

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് 19; 8 പേര്‍ രോഗമുക്തി നേടി

1,71,355 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 5 പേര്‍ ദുബായില്‍ നിന്നും (കാസര്‍ഗോഡ്-3, കണ്ണൂര്‍, എറണാകുളം) 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കാസര്‍ഗോഡ്-2) രോഗം വന്നത്.

കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തില്‍ 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Comments are closed.