News in its shortest

പ്രവാസി നിയമ സഹായസെല്‍: കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക്

പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ അഭിഭാഷകര്‍ സൗജന്യ സേവനം നല്‍കുന്ന പ്രവാസി നിയമ സഹായ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. നിലവില്‍ കൂവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഉണ്ടായിരുന്ന സേവനം ഇനി മുതല്‍ ബഹറിന്‍, അബുദാബി എന്നിവിടങ്ങളില്‍ ലഭിക്കും. മറ്റ് രാജ്യങ്ങളിലും പദ്ധതി ഉടന്‍ നിലവില്‍ വരും.

പദ്ധതിയിന്‍ കീഴില്‍ നിലവിലുള്ള കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്കു പുറമേ ബഹറിന്‍ അബുദാബി എന്നിവിടങ്ങളിലും നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും, ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതാണ് ഈ പദ്ധതി.

ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പദ്ധതിയ്ക്ക് കീഴില്‍ നിയമ സഹായം ലഭിക്കും. ഇതിന്റെ ഭാഗമായി കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം നഷ്ടപരിഹാര/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികള്‍ മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

കേരളത്തില്‍ നിന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തൊഴിലാളികള്‍ കോടതി വ്യവഹാരങ്ങളും മറ്റ് നിയമ കുരുക്കുകളും മൂലം കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. യാതൊരു വിധ നിയമസഹായവും ലഭിക്കാതെ നിരവധി പേര്‍ ജയിലുകളില്‍ എത്തിപ്പെടുകയും കടുത്ത ശിക്ഷകള്‍ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യവും നിലവിലുണ്ട്.

പ്രവാസി നിയമ സഹായത്തിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, മൂന്നാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം-695014 ലോ,  [email protected][email protected]  ലോ സമര്‍പ്പിക്കണം. അപേക്ഷ ഫോറം  www.norkaroots.org ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

Comments are closed.