News in its shortest

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പുതിയ രണ്ട് റെയില്‍ പാതകള്‍ക്ക് പഠനം നടത്തും

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള റെയില്‍ പാതക്ക് സമാന്തരമായി മൂന്നും നാലും പാത പണിയണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം സംബന്ധിച്ച് സംയുക്ത പഠനം നടത്താന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനിയുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നിര്‍ദിഷ്ട പദ്ധതി സംബന്ധിച്ച് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് സാധ്യതാ പഠനം നടത്തിയിരുന്നു. സിഗ്‌നല്‍ സംവിധാനം ആധുനികവല്‍ക്കരിക്കുന്നതുള്‍പ്പെടെ പദ്ധതിക്ക് 47,769 കോടി രൂപയാണ് ഇതനുസരിച്ച് കണക്കാക്കിയിരുന്നത്. ഇതു സംബന്ധിച്ച് വിശദമായ പഠനം റെയില്‍വെയും കെ.ആര്‍.ഡി. സി. എല്ലും ചേര്‍ന്ന് നടത്തും.

പാലക്കാട്ടെ നിര്‍ദിഷ്ട കോച്ച് ഫാക്ടറി പ്രായോഗികമല്ലെന്ന നിലപാടിലാണ് ഇപ്പോള്‍ റെയില്‍വെ. കാരണം പരമ്പരാഗത കോച്ചുകള്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ മൂന്ന് ഫാക്ടറികള്‍ ഉണ്ട്. അതിനാല്‍ മെട്രോ കോച്ച് നിര്‍മിക്കുന്ന ഫാക്ടറിയായി ഈ പദ്ധതി മാറ്റാനാവുമോ എന്നത് സംബന്ധിച്ച സാധ്യതകള്‍ റെയില്‍വെ ആരായുമെന്ന് ചെയര്‍മാന്‍ ഉറപ്പു നല്‍കി.

തലശ്ശേരി – മൈസൂര്‍ റെയില്‍വെ ലൈനിനെക്കുറിച്ച് കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യാന്‍ ധാരണയായി. കര്‍ണാടകവും കൂടി ഉള്‍പ്പെട്ട പദ്ധതിയാണിത്.

അങ്കമാലി-ശബരി പാതയുടെ ചെലവ് പൂര്‍ണമായി റെയില്‍വെ വഹിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ പകുതി ചെലവ് കേരളം വഹിക്കണമെന്നതാണ് റെയില്‍വെ നിലപാട്. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ പദ്ധതിച്ചെലവ് മുഴുവന്‍ വഹിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ട്. മാത്രമല്ല സംയുക്ത സംരംഭം എന്ന രീതി വരുന്നതിനു മുമ്പ് 1996 ല്‍ അനുവദിച്ച പദ്ധതിയാണിത്. 300 കോടി രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. ഇക്കാര്യം വീണ്ടും പരിശോധിക്കാമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഉറപ്പു നല്‍കി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് ബാലരാമപുരം വരെയുള്ള റെയില്‍ ലിങ്കിന് അനുമതി നല്‍കാമെന്ന് ചെയര്‍മാന്‍ സമ്മതിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിന് കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

എറണാകുളത്തെ പഴയ സ്റ്റേഷന്റെ ഭൂമി ഉപയോഗിച്ച് പുതിയ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് ദക്ഷിണ റെയില്‍വെക്ക് നിര്‍ദേശം നല്‍കാമെന്ന് ചെയര്‍മാന്‍ അറിയിച്ചു. സ്റ്റേഷനുകള്‍ നവീകരിക്കുന്ന പദ്ധതിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല, കൊച്ചുവേളി എന്നിവ കൂടി ഉള്‍പ്പെടുത്താന്‍ ധാരണയായി.

നേമം സ്റ്റേഷന്‍ വികസനം ബോര്‍ഡ് അനുഭാവപൂര്‍വം പരിഗണിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ സൗകര്യം കുറവായതുകൊണ്ടാണ് കണ്ണൂര്‍ – തിരുവനന്തപുരം ശബരി ട്രെയിന്‍ അനുവദിക്കുന്നതിനും രാജധാനി കുടുതല്‍ ദിവസം ഓടിക്കുന്നതിനും തടസ്സമായി റെയില്‍വെ പറയുന്നത്. ഇതു കണക്കിലെടുത്ത് കൊച്ചുവേളി സ്റ്റേഷന്‍ വികസിപ്പിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലോടുന്ന കുടുതല്‍ ട്രെയിനുകളില്‍ ആധുനിക കോച്ചുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഇപ്പോള്‍ 3 ട്രെയിനുകളില്‍ മാത്രമാണ് ആധുനിക കോച്ചുകള്‍ ഉള്ളത്. കേരളത്തിലെ റെയില്‍ വികസന പദ്ധതി ഓരോ മാസവും അവലോകനം ചെയ്യാനും ധാരണയായിയെന്ന് അദ്ദേഹം അറിയിച്ചു.

Comments are closed.