കേരളത്തിലെ കരാര്‍ നിയമനം വ്യാപം അഴിമതിയെ ലജ്ജിപ്പിക്കുന്നു: മുല്ലപ്പള്ളി

0 14

പുറംവാതില്‍ നിയമനത്തിലൂടെ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കളേയും യുവതികളേയും സര്‍ക്കാരും സി.പി.എമ്മും വഞ്ചിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

വിവിധ കണ്‍സള്‍ട്ടന്‍സികള്‍ വഴി സകല മാനദണ്ഡങ്ങളും ലംഘിച്ച് ഉയര്‍ന്ന തസ്തികളില്‍ നൂറുകണക്കിന് നിയമനങ്ങള്‍ ഈ സര്‍ക്കാര്‍ നടത്തുകയാണ്. മധ്യപ്രദേശിലെ വ്യാപം അഴിമതിയെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ് നിയമനങ്ങള്‍. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പൊട്ടിത്തെറിയുടെ വക്കില്‍ നിക്കുമ്പോഴാണ് ഇത്തരമൊരു മര്യാദകേടും താന്തോന്നിത്തവും സര്‍ക്കാര്‍ നടത്തുന്നത്. ആരും ചോദിക്കാനില്ലെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ പി.എസ്.സിയുടെ മുഖമുദ്രയായ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ത്തു. പി.എസ്.സിയെ നോക്കുകുത്തിയാക്കി കണ്‍സള്‍ട്ടസി വഴി നിയമനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും ഓഫീസിലെ നിയമനങ്ങള്‍ പോലും കണ്‍സള്‍ട്ടന്‍സിയെന്ന തട്ടിപ്പ് സംഘത്തിലൂടെയാണ് നടത്തുന്നത്. സ്വകാര്യ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ‘മിന്റ്’ മാത്രം ഇതുവരെ 22 ഉന്നത തസ്തികളിലേക്ക് 90 പേരെ നിയമിച്ചെന്നാണ് ലഭിക്കുന്ന വിവരം.

കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളും അന്വേഷണ വിധേയമാക്കിയാല്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തരായ നേതാക്കളും അവരുടെ കുടുംബങ്ങളും തട്ടിയെടുത്ത നിയമനങ്ങളുടെ ശരിയായ വിവരം പുറത്തുവരും. അഭ്യസ്തവിദ്യരും അര്‍ഹരുമായ യുവതി യുവാക്കന്‍മാരെ ഇതുപോലെ വഞ്ചിച്ച സര്‍ക്കാര്‍ ഇതിന് മുന്‍പ് കേരളം ഭരിച്ചിട്ടില്ല.
എംപ്ലോയിമെന്റ് എക്സ്ചേഞ്ചില്‍ മാത്രം 36.25 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തു നിയമനം കാത്തിരിക്കുന്നത്.

പി.എസ്.സി നിയമനത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശം വാദം പച്ചക്കള്ളമാണ്. നാലുവര്‍ഷം കൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ 1,33,000 നിയമനങ്ങള്‍ നടത്തിയപ്പോള്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ട് 1,42000 ഉം, അഞ്ച് വര്‍ഷം കൊണ്ട് 1,58,000 നിയമനങ്ങളും നടത്തിയിട്ടുണ്ട്. കണക്കുകള്‍ പരിശോധിച്ചാല്‍ പൊതുസമൂഹത്തിന് ഇത് ബോധ്യമാകും.

കഴിഞ്ഞ അഞ്ചുമാസത്തിനിടെ വളരെ ചുരുക്കം നിയമനങ്ങളാണ് പി.എസ്.സി റാങ്കുലിസ്റ്റില്‍ നിന്നും നടന്നിട്ടുള്ളത്. അറുപതോളം പി.എസ്.സി പരീക്ഷകള്‍ റദ്ദാക്കി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു. സംസ്ഥാന വ്യാപകമായി എല്ലാ മേഖലയിലും പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. താല്‍ക്കാലിമായി നിയമിച്ച ശേഷം സ്ഥിരിപ്പെടുത്തുന്നതാണ് പതിവ്.

പുറംവാതില്‍ നിയമനത്തിലൂടെ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കളേയും യുവതികളേയും സര്‍ക്കാരും സി.പി.എമ്മും…

Gepostet von Mullappally Ramachandran am Samstag, 25. Juli 2020

കേരള ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും വഴിവിട്ട നിയമനങ്ങളാണ്. ഇനിയൊരിക്കലും അധികാരത്തില്‍ വരില്ലെന്ന ധാരണയോടെ തന്നെയാണ് മുഖ്യമന്ത്രിയും സംഘവും മുന്നോട്ട് പോകുന്നത്. ഈ സര്‍ക്കാരിന്റെ യുവജന വഞ്ചനയും അനധികൃത നിയമനങ്ങളും കോണ്‍ഗ്രസ് തുറന്നുകാട്ടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Leave A Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.