News in its shortest

അഞ്ചാം വര്‍ഷവും 100 തൊഴില്‍ ദിനങ്ങള്‍; 70-ാം വയസ്സിലും ആനന്ദവല്ലി ഉഷാറാണ്

നൂറ് തൊഴില്‍ ദിനങ്ങള്‍ തുടര്‍ച്ചയായി അഞ്ചാം തവണയും പൂര്‍ത്തീകരിച്ച് പഞ്ചായത്തിന് മാതൃകയായി കുടുംബശ്രീ പ്രവര്‍ത്തക ആനന്ദവല്ലി. അന്നമനട ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പ്രിയദര്‍ശിനി കുടുംബശ്രീ അംഗമാണ് ആനന്ദവല്ലി. തന്റെ എഴുപതാം വയസിലാണ് ഈ നേട്ടമെന്നതും അപൂര്‍വ്വതയാണ്. മൂന്നാം വാര്‍ഡിലെ എ ഡി എസ് സെക്രട്ടറി കൂടിയാണ് ഇവര്‍. 2008ലാണ് പ്രിയദര്‍ശിനി കുടുംബശ്രീയില്‍ ആനന്ദവല്ലി അംഗത്വമെടുക്കുന്നത്. സംഘത്തിന്റെ പ്രസിഡന്റായും മികച്ച സേവനം കാഴ്ചവെച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചപ്പോള്‍ ജോലിക്കും പോയി തുടങ്ങി.

10 വര്‍ഷം മുന്‍പാണ് ക്യാന്‍സര്‍ ബാധിച്ച് ഭര്‍ത്താവ് രാധാകൃഷ്ണന്‍ മരിക്കുന്നത്. തുടര്‍ന്ന് മൂന്ന് മക്കളുള്ള കുടുംബത്തിന്റെ ഉത്തരവാദിത്വം ആനന്ദവല്ലിക്കായി. പശുവളര്‍ത്തലും പാല്‍ വിതരണവുമൊക്കെയായി പിന്നീടുള്ള ജീവിതം. തൊഴിലുറപ്പ് പണിയിലൂടെ കിട്ടുന്ന വരുമാനം ആനന്ദവല്ലിക്ക് വലിയ ആശ്വാസമാണ്. സുഹൃത്തുക്കളുമായി ഒരുമിച്ച് ചേര്‍ന്ന് ജോലിയെടുക്കുന്നത് മറ്റേതിനെക്കാളും സന്തോഷം തരുന്നതായും തന്നെ പോലുള്ള സ്ത്രീകള്‍ക്ക് തൊഴിലുറപ്പ് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും ആനന്ദവല്ലി പറയുന്നു.

ആനന്ദവല്ലി അംഗമായ പ്രിയദര്‍ശിനി കുടുംബശ്രീ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വില്‍പനയും നടത്തിവരുന്നുണ്ട്. ഇതിലും സജീവ സാന്നിധ്യമാണ് ആനന്ദവല്ലി. 20 അംഗങ്ങളാണ് കുടുംബശ്രീയിലുള്ളത്. കോവിഡ് കാലത്തും തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു ആനന്ദവല്ലിയുടെ നേതൃത്വത്തില്‍ പ്രിയദര്‍ശിനി കുടുംബശ്രീ അംഗങ്ങള്‍. വാര്‍ധക്യത്തിന്റെ അവശതയിലും തൊഴില്‍ ചെയ്യാനുള്ള മനസാണ് ആനന്ദവല്ലിയെ മറുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഇനിയും നൂറ് ദിനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ആര്‍ജ്ജവത്തിലാണ് ആനന്ദവല്ലി ഇപ്പോള്‍.

https://www.facebook.com/R3PSCAcademy/

Comments are closed.