News in its shortest

പ്ലാസ്റ്റിക് സംസ്‌കരണം: ചേന്ദമംഗലം മാതൃക കാണാന്‍ മേഘാലയ ചീഫ് സെക്രട്ടറി എത്തി

പറവൂര്‍ : പ്ലാസ്റ്റിക്ക് മാലിന്യശേഖരണവും സംസ്‌കരണ രീതികളും നേരിട്ട് മനസ്സിലാക്കാന്‍ മേഘാലയ ചീഫ് സെക്രട്ടറി പി.എസ്. തംഗ്ഹ്യൂവിന്റെ നേതൃത്വത്തിലുള്ള സംഘം ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെത്തി. ഹരിതകര്‍മ്മ സേനയുടെ വീടുകളില്‍ നിന്നുള്ള ശേഖരണരീതി, മാലിന്യങ്ങള്‍ തരംതിരിച്ച് ഷ്‌റെഡിംഗ് യൂണിറ്റിലെത്തിയ ശേഷം സെയിലിംഗ് ചെയ്യുന്ന രീതിയും ഗ്രീന്‍ ടെക്‌നീഷ്യന്‍മാര്‍ വിശദീകരിച്ചു. ഷ്‌റെഡിംഗ് യൂണിറ്റില്‍ നിന്നും നാല് ടണ്ണോളം പ്ലാസ്റ്റിക്ക് തരം തിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് ഇതുവരെ കൈമാറിയിട്ടുണ്ട്.

പഞ്ചായത്തിന്റെ ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നും വിശദമായ പഠനത്തിന് മേഘാലയയില്‍ നിന്ന് ഒരു ടീം പഞ്ചായത്ത് സന്ദര്‍ശിക്കുമെന്നും പി.എസ്. തംഗ്ഹ്യൂ പറഞ്ഞു. ശുചിത്വമിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ എം.എച്ച്. ഷൈന്‍, ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ എം.കെ. മോഹനന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഡി. അനൂപ്, വൈസ് പ്രസിഡന്റ് നിതാ സ്റ്റാലിന്‍, ബ്ലോക്ക് പഞ്ചായത്തം ടി.ഡി. സുധീര്‍ തുടങ്ങിയവര്‍ ചീഫ് സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.

Comments are closed.