News in its shortest

അച്ഛന്‍ എഴുതുന്നത് മകള്‍ വിശ്വസിക്കുന്നുണ്ടാകില്ല: മനോരമയുടെ സുജിത് നായര്‍ക്ക് ഒരമ്മയുടെ മറുപടി

1,996

ഡെസ്‌നി സുല്‍ഹ്‌

മനോരമയിലെ സീനിയർ കറസ്പോണ്ടന്റ് സുജിത് നായരെ എനിക്ക് വ്യക്തിപരമായി അറിയില്ല. പത്രത്തിൽ പേരുകണ്ട പരിചയമേയുള്ളു. അദ്ദേഹത്തിന്റെ ഒരു ഫേസ്ബുക് കുറിപ്പ് ഒരു ഓൺലൈൻ മാധ്യമത്തിൽ കണ്ടു. കോൺഗ്രസിന് തന്റെ മകളെയും അവളുടെ തലമുറയെയും ആകർഷിക്കാൻ മാത്രം ഒരുപുല്ലും കയ്യിലില്ല എന്നുപറയുന്ന ഒരച്ഛന്റെ കുറിപ്പ്.

ഇടതുപക്ഷത്തിന്റെ ഇന്റലിജൻഷ്യയിൽ ആകൃഷ്ടയായ, ഇടതുപക്ഷ സർക്കാരിന്റെ നയങ്ങളിലും പ്രവൃത്തിയിലും മതിപ്പുള്ള മകളെക്കുറിച്ചും പുതിയ തലമുറയെക്കുറിച്ചുമുള്ള കുറിപ്പ്. തീർച്ചയായും പതിനെട്ടുകാരിയായ, പൊതുകാര്യങ്ങളിൽ തല്പരയായ, സാമൂഹ്യബോധമുള്ള പെൺകുട്ടി എന്ന നിലയിൽ താങ്കളുടെ മകളെ കുറിച്ച് എനിക്ക് മതിപ്പുണ്ട്. കോൺഗ്രസ്സിന്റെ കടലിൽചാട്ടവും കെട്ടിപിടുത്തവും ചെറുപ്പക്കാരെ ആകർഷിക്കില്ലെന്നും ആ ഗിമ്മിക്‌സ് തിരിച്ചറിയാനുള്ള ബോധം യുവത്വത്തിനുണ്ടെന്നുമുള്ള താങ്കളുടെ തിരിച്ചറിവിൽ ഞാൻ സന്തോഷിക്കുന്നു.

ഇതേ തിരിച്ചറിവുള്ള താങ്കളുടെ മകളടക്കമുള്ള യുവതയ്ക്ക് താങ്കളെപ്പോലുള്ള മാധ്യമപ്രവർത്തകർ എഴുതി നിറയ്ക്കുന്ന നിറപ്പകിട്ടുള്ള കള്ളക്കഥകളോട് എന്താണ് അഭിപ്രായമെന്ന് കൂടി മകളുടെ സാമൂഹ്യബോധത്തിൽ തല്പരനായ പിതാവ് എന്ന നിലയിൽ താങ്കൾക്ക് അന്വേഷിക്കാമായിരുന്നു. ആ കഥകളൊക്കെ തൊണ്ടതൊടാതെ അവർ വിഴുങ്ങുന്നുണ്ടോ എന്നും അന്വേഷിക്കാമായിരുന്നു.

അന്വേഷിച്ചതുകൊണ്ട് താങ്കളുൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ നാളെമുതൽ സത്യസന്ധമായ വാർത്തകളിലേക്ക് കൂടുമാറുമെന്നോ, atleast അപസർപ്പക കഥകളിൽ നിന്ന് വിട്ടുനിൽക്കുകയെങ്കിലും ചെയ്യുമെന്നോ പ്രതീക്ഷിച്ചിട്ടല്ല. പുതിയ കള്ളക്കഥകൾ എഴുതുമ്പോൾ അവർക്കു കൂടി വിശ്വാസ്യമാകുന്ന രീതിയിൽ അവതരിപ്പിക്കാനെങ്കിലും ശ്രമിക്കുമല്ലോ എന്നുകരുതി മാത്രമാണ്.

ഒന്നുറപ്പാണ്, സുജിത് നായർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരോടും കൂടിയുള്ള വിയോജിപ്പാകും താങ്കളുടെ മകൾ പ്രകടപ്പിച്ചിട്ടുണ്ടാകുക. ഒന്നുകിൽ താങ്കളുടെ മകൾ മനോരമ വായിക്കുന്നുണ്ടാവില്ല. അല്ലെങ്കിൽ താങ്കൾ എഴുതിയതുപോലും വിശ്വസിക്കുന്നുണ്ടാകില്ല. രണ്ടായാലും താങ്കൾ ഉൾപ്പെടെയുള്ളവർ ഇത്രയേറെ കള്ളക്കഥകൾ എഴുതിനിറച്ചിട്ടും അത് വിശ്വസിക്കാതിരിക്കാനുള്ള ആ പെൺകുട്ടിയുടെ യുക്തിബോധത്തിന് ഞാൻ കയ്യടിക്കുന്നു. മിടുക്കി!!

(ഡെസ്‌നി സുല്‍ഹ് ഫേസ് ബുക്കില്‍ കുറിച്ചത്)

സുജിത് നായര്‍ എഴുതിയ എഫ് ബി പോസ്റ്റ് വായിക്കാന്‍ സന്ദര്‍ശിക്കുക: കോണ്‍ഗ്രസ് അറിയാന്‍: എന്റെ മകളെ ആകര്‍ഷിക്കുന്ന ഒന്നും നിങ്ങളിലില്ല; മാധ്യമ പ്രവര്‍ത്തകനായ ഒരച്ഛന്‍ എഴുതുന്നു

അച്ഛന്‍ എഴുതുന്നത് മകള്‍ വിശ്വസിക്കുന്നുണ്ടാകില്ല: മനോരമയുടെ സുജിത് നായര്‍ക്ക് ഒരമ്മയുടെ മറുപടി
80%
Awesome
  • Design

Comments are closed.