News in its shortest

കോഴിക്കോട്ട് അന്താരാഷ്ട്ര നിലവാരമുളള ഫുട്ബാള്‍അക്കാദമി: അര്‍ജന്റീനിയന്‍ പരിശീലകര്‍

കോഴിക്കോട്: കാല്‍പ്പന്തുകളിയുടെ ഈറ്റില്ലമായ കോഴിക്കോട് അന്താരാഷ്ട്ര നിലവാരവമുള്ള ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി ഫുട്‌ബോള്‍ അക്കാദമി വരുന്നു. മലബാര്‍ സ്പോര്‍ട്സ് ആന്റ് റിക്രിയേഷന്‍ ഫൗണ്ടേഷന്‍ എം.എസ്.ആര്‍.എഫ് എന്ന പേരില്‍ 2022 സെപ്തംബറില്‍ ലോകോത്തര നിലവാരമുള്ള അക്കാദമി കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കും.

ഡീഗോ മറഡോണ ഉള്‍പ്പെടെ നിരവധി ലോകോത്തര ഫുട്ബോള്‍ താരങ്ങളെ   വാര്‍ത്തെടുത്ത ഫുട്‌ബോള്‍ അക്കാദമിയായ അര്‍ജന്റീനോസ് ജൂണിയേഴ്‌സുമായി കൈകോര്‍ത്താണ് എംഎസ്ആര്‍എഫ് പ്രവര്‍ത്തിക്കുക.  കോച്ചുകള്‍ക്കും കളിക്കാര്‍ക്കും അര്‍ജന്റീനോസ്  ജൂണിയേഴ്‌സ് പരിശീലനം നല്‍കും. ഇതിനായി അവരുടെ രണ്ട് കള്‍സല്‍ട്ടന്റ് കോച്ചുകളുടെ സേവനം ലഭ്യമാക്കും. 

silver leaf psc academy, silver leaf psc academy kozhikode, kerala psc silver leaf academy, kerala psc coaching kozhikode

ഇതു സംബന്ധിച്ച കരാര്‍ മെയ് 10-ന് ഉച്ചക്ക് 12 മണിക്ക് കോഴിക്കോട് മലബാര്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ ഒപ്പ് വയ്ക്കും. ആദ്യ ഘട്ടമെന്ന നിലയില്‍ രണ്ടു വര്‍ഷത്തേക്കാണ് കരാര്‍ചടങ്ങില്‍    മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഗോള്‍ കീപ്പര്‍ വിക്ടര്‍ മഞ്ഞില . വിശിഷ്ടാതിഥിയായിരിക്കും   അര്‍ജന്റീനോസ് ജൂണിയേഴ്സ് വൈസ് പ്രസിഡന്റ് ജാവിയര്‍ പെഡര്‍സോളി (Javier Pederzoli), ബോര്‍ഡ് മെമ്പര്‍ കെവിന്‍ ലിബ്സ് ഫ്രെയിന്റ് (Kevin Libsfraint) എന്നിവര്‍ പങ്കെടുക്കും. എംഎസ്ആര്‍എഫ് നിയുക്ത എംഡിയും സിഇഒയുമായ സജീവ് ബാബു കുറുപ്പ്  സ്വാഗതം പറയും.

അര്‍ജന്റീനോസ് ജൂണിയേഴ്‌സ് വൈസ് പ്രസിഡന്റ് ജാവിയര്‍ പെഡര്‍സോളി (Javier Pederzoli), ബോര്‍ഡ് മെമ്പര്‍ കെവിന്‍ ലിബ്‌സ് ഫ്രെയിന്റ് (Kevin Libsfraint),  വിക്ടര്‍ മഞ്ഞില, ഭവന്‍സ് കോഴിക്കോട് കേന്ദ്രം ചെയര്‍മാന്‍ എ.കെ.ബി നായര്‍, പത്മശ്രീ ജേതാവായ എംഎസ്ആര്‍എഫ് ഡയറക്ടര്‍ ബ്രഹ്മാനന്ദ സങ്വാക്കര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ഫൂട്‌ബോള്‍ അക്കാദമിയുടെയും ക്ലബ്ബിന്റെയും പേര് പ്രഖ്യാപിക്കലും ഫുട്‌ബോള്‍ ടീമിന്റെ ലോഗോ പ്രകാശനവും ഫുട്‌ബോള്‍ ക്ലബ്ബിന്റെ വെബ്‌സൈറ്റ് ലോഞ്ചിംഗും  തദവസരത്തില്‍ നടക്കും. വിക്ടര്‍ മഞ്ഞില മുഖ്യ പ്രഭാഷണം നടത്തും. 
മുന്‍ ഗോവ ചീഫ് സെക്രട്ടറി ബി. വിജയന്‍  ഐ.എ.എസ് ആണ് എം.എസ്.ആര്‍.എഫ്. ചെയര്‍മാന്‍. മുന്‍ തമിഴ്‌നാട്  അഡീഷണല്‍ ചീഫ് സെക്രട്ടറി സ്‌കന്ദന്‍ കൃഷ്ണന്‍ ഐ.എ.എസ്,  മുന്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍  പോള്‍ ജോര്‍ജ്ജ് ഐ.ആര്‍.എസ്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറും നിലവില്‍ ഗോവ ഫുട്ബോള്‍ ഡെവലപ്പ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനുമായ ബ്രഹ്മാനന്ദ സങ്വാക്കര്‍, ചെന്നൈ അവലോണ്‍ ടെക്‌നോളജീസ് സിഎംഡി  ഇമ്പിച്ചഹമ്മദ്, ഡോ. മനോജ് കാളൂര്‍ ,ആര്യ വൈദ്യ വിലാസിനി വൈദ്യ ശാല എന്നിവര്‍ ഡയറക്ടര്‍മാരുമാണ്.

വിദേശകാര്യ മന്ത്രാലയം മുന്‍ ജോ. സെക്രട്ടറിയും  നിരവധി രാജ്യങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയുമായിരുന്ന  സജീവ് ബാബു കുറുപ്പ് എംഎസ്ആര്‍എഫിന്റെ എംഡിയും സിഇഒയുമായെത്തും. ജൂണ്‍ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.

ദേശീയ ഫൂട്ബോള്‍ ലീഗില്‍ പങ്കെടുക്കുന്ന  ഒരു യഥാര്‍ത്ഥ പ്രൊഫണല്‍ സീനിയര്‍ ടീം രൂപീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എംഎസ്ആര്‍എഫ് ചെയര്‍മാന്‍ ബി. വിജയന്‍ പറഞ്ഞു. 2031ലെ അണ്ടര്‍ 20 ലോകകപ്പ് 2034ലെ ലോകകപ്പ് ഫുട്ബോള്‍ എന്നിവയുടെ അവസാന റൗണ്ടുകളില്‍ ഇന്ത്യന്‍ ടീമിന്റെ സാനിധ്യമാണ് എംഎസ്ആര്‍എഫിന്റെ ലക്ഷ്യം.

പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നല്‍കി പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങളാക്കി മാറ്റുകയും അതുവഴി  മലബാറിന്റെ മഹത്തരമായ ഫുട്ബോള്‍ പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിച്ച് ശക്തിപ്പെടുത്തുകയും ലക്ഷ്യമാണ്. 

ആദ്യ ഘട്ടത്തില്‍  പെരും തുരുത്തിയിലെ ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിന്റെ മൈതാനമായിരിക്കും പരിശീലനത്തിനായി ഉപയോഗിക്കുക. ഇതിനായി എംഎസ്ആര്‍എഫും ഭവന്‍സും തമ്മില്‍ കരാറായിട്ടുണ്ട്. സമീപ ഭാവിയില്‍ തന്നെ കോഴിക്കോട്ട് 10 ഏക്കര്‍ സ്ഥലത്ത് 350 മുതല്‍ 400 വരെ കുട്ടികളെ താമസിപ്പിച്ച് പരിശീലിപ്പിക്കാവുന്ന റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി  സ്ഥാപിക്കുകയാണ്  ലക്ഷ്യം. 2013ലെ കമ്പനി ആക്ട് സെക്ഷന്‍ (8) പ്രകാരം റജിസ്റ്റര്‍ ചെയ്ത കമ്പനിയാണ് എംഎസ്ആര്‍എഫ്. യാതൊരു ലാഭേച്ഛയുമില്ലാതെ ഫുട്ബോള്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും ബി. വിജയന്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ എംഎസ്ആര്‍എഫ്  നിയുക്ത സിഇഒ സജീവ് ബാബു കുറുപ്പ്, ഡയറക്ടര്‍ ഡോ. മനോജ് കാളൂര്‍ എന്നിവരും പങ്കെടുത്തു.

കോഴിക്കോട്ട് അന്താരാഷ്ട്ര നിലവാരമുളള ഫുട്ബാള്‍അക്കാദമി: അര്‍ജന്റീനിയന്‍ പരിശീലകര്‍

Comments are closed.