News in its shortest

സ്വരാജും സച്ചിനും ഒരുപോലെയാണ്; തടയാന്‍ ഒരുമാര്‍ഗമേയുള്ളൂ, ബാറ്റിങ് കൊടുക്കാതിരിക്കുക

1,342

മനു പി

M സ്വരാജ് എന്ന നേതാവിനെ എന്തിന് തോല്പിച്ചു എന്നതിന് കൃത്യമായ ഉത്തരം സച്ചിൻ തെൻഡുൽക്കർ ഏറ്റവും നന്നായി കളിച്ചിരുന്ന കാലത്ത് മുൻ വെസ്റ്റ് ഇൻഡീസ് താരം വെസ് ഹാൾ ഇങ്ങനെ പറഞ്ഞു-”സച്ചിനെ തടയാൻ ഒരേയൊരു മാർഗ്ഗമേ ഉള്ളൂ. ബാറ്റിങ്ങ് കൊടുക്കാതിരിക്കുക…!” എം.സ്വരാജിന്റെ കാര്യവും ഏതാണ്ട് ഇതുപോലെയാണ്.

ആ മനുഷ്യനോട് നേർക്കുനേരെയുള്ള പോരിന് തുനിഞ്ഞിറങ്ങിയാൽ അതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. എതിരാളികളുടെ പൊടി പോലും കിട്ടില്ല. സ്വരാജിനെ വളഞ്ഞവഴികളിലൂടെ കീഴടക്കാനാണ് പ്രതിയോഗികൾ എന്നും ശ്രമിച്ചിട്ടുള്ളത്.

ചാനൽ ചർച്ചകൾ ശ്രദ്ധിച്ചാൽ തന്നെ ഇക്കാര്യം മനസ്സിലാകും. എതിർപക്ഷത്തുള്ളവർ സംസാരിക്കുന്ന സമയത്ത് നിശബ്ദത പാലിക്കുന്നതാണ് സ്വരാജിന്റെ രീതി. മറ്റുള്ളവർക്ക് പറയാനുള്ളത് മുഴുവനും അദ്ദേഹം ശ്രദ്ധയോടെ കേൾക്കും. തന്റെ അവസരം വരുമ്പോൾ മാത്രം മറുപടി പറയും. അതും ഏറ്റവും മാന്യമായ ഭാഷയിൽ. എന്നാൽ ഈ മര്യാദ സ്വരാജിനോട് പലരും കാട്ടാറില്ല. സ്വരാജ് സംസാരിക്കുമ്പോൾ അവർ ഇടപെടും.

അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കും. ചില അവതാരകർ വരെ അതിന് ഒത്താശ ചെയ്യും. കാരണം ലളിതം. നേർക്കുനേരെയുള്ള സംവാദം വന്നാൽ സ്വരാജ് അരങ്ങുതകർക്കും. ഇടതുപക്ഷത്തിനുനേരെ കരുതിവെച്ച നുണകളെല്ലാം നിമിഷങ്ങൾക്കകം ഛിന്നഭിന്നമാകും. മൈതാനത്തിന്റെ ഒരു ചെറിയ ഭാഗം കിട്ടിയാൽ തകർത്തുകളിക്കുന്ന താരമാണ് സ്വരാജ്. അങ്ങനെയുള്ള സ്വരാജിന് വിശാലമായ ഒരു ഗ്രൗണ്ട് തന്നെ ഒരുക്കിക്കൊടുത്താൽ എങ്ങനെയിരിക്കും? എതിരാളികളുടെ ഗോൾ വല നിരന്തരം കുലുങ്ങിക്കൊണ്ടിരിക്കും. അതാണ് നിയമസഭയിൽ കണ്ടത്.

കഷ്ടിച്ച് ഇരുപത് മിനിറ്റുകൊണ്ട് എന്തെല്ലാം കാര്യങ്ങളാണ് സ്വരാജ് വിശദീകരിച്ചത്!അതിശക്തമായ വാക്കുകൾ നിർബാധം ഒഴുകുകയായിരുന്നു എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ നൽകിയ സഹായങ്ങൾ…വിദ്യാഭ്യാസമേഖല കൈവരിച്ച പുരോഗതി…ആളുകളുടെ പട്ടിണിമാറ്റാൻ വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങൾ…പാവങ്ങൾക്ക് നിർമ്മിച്ചുനൽകിയ വീടുകൾ…കോവിഡ്,നിപ തുടങ്ങിയ മഹാവ്യാധികളോട് ഈ കൊച്ചുസംസ്ഥാനം നടത്തിയ പോരാട്ടങ്ങൾ…ഈ സർക്കാരിന്റെ നന്മകളെക്കുറിച്ച് എണ്ണിയെണ്ണിപ്പറയുകയാണ് സ്വരാജ് ചെയ്തത്.

എതിരാളികൾക്ക് അളന്നുമുറിച്ച മറുപടികളും കൊടുത്തു. അവരുടെ പ്രസ്താവനകളും ഒറ്റപ്പെട്ട വാക്കുകളും വരെ ചർച്ചയായി. കണക്കുകൾ കഥ പറഞ്ഞു. മുൻകാലങ്ങളിലെ അഴിമതികളെ തുറന്നുകാട്ടി. അപ്പോഴും ആരെയും പേരെടുത്തുപറഞ്ഞ് അധിക്ഷേപിച്ചില്ല. അതാണ് എം.സ്വരാജിന്റെ നിലപാട്. പക്ഷേ അദ്ദേഹത്തിനെതിരെ പ്രതിയോഗികൾക്ക് ഉന്നയിക്കാനുള്ളത് വിലകുറഞ്ഞ പരദൂഷണങ്ങൾ മാത്രം.

സ്വരാജിന്റെ നിയമസഭയിലെ പ്രസംഗവും തടസ്സപ്പെട്ടിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം! അപ്രിയസത്യങ്ങൾ ഉറക്കെ വിളിച്ചുപറഞ്ഞാൽ അത് അസ്വസ്ഥത സൃഷ്ടിക്കുമല്ലോ! “അവനവനോടെങ്കിലും സത്യസന്ധത പുലർത്തുക എന്നതാണ് പ്രധാനം” എന്ന ഷേക്സ്പിയർ വചനം പറഞ്ഞുകൊണ്ടാണ് സ്വരാജ് നിയമസഭയിലെ പ്രസംഗം അവസാനിപ്പിച്ചത്.

അറിവാണ് അദ്ദേഹത്തിന്റെ ആയുധം. കൃത്യമായി കാര്യങ്ങൾ പഠിച്ചതിനുശേഷമാണ് സ്വരാജ് സംസാരിക്കാറുള്ളത്. ആ കഠിനാദ്ധ്വാനവും ആത്മസമർപ്പണവും കണ്ടുപഠിക്കേണ്ടതാണ്. അഭിവന്ദ്യൻ,ആദരണീയൻ,ബഹുമാന്യൻ എന്നൊക്കെ സ്വരാജ് വിളിച്ചുതുടങ്ങുമ്പോ­ൾ മറുപക്ഷത്ത് നിൽക്കുന്നവരോട് സഹതാപം തോന്നാറുണ്ട്. ചുട്ടുപൊള്ളിക്കുന്ന ആയിരമായിരം വാക്കുകൾ തൊടുത്തുവിട്ടതിനുശേഷം ഒരിറ്റ് വെള്ളം കൊടുക്കുന്നത് പോലെ! “സ്വരാജ് എന്റെ നല്ല സുഹൃത്താണ് ; പക്ഷേ” എന്ന മുഖവുരയോടെയാണ് പലരും ചാനൽ സംവാദങ്ങളിൽ സംസാരിച്ചുതുടങ്ങാറുള്ളത്.

അങ്ങനെയെങ്കിലും സ്വരാജ് ഒന്ന് തണുത്താലോ എന്ന മോഹം! ”അദ്ദേഹം എന്റെ നല്ല ചങ്ങാതിയാണ്” എന്നൊക്കെ സ്വരാജും തിരിച്ചുപറഞ്ഞെന്നിരിക്കും. പക്ഷേ അതിനുശേഷം കിട്ടുന്നതിന് ഒരു മയവും ഉണ്ടായിരിക്കില്ല ! “”” ഒരുദിവസം കേരളത്തിന്റെ പരമോന്നതപദവിയിൽ സ്വരാജ് എത്തിച്ചേരുമെന്ന് തന്നെ കരുതുന്നു.

(മനു പി ഫേസ്ബുക്കില്‍ കുറിച്ചത്‌)

സ്വരാജും സച്ചിനും ഒരുപോലെയാണ്; തടയാന്‍ ഒരുമാര്‍ഗമേയുള്ളൂ, ബാറ്റിങ് കൊടുക്കാതിരിക്കുക
80%
Awesome
  • Design

Comments are closed.