News in its shortest

രാജ്യത്ത് ഇരുട്ടു പരക്കുമ്പോൾ എത്ര പെട്ടന്നാണിവർ അടിയറവു പറയുന്നത്: എം. സ്വരാജ്

ഇന്ത്യയെ മത രാഷ്ട്രമാക്കാൻ തയ്യാറെടുക്കുന്ന കേന്ദ്ര സർക്കാർ വിഭജനത്തിൻ്റെ ഹീന തന്ത്രങ്ങളുമായി രാജ്യത്തെ വെല്ലുവിളിക്കുകയാണ്.

ഇന്ത്യയെ രക്ഷിക്കാൻ ജനം തെരുവിലിറങ്ങുമ്പോൾ രാഷ്ട്ര താൽപര്യം ഉയർത്തിപ്പിടിച്ച് ജനപക്ഷം ചേരാൻ ബാധ്യതയുള്ള മാധ്യമങ്ങളെ ഭയപ്പെടുത്തി നിശബ്ദമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്.

ഏകാധിപത്യ പ്രവണത നിരന്തരം പ്രകടിപ്പിക്കുന്ന സംഘപരിവാർ സർക്കാർ മാധ്യമങ്ങളെ നിശബ്ദമാക്കാൻ ആദ്യ നടപടി സ്വീകരിച്ചപ്പോൾ കേരളം കണ്ടതെന്താണ്‌.? സംഭവം അറിഞ്ഞതായിപ്പോലും മറ്റ് മുഖ്യധാരാ ചാനലുകൾ ഭാവിച്ചില്ല . ഏറെ കഴിഞ്ഞ് ചിലർ വാർത്ത അറിഞ്ഞെന്നു വരുത്തി.

ഇന്നത്തെ മനോരമയും മാതൃഭൂമിയും ദിനപ്പത്രങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കേന്ദ്ര വിലക്ക് അറിഞ്ഞതായി നടിച്ചതേയില്ല. വാർത്ത കണ്ടു പിടിയ്ക്കാൻ വായനക്കാർക്ക് ഭൂതക്കണ്ണാടിയുമായി
ചരമക്കോളത്തിൻ്റെ ഓരം പരതേണ്ടി വന്നു.

ഇത് കൂടെ വായിക്കൂ: നേതാക്കന്‍മാര്‍ ജനിക്കുന്നതല്ല

രാത്രി തന്നെ ഒരു ചാനലിൻ്റെ വിലക്ക് നീങ്ങി, പിന്നീട് അടുത്ത ചാനലിനും സംപ്രേഷണാവകാശം കിട്ടി. മാപ്പിരന്നും സോപ്പിട്ടും ഞങ്ങളീ പ്രശ്നം തീർത്തോളാം എന്നാണെങ്കിൽ വെറുമൊരു വ്യവസായമാക്കി മാധ്യമ പ്രവർത്തനത്തെ മാറ്റിയവരോട് ഒന്നും പറയാനില്ല.

ഇതൊന്നും പ്രധാനമന്ത്രിജി അറിഞ്ഞില്ലെന്നും അബദ്ധം പറ്റിയതാണെന്നും എല്ലാവരും വിശ്വസിയ്ക്കണം. ഉദാരമതിയായ പ്രധാനമന്ത്രിയ്ക്ക് നന്ദി പ്രകടനവുമായി മാധ്യമങ്ങൾ വരിനിന്നാലും അദ്ഭുതപ്പെടാനില്ല .

ഇരിയ്ക്കണമെന്ന ഒരാജ്ഞയുടെ മുന്നിൽ മുട്ടുകാലിലിഴയാൻ തയ്യാറാണെന്ന സന്ദേശമാണ് മലയാള മാധ്യമങ്ങൾ നൽകിയത്. സംപ്രേഷണം നിർത്തേണ്ടി വന്ന ചാനലുകൾ ഉൾപ്പെടെയുള്ളവർക്ക് ഇങ്ങനെയൊരു സംഭവമേ നടന്ന മട്ടില്ല.

രാജ്യത്ത് ഇരുട്ടു പരക്കുമ്പോൾ എത്ര പെട്ടന്നാണിവർ അടിയറവു പറയുന്നത് … വായ മൂടി കുനിഞ്ഞു നിൽക്കുന്നത്.
ഇനി നമുക്ക് പിണറായിയുടെ ധാർഷ്ട്യത്തെയും സി പി ( ഐ) എം ബ്രാഞ്ചുസെക്രട്ടറിയുടെ അയൽവാസിയുടെ വിനയമില്ലായ്മയെയും കുറിച്ച് ചർച്ച ചെയ്യാം , ആഞ്ഞടിയ്ക്കാം എല്ലാ രോഷവും ശമിയ്ക്കട്ടെ.

Comments are closed.