News in its shortest

ലുലു ഗ്രൂപ്പ്‌- ഹയാത്ത് റീജന്‍സി ജനുവരി 4ന് നാടിന് സമര്‍പ്പിക്കും

തൃശൂര്‍: ദൈവത്തിന്റെ സ്വന്തം നാടിന്റെ സാംസ്‌കാരിക തലസ്ഥാനമായ ക്ഷേത്രനഗരിയുടെ രാജകീയ പ്രൗഢിക്ക് ലുലു ഗ്രൂപ്പ് സമ്മാനിക്കുന്ന പഞ്ചനക്ഷത്ര വിസ്മയമായ ഹയാത്ത് റീജന്‍സി ഇനി തൃശൂരിന് സ്വന്തം. ലോകമാകെ വ്യാപിച്ചു കിടക്കുന്ന മള്‍ട്ടിനാഷണല്‍ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഹയാത്ത് കേരളത്തില്‍ ലുലു ഗ്രൂപ്പിന് കീഴില്‍ ആരംഭിക്കുന്ന രണ്ടാമത്തെ ഹോട്ടലായ ഹയാത്ത് റീജന്‍സി തൃശൂരിലെ പുഴയ്ക്കലില്‍ ജനുവരി 4 ന് 11.30ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി അറിയിച്ചു. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.

റീജന്‍സി ബാള്‍റൂമിന്റെ ഉദ്ഘാടനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറും റീഗല്‍ ബാള്‍റൂമിന്റെ ഉദ്ഘാടനം സംസ്ഥാന തദ്ദേശസ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീനും റീജന്‍സി കഫെയുടെ ഉദ്ഘാടനം ടി എന്‍ പ്രതാപന്‍ എം പിയും നിര്‍വഹിക്കും.
തൃശൂര്‍ ജില്ലയുടെയും മലബാറിന്റെയാകെയും ടൂറിസം – ആതിഥ്യ മേഖലകളിലേക്ക് ലോകത്തിന്റെ വാതായനങ്ങള്‍ തുറന്നുകൊണ്ടാണ് ആഗോളപ്രശസ്തമായ ഹയാത്ത് ഹോട്ടല്‍ ശൃംഖല ശക്തന്റെ മണ്ണില്‍ കാല്‍വെക്കുന്നത്. പൂരങ്ങളുടെ പൂരത്തിലൂടെ ലോകടൂറിസം ഭൂപടത്തില്‍ ഇടം നേടിയ തൃശൂരിലേക്കും വടക്കന്‍ കേരളത്തിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലേക്കും വിദേശത്തു നിന്ന് അപ്പര്‍ ക്ലാസ് ടൂറിസ്റ്റുകള്‍ വന്‍തോതില്‍ എത്താതിരിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ലോകനിലവാരത്തിലുള്ള താമസ സൗകര്യങ്ങളുടെ അഭാവമാണ്. ലോകോത്തര ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡിന്റെ ഹോട്ടലായ ഹയാത്ത് റീജന്‍സി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ തൃശൂരിന്റെയും മലബാറിന്റെയും ടൂറിസം ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമാകും.

ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിനോട് ചേര്‍ന്ന് 245 കോടി രൂപ നിക്ഷേപത്തില്‍ 167926.25 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 11 നിലകളിലായി പണിതുയര്‍ത്തിയിരിക്കുന്ന ഹയാത്ത് റീജന്‍സി തൃശൂരിന് പുതിയൊരു മേല്‍വിലാസം കൂടിയാണ് സമ്മാനിക്കുന്നത്. ലോക നിലവാരത്തില്‍ നിര്‍മിച്ചിരിക്കുന്ന ഗസ്റ്റ് റൂമുകള്‍, തനത് രുചികളും ലോകത്തിന്റെ രുചിഭേദങ്ങളും അവതരിപ്പിക്കുന്ന റസ്റ്ററന്റുകള്‍, വിശാലമായ സ്വിമ്മിംഗ് പൂള്‍ അടക്കമുള്ള റിക്രിയേഷന്‍ സൗകര്യങ്ങള്‍, ആഢംബര സൗകര്യങ്ങളോടെ ഏഴ് കോണ്‍ഫറന്‍സ് ഹാളുകള്‍, ഹെലിപാഡ് സൗകര്യം തുടങ്ങി വേറിട്ട ഹോട്ടല്‍ അനുഭവമാണ് ഹയാത്ത് റീജന്‍സി തൃശൂരില്‍ ഒരുക്കുന്നത്.

വിശാലമായ ലോബിയോട് ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റീജന്‍സി കഫെ റസ്റ്ററന്റും ന്യൂഗാ പാസ്ട്രി ഷോപ്പും ഇന്ത്യന്‍, ഏഷ്യന്‍, മിഡില്‍ ഈസ്റ്റേണ്‍ രുചിവൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ്. കൃത്രിമ വസ്തുക്കളൊന്നും ചേര്‍ക്കാത്ത ആരോഗ്യകരമായ ഭക്ഷണമാണ് റസ്റ്ററന്റിന്റെ വലിയ സവിശേഷത.

അമേരിക്കന്‍ നിലവാരത്തിലുള്ള 77 ഗസ്റ്റ് റൂമുകള്‍ രൂപകല്‍പനയുടെ മികവും ആഡംബരത്തിന്റെ തികവും ചേര്‍ന്നതാണ്. 50 സ്റ്റാന്റേര്‍ഡ് റൂമുകളും 19 പൂള്‍വ്യൂ റൂമുകളും 7 റീജന്‍സി സ്യൂട്ടുകളും ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുമടങ്ങിയതാണ് ഗസ്റ്റ് റൂമുകള്‍.  സുഖകരമായ താമസത്തിനും വിശ്രമത്തിനും ബിസിനസ് വര്‍ക്കുകള്‍ക്കും ആവശ്യമായ അത്യാധുനിക സൗകര്യങ്ങളും വാര്‍ത്താവിനിമയ സംവിധാനങ്ങളും വിനോദ ഉപാധികളും ഓരോ മുറിയിലും ഒരുക്കിയിട്ടുണ്ട്. ഓപ്പണ്‍ വാര്‍ഡ്‌റോബുകള്‍, മോഡ്യൂലാര്‍ ബാത്ത് റൂമുകള്‍ തുടങ്ങിയവ ഓരോ ഗസ്റ്റ് റൂമിനും പ്രൗഢി പകരുന്നു.

ഹയാത്ത് റീജൻസിയുടെ ഉദ്ഘാടന പ്രഖ്യാപനം ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി നിർവഹിക്കുന്നു.

 കിംഗ് സൈസ് ബെഡുകള്‍, വിശാലമായ വര്‍ക്ക് ഡെസ്‌ക്, 55 ഇഞ്ച് എല്‍ ഇ ഡി സ്മാര്‍ട്ട് ടിവി, സൗജന്യ വൈഫൈ, ഫോണ്‍, മിനി ബാര്‍- ഇന്‍ റൂം സേഫ്, ഇന്‍ റൂം ഡൈനിംഗ്, അയേണിംഗ് സൗകര്യങ്ങള്‍ ടീ-കോഫി മേക്കറുകള്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും റൂമുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡോക്ടറുടെ സേവനം, കറന്‍സി എക്‌സ്‌ചേഞ്ച്, ലോണ്‍ഡ്രി- ഡ്രൈ ക്ലീനിംഗ്, ബട്‌ലര്‍ സര്‍വീസ്, വാലറ്റ് പാര്‍ക്കിംഗും കാര്‍ റെന്റലും, റിസപ്ഷനില്‍ സേഫ് ഡെപ്പോസിറ്റ് ബോക്‌സുകള്‍ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

തൃശൂരിലെ ഏറ്റവും വലുതും ആഢംബരമേറിയതുമായ കോണ്‍ഫറന്‍സ് സൗകര്യങ്ങളാണ് ഹയാത്ത് റീജന്‍സിയിലുള്ളത്. രാജ്യാന്തര സമ്മേളനങ്ങള്‍, ബിസിനസ് മീറ്റിങ്ങുകള്‍ മുതല്‍ വലുതും ചെറുതുമായ വിവാഹങ്ങള്‍ക്കു വരെ അനുയോജ്യമായ വിധത്തിലാണ് ഹാളുകള്‍ ഒരുക്കിയിരിക്കുന്നത്.  27000 സ്‌ക്വയര്‍ ഫീറ്റ് വിസ്താരത്തില്‍ കോണ്‍ഫറന്‍സ് ഏരിയ സജ്ജമാക്കിയിട്ടുള്ള ഹയാത്ത് റീജന്‍സിയില്‍ ചെറുതും വലുതുമായ ഏഴ് ഹാളുകളാണുള്ളത്. 900ത്തില്‍ അധികം പേര്‍ക്ക് ഇരിക്കാവുന്ന റീഗല്‍ ബാള്‍റൂം, 800ലധികം അതിഥികള്‍ക്ക് ഇരിക്കാവുന്ന റീജന്‍സി ബാള്‍റൂം എന്നിവയാണ് പ്രധാന ആകര്‍ഷണം. സ്ലൈഡിംഗ് പാനല്‍ ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്ന മൂന്ന് സ്റ്റുഡിയോ ബോര്‍ഡ് റൂമുകള്‍ ഒരുമിച്ചാല്‍ വിശാലമായ മറ്റൊരു കോണ്‍ഫറന്‍സ് ഹാള്‍ ഒരുങ്ങും.

റീജന്‍സി ബാള്‍റൂമില്‍ വിശാലമായ പ്രി ഫങ്ഷന്‍ ഏരിയ,  ഇന്‍ബില്‍ട്ട് സ്റ്റേജ്, രണ്ട് ഗ്രീന്‍ റൂമുകള്‍, വിശാലമായ വി ഐ പി ലോഞ്ച് തുടങ്ങിയ സൗകര്യങ്ങളുണ്ട്. റീഗല്‍ ബാള്‍റൂമിന് ആയിരത്തിലധികം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രി ഫങ്ഷന്‍ ഏരിയയുണ്ട്. 100 പേര്‍ക്ക് ഇരിക്കാവുന്ന 2300 സ്‌ക്വയര്‍ ഫീറ്റുള്ള ‘നാട്ടിക’ ഹാളും ഹയാത്തിന്റെ പകിട്ടിന് മാറ്റേകുന്നു. എല്ലാ ഹാളുകളിലും ഏറ്റവും നൂതനമായ ഓഡിയോ വിഷ്വല്‍ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം എല്ലാ ഹാളുകളിലും ലഭ്യമാണ്.

കമനീയമായ റൂഫ്‌ടോപ്പ് സ്വിമ്മിംഗ് പൂളിനോട് ചേര്‍ന്ന് കിഡ്‌സ് പൂള്‍ അടക്കം വിപുലമായ സൗകര്യങ്ങളുണ്ട്. 100 പേര്‍ക്ക് വരെ ഇവിടെ തീമാറ്റിക് ഡിന്നര്‍ സജ്ജമാക്കാനാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജിംനേഷ്യം, തായ് മസ്സാജ്, ട്രീറ്റ്‌മെന്റ് റൂമുകള്‍, യോഗ റൂമുകള്‍, സ്പാ, മെഡിറ്റേഷന്‍ റൂമുകള്‍, സ്റ്റീം ബാത്ത്, ഹെയര്‍ ആന്റ് ബ്യൂട്ടി സലൂണ്‍ തുടങ്ങിയവയും ഇവിടെ ക്രമീകരിച്ചിരിക്കുന്നു.  

വിദേശത്തു നിന്നടക്കം പരിശീലനം ലഭിച്ച 140 ഓളം പേരടങ്ങിയ വൈദഗ്ധ്യമുള്ള ടീമാണ് ഹയാത്ത് റീജന്‍സിയുടെ മേല്‍നോട്ടത്തിനും പരിപാലനത്തിനുമുള്ളത്. കേരളത്തിലെവിടെയും ഔട്ട് ഡോര്‍ കാറ്ററിങ്ങിനുള്ള സൗകര്യവും ഹയാത്ത് റീജന്‍സിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹൈ എന്‍ഡ് ടൂറിസ്റ്റുകള്‍ക്ക് കൊച്ചി കഴിഞ്ഞാല്‍ വടക്കന്‍ കേരളത്തില്‍ ലോകനിലവാരമുള്ള ബ്രാന്‍ഡഡ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഇല്ല എന്ന സ്ഥിതി ഹയാത്ത് റീജന്‍സിയുടെ വരവോടെ മാറുകയാണ്. കൊച്ചി രാജ്യാന്തര വിമാത്താവളത്തില്‍ നിന്നും റോഡ് മാര്‍ഗം 90 മിനിറ്റിലും കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 150 മിനിറ്റിലും തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് 15 മിനിറ്റിലും എത്തിച്ചേരാന്‍ കഴിയുന്ന ലൊക്കേഷനിലാണ് ഹയാത്ത് റീജന്‍സി സ്ഥിതി ചെയ്യുന്നത്. ക്ഷേത്ര നഗരങ്ങളായ തൃശൂരിന്റെയും ഗുരുവായൂരിന്റെയും കേരള കലാമണ്ഡലത്തിന്റെയും അതിരപ്പള്ളി വെള്ളച്ചാട്ടം ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും ടൂറിസം സാധ്യതകളിലേക്ക് ഹയാത്ത് റീജന്‍സി പ്രധാന പങ്കാകും ഇനിയുള്ള നാളുകളില്‍ വഹിക്കുക.   

Comments are closed.