മദ്യാസക്തിയുള്ളവര്‍ മോചനം നേടാന്‍ ഈ ഘട്ടത്തില്‍ ശ്രമിക്കണം: പിണറായി വിജയന്‍

35

കൊറോണ വൈറസ് ലോക്ക് ഔട്ട് മൂലം വീട്ടില്‍ കഴിയുന്നവര്‍ കൂടുതലാണെന്നും പുതിയ സാഹചര്യത്തില്‍ വീട്ടിനകത്ത് ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരമായ അന്തരീക്ഷവും ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു..

പ്രത്യേകിച്ചും മുതിര്‍ന്നവര്‍ അക്കാര്യത്തില്‍ നല്ല ശ്രദ്ധ ചെലുത്തണം. ഏറ്റവും പ്രധാനം പരസ്പരം ആശയവിനിമയമാണ്. എല്ലാവരും കൂടി കാര്യങ്ങള്‍ സംസാരിക്കുക, ചര്‍ച്ച ചെയ്യുക, കുട്ടികളുമായി ആവശ്യമായ കാര്യങ്ങള്‍ പങ്കുവെയ്ക്കുക. കുറച്ച് സമയം അതിനുവേണ്ടി മാറ്റിവെക്കുക. ഇതെല്ലാം വീടുകളില്‍ നല്ല അന്തരീക്ഷം ഉണ്ടാക്കുന്നതിന് സഹായിക്കും.

പല വീടുകളിലും സ്ത്രീകള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ഈ ഘട്ടത്തില്‍ അല്പം ചില വീട്ടു കാര്യങ്ങളില്‍ സഹായിച്ചുകൊടുക്കുന്നത് വലിയ തോതില്‍ സ്ത്രീജനങ്ങള്‍ക്ക് സഹായകമാകും. അത്തരം കാര്യങ്ങള്‍ വീട്ടിന്റെ അന്തരീക്ഷം നന്നാക്കുന്നതിന് ഉപകരിക്കും. മദ്യാസക്തിയുള്ള ആളുകള്‍ക്ക് വീടിനടുത്തുള്ള വിമുക്തി കേന്ദ്രവുമായി ബന്ധപ്പെടാന്‍ കുടുംബാംഗങ്ങളുടെ പിന്തുണയോടുകൂടി ശ്രമിക്കണം. അങ്ങനെ മദ്യാസക്തിയില്‍ നിന്ന് മോചനം നേടാന്‍ മദ്യത്തിന് അടിമപ്പെട്ടു പോയവര്‍ ഈ ഘട്ടത്തില്‍ ശ്രമിക്കുന്നത് നല്ലതാണ്.

വീട്ടില്‍ തുടര്‍ച്ചയായി കഴിയുമ്പോള്‍ അപൂര്‍വ്വം വീടുകളില്‍ ഗാര്‍ഹിക അതിക്രമമുണ്ടാകാന്‍ സാധ്യതയുണ്ട്. സ്ത്രീകളും കുട്ടികളും പലപ്പോഴും അതിന് ഇരയാവുകയാണ്. അത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത പൊതുവില്‍ പാലിക്കണം. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, അങ്കന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കൊക്കെ വലിയ പങ്കുവഹിക്കാനാകും.

പെന്‍ഷന്‍ വാങ്ങുന്നവരില്‍ മഹാഭൂരിഭാഗവും മുതിര്‍ന്നവരും ആരോഗ്യ പ്രശ്‌നമുള്ളവരുമാണ്. അവരെ മറ്റുള്ളവര്‍ സഹായിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. അതറിഞ്ഞുകൊണ്ട് സഹായിക്കാന്‍ സന്നദ്ധരാകണം.

ഇപ്പോള്‍ എവിടെയാണോ നാം, അവിടെ തുടരുക എന്നാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത്. നമ്മുടെ ചില ബന്ധുക്കള്‍ ഇങ്ങോട്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും. അവര്‍ അവിടെ തന്നെ തുടരുക എന്നതു മാത്രമാണ് നിലവില്‍ സ്വീകരിക്കാവുന്ന നില.

Comments are closed.