കോഴിക്കോട് :എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ പ്രദീപ് കുമാറിനെ വ്യക്തിഹത്യ നടത്തുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ പ്രസ്താവനയെ അപലപിക്കുന്നതായി എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫ് പരാജയഭീതിയിലാണ്.

എ പ്രദീപ്കുമാറിന്റെ സംശുദ്ധമായ പൊതുജീവിതം നന്നായറിയാവുന്ന കോഴിക്കോട്ടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ അവരുടെ കള്ള പ്രചരണത്തിന് സാധിക്കില്ല. ടിവി 9 ചാനല്‍ ഒളിക്യാമറയിലൂടെ പുറത്ത് വിട്ട ദൃശ്യങ്ങളിലൂടെ, യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മുഖം വികൃതമായി. ബിജെപിയുമായി വോട്ടു കച്ചവടവും എംപി ഫണ്ട് വിനിയോഗത്തിലെ വഴിവിട്ട പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ യുഡിഎഫ് പരിഭ്രാന്തിയിലാണ്.

ഇതേ തുടര്‍ന്ന് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ മോഡലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിനും കോഴിക്കോട്ടെ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താനുമാണ് വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം എ പ്രദീപ്കുമാര്‍ സ്വീകരിച്ചത്.

കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രിസം (പ്രോമോട്ടിങ്ങ് റീജ്യണല്‍ സ്‌കൂള്‍സ് ടു ഇന്റര്‍നാഷണല്‍ സ്റ്റാന്റേഡ്‌സ് ത്രൂ മള്‍ട്ടിപ്പിള്‍ ഇന്റര്‍വെന്‍ഷന്‍ ) പദ്ധതി പ്രകാരം ബഹുമുഖ ഇടപെടലുകളിലൂടെയാണ് വിഭവ സമാഹരണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ , ശാസ്ത്ര സാങ്കേതിക വകുപ്പ് , ഐഎസ്ആര്‍ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മാനേജ്‌മെന്റ്– കോഴിക്കോട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി , ഇന്‍ഫോസിസ്, ഐഐഎ, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി, സ്വകാര്യസ്ഥാപനങ്ങള്‍ , സ്വകാര്യ വ്യക്തികള്‍, ഡിസി ബുക്‌സ്, പിടിഎ എന്നിവരില്‍ നിന്നും സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സഹായങ്ങള്‍ ലഭിക്കുന്നതോടെ അത് സര്‍ക്കരിന്റെ ആസ്തിയായി മാറും. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ധാരാളം പണം ചെലവഴിക്കുമെന്ന് യുഡിഎഫ് ആക്ഷേപിക്കുമ്പോള്‍ എല്‍ഡിഎഫ് മദ്യം വിതരണം ചെയ്യുന്നതിന് ഒരു ചില്ലിക്കാശുപോലും ചെലവഴിക്കുന്നില്ലെന്ന കാര്യം ഓര്‍മിക്കുന്നത് നല്ലതാണ്. ഈ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ യുഡിഎഫിന്റെ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.