News in its shortest

അന്ധരായ അണികള്‍ മാത്രമല്ല ഇടതുമുന്നണിയ്‌ക്കു വോട്ടു ചെയ്യുന്നത്‌

അഷ്ടമൂര്‍ത്തി കെ വി

രാഷ്ട്രീയത്തേക്കുറിച്ച്‌ ഇവിടെ എഴുതുമ്പോഴൊക്കെ രണ്ടു ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്‌: 1) നിങ്ങള്‍ ഒരെഴുത്തുകാരനല്ലേ? 2) പിന്നെ എന്തിന്‌ ഈ ചീഞ്ഞ രാഷ്ട്രീയത്തേക്കുറിച്ച്‌ ഇങ്ങനെ എഴുതുന്നു? (ഈ ചോദ്യത്തിന്‌ അനുബന്ധമായി ഇങ്ങനെയും: ഇതുകൊണ്ട്‌ നിങ്ങളും തരംതാഴുകയല്ലേ?)

ആദ്യത്തെ ചോദ്യത്തിന്‌ ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്‌. കുറച്ച്‌ കഥകളെഴുതിയിട്ടുണ്ടെന്നല്ലാതെ ഒരെഴുത്തുകാരനുണ്ടാവേണ്ട സിദ്ധിയോ സാധനയോ ഒന്നും എനിയ്‌ക്കില്ല. അതുകൊണ്ട്‌ അതെ എന്നോ അല്ല എന്നോ ഉത്തരം പറയുന്നില്ല.

രണ്ടാമത്തെ ചോദ്യത്തിന്‌ അല്‍പം വിശദമായിത്തന്നെ ഉത്തരം പറയേണ്ടതുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ അനുഭാവമുള്ള ഒരു കുടുംബത്തില്‍ പിറന്നതുകൊണ്ടും അന്തകാലത്ത്‌ ചില സഖാക്കള്‍ക്ക്‌ അന്നവും അഭയവും കൊടുത്തതുകൊണ്ടും സ്വാഭാവികമായി അനുഭാവം ആ പാര്‍ട്ടിയോടു തന്നെയാണ്‌.

വിയോജിപ്പുകളും വിമര്‍ശനങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ എല്ലായ്‌പോഴും ഇടതുമുന്നണിയ്‌ക്ക്‌ വോട്ടു ചെയ്യാറുള്ള ആളുമാണ്‌ ഞാന്‍.അതുകൊണ്ട്‌ ഈ പാര്‍ട്ടിയ്‌ക്കു സംഭവിയ്‌ക്കുന്ന അപചയത്തേക്കുറിച്ച്‌ പ്രതികരിയ്‌ക്കാതിരിയ്‌ക്കാന്‍ ബുദ്ധിമുട്ടാണ്‌. ഒരു വശത്ത്‌ വ്യക്തമായ പരിപാടികളോ നയങ്ങളോ ഇല്ലാത്ത കോണ്‍ഗ്രസ്സിനെയും മറ്റൊരു വശത്ത്‌ ഹൈന്ദവശ്ശീട്ടു കളിയ്‌ക്കുന്ന ഭാജപയെയും അങ്ങേയറ്റം വെറുക്കുന്നതുകൊണ്ട്‌ ഈ പക്ഷം വിട്ട്‌ വേറെയൊന്നു ചിന്തിയ്‌ക്കാന്‍ പോലും എനിയ്‌ക്കാവില്ല.

ഇപ്പോള്‍ തുടങ്ങിയതാണോ ഈ അപചയം? അല്ലല്ലോ. 1967-ല്‍ `കോണ്‍ഗ്രസ്സിനെ തോല്‍പിയ്‌ക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടും” എന്ന ഇ എം എസ്സിന്റെ പ്രഖ്യാപിതനയം തൊട്ട്‌ അതുണ്ട്‌. പില്‍ക്കാലത്ത്‌ അതാണ്‌ `അടവുനയം’ എന്ന അറപ്പു തോന്നിപ്പിയ്‌ക്കുന്ന വാക്കിലേയ്‌ക്ക്‌ എത്തിയത്‌. അതാണ്‌ ഇപ്പോള്‍ ജോസ്‌മോന്റെ പിന്നാലെ വെള്ളമൊലിപ്പിച്ചു നടക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിയ്‌ക്കുന്നത്‌.ഒന്നു മനസ്സിലാക്കണം.

നോട്ടെണ്ണല്‍ പോലെ അശ്ലീലമാണ്‌ വോട്ടെണ്ണലും. 2+3=5+2=7 എന്ന ചെറിയ ക്ലാസ്സിലെ ലളിതഗണിതം പോലെയാവണമെന്നില്ല അത്‌. അത്തരം ക്ലാസ്സുകളിലെ `ലാഭമോ നഷ്ടമോ എത്ര’ എന്ന കണക്കുകൂട്ടലുമല്ല അത്‌. ചെകുത്താന്മാരുമായി കൂട്ടുകൂടിയ 1967-ലെ മുന്നണിയ്‌ക്ക്‌ എന്തു സംഭവിച്ചു എന്നു മാത്രമൊന്നു പരിശോധിച്ചാല്‍ മതി അതു മനസ്സിലാവാന്‍. എല്ലാ വര്‍ഗ്ഗീയകക്ഷികളും എതിരെ നിന്നിട്ടും 1987-ലെ മുന്നണിയുടെ വിജയവും പ്രവര്‍ത്തനവും കൂടി പഠിയ്‌ക്കാവുന്നതാണ്‌.അന്ധരായ അണികള്‍ മാത്രമല്ല ഇടതുമുന്നണിയ്‌ക്കു വോട്ടു ചെയ്യുന്നത്‌.

കണ്ടതെന്തും അപ്പാടെ വിഴുങ്ങാന്‍ തയ്യാറല്ലാത്തവരുമുണ്ട്‌. ഇക്കാര്യത്തില്‍ ഞാന്‍ ഒറ്റയ്‌ക്കല്ല എന്നും വിചാരിയ്‌ക്കുന്നുണ്ട്‌. പ്രതികൂലമായി വോട്ടു ചെയ്‌തില്ലെന്നു വരാം; വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാനെങ്കിലും അവര്‍ തയ്യാറായേക്കും. അതിന്‌ ഇടവരുത്തരുത്‌.

psc questions, psc app, psc learning app, psc online learning

Comments are closed.