News in its shortest

കെയുഡബ്ല്യുജെ തിരഞ്ഞെടുപ്പ്: സോഷ്യലിസ്റ്റ് മുതലാളിയെ പിന്താങ്ങിയ സ്ഥാനാര്‍ത്ഥിയോട് ആറ് ചോദ്യങ്ങള്‍

വി എസ് സനോജ്‌

എന്തുകൊണ്ട് ഒരു വനിത, പത്രപ്രവർത്തകയൂണിയൻ തലപ്പത്ത് വരണം.എന്തുകൊണ്ടൊരു തൊഴിലാളി വിരുദ്ധൻ തലപ്പത്ത് വരരുത്.
ഒട്ടും ടൈമില്ല, പണിയിലാണ്, വൻ ഓട്ടത്തിലും. പക്ഷേ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരുടേയും വിപ്ലവ പോസ്റ്റുകൾ കണ്ടപ്പോൾ ചില പഴയ കാര്യങ്ങൾ ഓർമ വന്നു, നീണ്ട കുറിപ്പാണ്, പറയാതെ വയ്യ, പക്ഷേ. ക്ഷമിക്കണം. 

ഏറെക്കാലം തൊഴിൽ ചെയ്ത മാതൃഭൂമിയ്ക്ക് ജേർണലിസ്റ്റ് യൂണിയനുണ്ട് (എം.ജെ.യു.) പത്ത് വർഷം മുമ്പ് മലമ്പുഴയിൽ എം.ജെ.യു. സമ്മേളനമുണ്ടായി. സമ്മേളനം അവതരിപ്പിച്ച സംഘടനാ പ്രമേയവും അന്നുണ്ടായ ധീര നിലപാടുകളും കൊണ്ടത് ചരിത്രം സൃഷ്ടിച്ചു. ആ സമ്മേളന പ്രസം​ഗത്തോടെ ധാരാളം പേർ പണിഷ്മെന്റ് ട്രാൻസഫറും മേടിച്ച് ചിതറിത്തെറിച്ചു. കൊൽക്കത്തയും കൊഹിമയും ലഖ്നൗവുമെല്ലാം അതിൽ പെടും. വേജ് ബോർഡിന് വേണ്ടി വാദിച്ചതിന്റെ പേരിൽ നീതി നിഷേധ പരമ്പര തന്നെയുണ്ടായി. പുറത്താക്കപ്പെടൽ, ​ഗതികെട്ട രാജികൾ, പലായനം, പ്രമോഷൻ നിഷേധങ്ങൾ, അങ്ങനെ പലതും. ആ ജേർണലിസ്റ്റ് യൂണിയന് മലമ്പുഴ സമ്മേളനത്തിന് ശേഷമെന്ത് സംഭവിച്ചു എന്നത് കൗതുകകരമാണ്.  

അക്കാലങ്ങളിലെ പ്രധാന സമ്മേളന കലാപരിപാടി കേട്ടാൽ ഇത് വായിക്കുന്നവർ ചിരിക്കരുത്. സ്ഥാപന മേധാവി പരിപാടി ഉദ്ഘാടനം ചെയ്യാനായി വരും, തൊഴിലാളികളെ ശാസിച്ചും പരിഹസിച്ചും മെയ്ദിനത്തിൽ പ്രസംഗിക്കും. അത് കേട്ട് എല്ലാവരും മിണ്ടാതിരിക്കും. മാനേജ്മെന്റിന് താല്പര്യമുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും, പിരിയും. ഈ കലാപരിപാടി ചില വർഷങ്ങളിൽ ഒഴികെ മിക്കപ്പോഴും ചടങ്ങ് പോലെ തുടരുന്ന കാലത്താണ് പുതിയൊരു ടീം യൂണിയൻ പിടിക്കുന്നതും ചില മാറ്റങ്ങളുണ്ടായതും.

മെയ്ദിന പരിപാടിയുടെ പരിഹാസ മൊഡ്യൂൾ ശരിയില്ലെന്ന് വാദിച്ചതോടെ കോഴിക്കോട്ടെ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഈയുള്ളവൻ ഉൾപ്പെടെ യൂണിയനിലെ ചില താപ്പാനകളുടെ കണ്ണിലെ കരടായി. വേജ് ബോർഡിനായുള്ള പ്രമേയം വായിച്ച് പ്രതിഷേധം അറിയിക്കാൻ തീരുമാനിക്കുക മാത്രമേ നടത്തിയുള്ളൂ. പക്ഷേ കലാപ ശ്രമമാണെന്നും കമ്പനി പൂട്ടിക്കുമെന്നും തെറ്റായ വ്യഖ്യാനം ഈ താപ്പാനകൾ നടത്തി, മാനേജ്മെന്റിനെ തെറ്റിദ്ധരിപ്പിച്ചു.

യൂണിയന്റെ പ്രവർത്തനം തങ്ങളുടെ കയ്യിൽ നിന്ന് ചോരുന്നതിലെ ഭയമുള്ള ചിലരുടെ കുത്സിത ശ്രമമായിരുന്നു അത്. കമ്പനി വലിയൊരു കാലഘട്ടം വരെ ഇത് വിശ്വസിച്ചു. കങ്കാണിമാരുടെ തെറ്റായ വിവരം വെച്ച് നടപടിയും വന്നു. ഡസൻ കണക്കിന് സ്ഥലംമാറ്റങ്ങളുണ്ടായി, വേജ് ബോർഡ് വാദികളെ വേട്ടയാടി. 
അന്നത്തെ കമ്പനി എം.ഡിയായ സോഷ്യലിസ്റ്റിനോട് ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ മാപ്പ് അപേക്ഷ നൽകുകയോ നേരിട്ട് കണ്ട് ക്ഷമാപണം നടത്തുകയോ ചെയ്താൽ തിരിച്ചുവരവ് ചിന്തിക്കാമെന്ന് അന്യസംസ്ഥാന തൊഴിലാളികളായ ഞങ്ങൾക്ക് അനൗദ്യോഗികമായി അറിയിപ്പ് കിട്ടി പലവട്ടം.

അതിനോട് നോ, പറഞ്ഞാണ് വർഷങ്ങളോളം ജോലി തുടർന്നത്. സി. നാരായണനെന്ന പത്രപ്രവർത്തകനെ യൂണിയനെ ഏകോപ്പിച്ചതിന്റെ പേരിൽ പുറത്താക്കി. നാരായണനെ പിന്തുണച്ചവരെയും ടാർജറ്റ് ചെയ്തു. പല പ്രമോഷനുകൾ മരവിപ്പിച്ചു. വ്യക്തിപരമായി, ലീവ് നിഷേധവും ലോസ് ഓഫ് പേയുമായി കൊടുംചൂടിൽ ഉത്തരേന്ത്യൻ ന്യൂസ് ബ്യൂറോകളിൽ ജോലി ചെയ്യേണ്ടിവന്നു. വേണ്ടത്ര മെരുങ്ങാത്തത് കൊണ്ട് കൊൽക്കത്തയില് നിന്ന് കൊഹിമയിലേക്ക് നല്ല നടപ്പിന് ശിക്ഷിച്ചു, പിന്നെ ലഖ്നൗ. ചില സുഹൃത്തുക്കളിപ്പോഴും പുറത്തെ സിംഗിൾമാൻ ബ്യൂറോകളിലാണ്. 
മലമ്പുഴ സമ്മേളനത്തിലെ ട്രേഡ് യൂണിയൻ ചെറുത്തുനിൽപ് വലിയ പ്രഹസനത്തിന് പിന്നീട് വഴിമാറി.

യൂണിയൻ തലപ്പത്ത് തല്പരകക്ഷികളെ മാത്രം വാഴിക്കുന്ന പഴയ കലാപരിപാടിയിലേക്ക് വീണ്ടും സംഘടന തിരിച്ചുവന്നു. മലമ്പുഴ സമ്മേളനം എന്ത് കലാപരിപാടി, എന്തെല്ലാം മാമൂലുകളെ  പൊളിക്കാൻ ശ്രമിച്ചുവോ അതിനെ കഴിഞ്ഞ വർഷങ്ങളിൽ തിരികെ കൊണ്ടുവന്നു ഈ എം.ജെ.യു താപ്പാനകൾ എന്ന് ചുരുക്കം. പാലക്കാട് സമ്മേളനത്തിന് തൊട്ടടുത്ത വർഷത്തെ തൃശൂർ സമ്മേളനത്തിൽ ആദ്യമേ മാനേജ്മെന്റിന് വേണ്ടി ചിലർ മുന്നൊരുക്കം നടത്തി. യൂണിറ്റ് തലത്തിൽ മുതൽ വിമർശനമുള്ളവരെ ഒഴിവാക്കാൻ ശ്രമം നടത്തി. ചിലയിടത്ത് അത് വിജയിച്ചു.

മലമ്പുഴയിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കെതിരെ പുതിയ പാനൽ മാനേജ്മെന്റിന് വേണ്ടി അവതരിപ്പിക്കപ്പെട്ടു. ന്യൂസ് എഡിറ്റര്മാരുടെ ഇടപെടലും ഭീഷണിയും വഴി വോട്ട് ചെയ്യുന്നവരെ കൂടി പിന്തിരിപ്പിച്ച് ഒരു നാടകം നടത്തി തൃശൂരിൽ മാനേജ്മെന്റ് പക്ഷക്കാരായ തൊമ്മികൾ യൂണിയന്റെ നേതൃത്വം തിരിച്ചെടുത്തു. അങ്ങനെ കമ്പനിയുടെ താല്പര്യലിസ്റ്റിലുള്ളവർ സംസ്ഥാന അധ്യക്ഷനും സെക്രട്ടറിയുമായി. അവരിലൂടെ യൂണിയന്റെ സകല ചെറുത്തുനിൽപ്പുകളും മാനേജ്മെന്റ് ഇല്ലാതാക്കി. തൊഴിലാളി യൂണിറ്റിയെ, നിർവീര്യമാക്കുന്നതിൽ അന്നത്തെ നേതാക്കളിൽ ചിലർ വിജയിച്ചു.

അന്ന് അതിനുവേണ്ടി പണിയെടുത്ത, യൂണിയന്റെ സകല അഭിമാന ബോധത്തേയും പണയം വെച്ചവരിലെ ഒരു പ്രധാനി, കെ.യു.ഡബ്യു.ജെ. തെരഞ്ഞെടുപ്പിലെ ഇത്തവണത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനാർത്ഥിയാണ്. മൂപ്പരെ പ്രകീർത്തിച്ച്, വലിയ ട്രേഡ് യൂണിയനിസ്റ്റാണെന്ന് പറഞ്ഞുമുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ കാണാനിടയായി. സാർവ്വ ദേശീയ തൊഴിലാളി ദിനത്തിലാണത് കണ്ടത്, കാലാന്തരേണ ചരിത്രം ദുരന്തമോ പ്രഹസനമോ ആയി എങ്ങനെ പരിണമിക്കുമെന്ന് മാർക്സ് നിരീക്ഷിക്കുന്നുണ്ട്, ചരിത്രത്തിലെ പ്രഹസനത്തെക്കുറിച്ച് കാഫ്കയും.

സംസ്ഥാന അധ്യക്ഷ സ്ഥാനാർത്ഥി ധീരനായ ട്രേഡ് യൂണിയൻ നേതാവാണെന്നാണ് പല സോഷ്യൽ മീഡിയ പോസ്റ്ററുകളും. പോസ്റ്റ് ട്രൂത്ത് സാഹിത്യമായി മാത്രം ഇതിനെ കാണാം. പിന്തിരിപ്പിൻ കങ്കാണിപ്പണിയ്ക്ക് എക്കാലവും ഓരം ചേർന്ന് നിന്ന് സ്ഥാപനത്തിലെ സഹപ്രവർത്തകരെ വേട്ടയാടാൻ കൂട്ടുനിൽക്കുകയും സ്വന്തം നില ഭദ്രമാക്കി, നയതന്ത്രത്തിൽ സ്ഥാനക്കയറ്റങ്ങൾ നേടി കേറിപ്പോകുകയും ചെയ്ത പലരിൽ ഒരാളാണ് ഈ മത്സരിക്കുന്നത്. നേരത്തെ കോഴിക്കോട് പ്രസ് ക്ലബ് അധ്യക്ഷസ്ഥാനത്തേക്ക് പല തവണ മത്സരിക്കാൻ ഇദ്ദേഹം തയ്യാറെടുത്തെങ്കിലും വേജ് ബോർഡ് സമരകാലത്തെ കുത്തിത്തിരിപ്പ് പണികളുടെ പേരിൽ കുപ്രസിദ്ധിയുള്ളതിനാൽ തോൽവി പേടിച്ച് പിന്മാറി കക്ഷി, മറവികളുടെ പുതിയ കാലത്ത് കുപ്പായമിട്ട് വീണ്ടും.

മറ്റൊരു തമാശ. പണ്ട് കൊൽക്കത്തയിൽ താമസിക്കുന്ന കാലത്ത് ഒപ്പം വന്ന് താമസിക്കുകയും ഒരുമിച്ച് തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ് യാത്ര നടത്തുകയും വേജ് ബോർഡ് പ്രക്ഷോഭത്തോട് ഏക്യപ്പെടുകയും ചെയ്ത പ്രിയ സുഹൃത്താണ് ഈ കക്ഷിയുമായി ചേർന്ന് സെക്രട്ടറി സ്ഥാനത്ത് മത്സരിക്കുന്നത്. അതായത് തൊഴിൽപ്രതിഷേധത്തിൽ നമ്മളോടെല്ലാം ഏക്യപ്പെട്ടിരുന്നയാൾ അത്തരം പ്രതിരോധത്തെ ഇല്ലാതാക്കാൻ ശ്രമിച്ചയാളിനൊപ്പം തോളോട് തോൾ ചേർന്ന് മത്സരിക്കുന്നു എന്ന് ചുരുക്കം.

പിന്തുണയ്ക്കാൻ വിപ്ലവ മാധ്യമസ്ഥാപനങ്ങളുമുണ്ട്. അത്, അദ്ദേഹത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യമാണത്. വിമർശിക്കാനില്ല. പക്ഷേ പ്രമുഖ പത്രസ്ഥാപനത്തിലെ ട്രേഡ് യൂണിയന്റെ പ്രവർത്തനങ്ങളെ തുരങ്കംവെച്ചവരെ കൂടെ നിർത്തി വേണോ മത്സരം എന്ന ചോദ്യം മാത്രം. എങ്കിലും വ്യക്തിപരമായ ചോയ്സാണത് എന്നതിനാൽ തീരുമാനത്തെ മാനിക്കുന്നു.

ചിലത് കൂടി ചോദിച്ചുകൊണ്ട് ഈ പോസ്റ്റ് നിർത്താം-

1) വേജ് ബോർഡ് സമരകാലത്ത് നടന്ന പ്രക്ഷോഭങ്ങളുടെ പേരിൽ മാതൃഭൂമിയിൽ നിന്ന് സ്ഥലംമാറ്റപ്പെട്ട വ്യക്തികൾക്ക് നേരിട്ട നടപടിയെ പരസ്യമായി അപലപിക്കാൻ അധ്യക്ഷ സ്ഥാനാർത്ഥിയ്ക്ക് ചങ്കുറ്റമുണ്ടോ.

2) കമ്പനി താല്പര്യപ്രകാരം മാത്രം യൂണിയനുണ്ടാക്കാൻ പണിയെടുത്തിരുന്ന ഒരാൾ എങ്ങനെ ട്രേഡ് യൂണിയനെ നയിക്കും. പ്രത്യേകിച്ച് പല സ്ഥാപന ഉടമകൾക്കെതിരെയും അതാത് ഇടത്തിൽ കേസുകൾ നടത്തുന്ന മാധ്യമ പ്രവർത്തകരുള്ള സംഘടന എന്ന നിലയിൽ. 

3) സി.നാരായണൻ മുൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് ആ കാരണത്താൽ കെ.യു.ഡബ്യു. ജെ. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ സ്വന്തം സ്ഥാപനത്തിൽ വിപ്പ് ഇറക്കുകയും, അത് ലംഘിച്ചവർക്കെതിരെ രംഗത്തുവരികയും ചെയ്ത എം.ജെ.യു. നടപടി ശരിയായില്ല എന്ന് പറയാനുള്ള ട്രേഡ് യൂണിയൻ ഔചിത്യമുണ്ടോ ഈ സ്ഥാനാർത്ഥിക്ക്?

4) നാരായണനെ പുറത്താക്കിയ തൊഴിലാളി വിരുദ്ധ നടപടിയിൽ കേസ് നടത്തുന്നത് യൂണിയനാണെന്നിരിക്കെ, എതിർകക്ഷി സ്ഥാപനമാണെന്നിരിക്കെ, അധ്യക്ഷസ്ഥാനാർത്ഥി എന്ന നിലയിൽ താങ്കളുടെ ആ കേസിലെ നിലപാട് എന്താണ്?
5) സഹപ്രവർത്തകരുടെ അന്യസംസ്ഥാന സ്ഥലംമാറ്റങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി കേസ് പിൻവലിക്കാൻ താങ്കൾ അടക്കം സമ്മർദ്ദം ചെലുത്തിയിരുന്നു പണ്ട്. കമ്പനിയ്ക്ക് വേണ്ടി പാവയെ പോലെ ചലിക്കുകയും സഹപ്രവർത്തകർക്ക് വേണ്ടി ചെറുവിരൽ അനക്കാതെ, നിശബ്ദനായതും എന്തുകൊണ്ടാണ് താങ്കൾ. 

6) കമ്പനി പെൻഷൻ നിർത്തലാക്കാനുള്ള നീക്കത്തിന് കൂട്ടുനിന്ന് തൊഴിലാളി വഞ്ചന നടത്തിയവരിലൊരാളായ താങ്കളെപോലെ ഒരാൾ പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ജയിച്ചാൽ എന്തായിരിക്കും സ്വന്തം സ്ഥാപനത്തിലേത് അടക്കമുള്ള തൊഴിൽ പ്രശ്നങ്ങളോടുള്ള തൊഴിലാളി വർഗ നിലപാട്? 

മറ്റൊരു സുപ്രധാന കാര്യം. കേരളത്തിൽ എത്രയോ വനിതാ മാധ്യമ പ്രവർത്തകരുണ്ട്. ചരിത്രത്തിൽ ഇതുവരെ ഒരു വനിത, അധ്യക്ഷയായിട്ടില്ലാത്ത സ്ഥിതിയ്ക്ക് ഒരു വനിത, സംസ്ഥാന അധ്യക്ഷയായി വന്നാലെന്താ കുഴപ്പം? എന്തുകൊണ്ട് പത്രപ്രവർത്തക യൂണിയന്റെ തലപ്പത്ത് ഒരു സ്ത്രീ തെരഞ്ഞെടുക്കപ്പെടാ. അതൊരു ചരിത്രമാവില്ലേ. അതല്ലേ കാലഘട്ടത്തിന്റെ അനിവാര്യത. യൂണിയൻ പ്രവർത്തനം മാധ്യമ ഉടമയുടെ കാൽക്കീഴിൽ കൊണ്ട് കെട്ടുന്നവരല്ലല്ലോ ജയിക്കേണ്ടത്. നിലപാടില്ലാത്ത, അധികാരം മാത്രം ലക്ഷ്യമിട്ടുള്ള അഴകൊഴമ്പൻ ഡിപ്ലോമസിക്കാർ തോൽപ്പിക്കപ്പെടേണ്ടേ. അടുപ്പമുള്ള നിരവധി മാധ്യമസുഹൃത്തുക്കൾ സംസ്ഥാന സമിതിയിലേക്ക് മത്സരിക്കുന്നു ഇത്തവണ, അവർക്കെല്ലാം  ആശംസകൾ. ലാൽസലാം.

കെയുഡബ്ല്യുജെ തിരഞ്ഞെടുപ്പ്: സോഷ്യലിസ്റ്റ് മുതലാളിയെ പിന്താങ്ങിയ സ്ഥാനാര്‍ത്ഥിയോട് ആറ് ചോദ്യങ്ങള്‍
kerala psc coaching kozhikode

Comments are closed.