News in its shortest

കോഴിക്കോട് പ്രസ് ക്ലബില്‍ ഖാപ് പഞ്ചായത്ത്; മാധ്യമ പ്രവര്‍ത്തകരുടെ ജനാധിപത്യ ബോധത്തെ പരിഹസിക്കുന്നവര്‍

കൂജേണോസ്‌ ([email protected])

കുറച്ച് പേര്‍ വട്ടമിട്ടിരുന്ന് അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും മാത്രം മുഖവിലക്കെടുത്ത് ചില കല്പനകള്‍ പുറപ്പെടുവിക്കും. അതേ, നടക്കാന്‍ പാടുള്ളൂ. എതിര്‍ക്കാന്‍ പാടില്ല. ഒറ്റക്കെതിര്‍ത്താല്‍ അവരെ അശ്ലീലമെന്നും അഹങ്കാരികളെന്നും ചാപ്പയടിക്കുന്ന ഒരു ഖാപ് പഞ്ചായത്ത്. തിരഞ്ഞെടുപ്പ് കാലത്ത് കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ അകത്തളങ്ങളില്‍ അത് രൂപപ്പെടും.

ഏറ്റവും കൂടുതല്‍ വോട്ടുകളുള്ള മൂന്ന് സ്ഥാപനങ്ങളും അതിനെ ഏകോപിപ്പിക്കാന്‍ കുറഞ്ഞ വോട്ടുള്ള സെല്ലുകളുടെ ചില ‘കളിക്കാരും’ ചേര്‍ന്നാല്‍ പ്രസ് ക്ലബ്ബിന്റെ ഖാപ് പഞ്ചായത്തായി. ഇലക്ഷന്‍ കാലത്ത് അവരങ്ങനെ രഹസ്യമായി കൂടിയിരിക്കും. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ പ്രധാനികളങ്ങ് തീരുമാനിക്കും. ബാക്കിയുള്ള സ്ഥാനങ്ങള്‍ അവര്‍ ചെറിയ സെല്ലുകാര്‍ക്ക് വീതം വെച്ച് കൊടുക്കും. അതൃപ്തി അറിയിച്ചാല്‍, ആ സെല്ലിനെയും മാധ്യമപ്രവര്‍ത്തക സമൂഹത്തെയും അധിക്ഷേപിക്കലായി. അമിതാത്മവിശ്വാസമാണോ, അഹങ്കാരമാണോ എന്നറിയില്ല ഖാപ് പഞ്ചായത്തിന് നേതൃത്വം നല്‍കിയവര്‍ ചോദ്യം ചെയ്തവരെയെല്ലാം വിലകുറച്ചു കണ്ടു. ശബ്ദമുയര്‍ത്തിയവരെ വേഗം പിടിച്ച് ഖാപ് പഞ്ചായത്തിന്റെ മൂലക്കിരുത്തി നിശബ്ദരാക്കി.

ഇതിനെല്ലാം നേതൃത്വം നല്‍കുന്ന ചില ആളുകള്‍, വോട്ട് ബാങ്കുള്ള മാതൃഭൂമി, മാധ്യമം, മീഡിയ വണ്‍ സെല്ലുകളെ ഏകോപിപ്പിച്ചാണ് അധികാരം തുടരെ പിടിച്ചെടുക്കാന്‍ വെമ്പുന്നത്. കൂട്ടത്തിലേക്ക് മറ്റ് സെല്ലുകളിലുള്ള കൊള്ളാവുന്നവരെ പേരിന് ഒപ്പം ചേര്‍ത്തിട്ടുണ്ടെന്ന് മാത്രം. അവരുടെ ഖാപ് പഞ്ചായത്ത് സിസ്റ്റം വിശാലമാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയുള്ള നുറുക്കുവിദ്യ! ഒറ്റക്കല്ല, ഒന്നിച്ചിനിയും മുന്നോട്ട് എന്നാണ് പാനലിന്റെ മുദ്രാവാക്യം. ആരൊക്കെയാണ് ഒന്നിച്ചുള്ളത് എന്ന് കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ ഒന്ന് പരിശോധിക്കണം.

പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, രണ്ട് വീതം വൈസ് പ്രസിഡന്റുമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍, എട്ട് എക്‌സിക്യൂട്ടീവുകള്‍ ഉള്‍പ്പടെ പതിനഞ്ച് സ്ഥാനങ്ങളിലേക്കാണ് ജില്ലയില്‍ മത്സരം. ഒറ്റക്കല്ല, ഒന്നിച്ചെന്ന് പറയുമ്പോള്‍ ആരൊക്കെയാണ് പാനലില്‍ മത്സരിക്കുന്നത് എന്നറിയണ്ടേ? മാതൃഭൂമിയില്‍ നിന്ന് നിലവിലെ സെക്രട്ടറി  ഉള്‍പ്പടെ മൂന്ന് പേര്‍. മാധ്യമത്തില്‍ നിന്ന് പ്രസിഡന്റ് ഉള്‍പ്പടെ രണ്ട് പേര്‍. മീഡിയ വണ്ണില്‍ നിന്ന് വൈസ് പ്രസിഡന്റ് ഉള്‍പ്പടെ രണ്ട് പേര്‍. പതിനഞ്ചില്‍ ഏഴും ഈ മൂന്ന് സ്ഥാപനങ്ങള്‍ക്ക്. അവശേഷിച്ചത്, വിശാലമനസ്‌കത കാണിക്കാന്‍ വീതം വെച്ചു. എന്നിട്ടും എത്രയോ സ്ഥാപനങ്ങള്‍ പടിക്ക് പുറത്താണ്. കൂടുതല്‍ സ്ഥാനങ്ങള്‍ പിടിച്ചടക്കി വെച്ചിരിക്കുന്നത് കീ പോസ്റ്റുകളിലേക്ക് മത്സരിക്കുന്നവരുടെ സെല്ലുകള്‍ തന്നെയാണ്. മറ്റ് സെല്ലുകളില്‍ നിന്ന് ആര് മത്സരിക്കണമെന്ന് പോലും തീരുമാനിക്കുന്നത് പാനല്‍ നേതൃത്വമാണ്. ഇവരാണ് ഒറ്റക്കല്ല, ഒന്നിച്ച് എന്ന ക്ലീഷേ മുദ്രാവാക്യവുമായി പ്രസ് ക്ലബ്ബ് ഭരണം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന വാശിയുമായി ഇറങ്ങിയിരിക്കുന്നത്.

ഈ പാനലൊക്കെ ഒരു കഥയാണ്. കോഴിക്കോട് ജില്ലയില്‍ ദേശാഭിമാനി,മാധ്യമം, മാതൃഭൂമി സെല്ലുമായി ഒരുമിച്ചാണ് കാര്യങ്ങള്‍ നീക്കുന്നത്. സംസ്ഥാന തലത്തിലേക്ക് വരുമ്പോള്‍ ഈ കൂട്ടര്‍ കീരിയും പാമ്പുമാണ്!

ഇങ്ങനെ തലയും വാലും ഒത്തുപോകാത്ത ഈ പാനല്‍ ആരുണ്ടാക്കിയതാണ്? ആരുടെ താത്പര്യമാണ്? ജനാധിപത്യ മര്യാദകളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട്, ഖാപ് പഞ്ചായത്ത് കളിക്കുന്ന ചിലരുടെ കുബുദ്ധിയില്‍ പൊട്ടി മുളച്ച ഈ പാനല്‍ കളി കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ പൊളിച്ചെറിയുക തന്നെ ചെയ്യും. അത് പ്രസ് ക്ലബ്ബിലെ ഓരോ അംഗവും തിരിച്ചറിഞ്ഞിട്ടാകണം വോട്ട് ചെയ്യാന്‍ എത്തേണ്ടത്. പുതിയ ആളുകള്‍ക്ക് ഇടം നല്‍കാതെ, ഭരിച്ചിട്ടും പൂതി തീരാതെ ഇനിയും മുന്നോട്ട് കുതിക്കാന്‍ ഇവരെന്തിനാണ് വരുന്നത്? കോവിഡ് ആയതു കൊണ്ട് ഭരണത്തിന്റെ രസം കിട്ടിയില്ലെന്ന ന്യായത്തിനൊക്കെ എന്താ പറയുക. സുവര്‍ണ ജൂബിലി ഈ ഭരണ സമിതിയില്ലെങ്കില്‍ നടക്കില്ലേ? അധികാര മോഹമുണ്ടെങ്കില്‍ അത് പച്ചക്ക് പറയാന്‍ എന്തിന് മടി കാണിക്കണം.

ചേര്‍ത്ത് നിര്‍ത്തിയവരെ കൈവിടാതിരിക്കാം എന്ന ലൈനിലാണ് പാനല്‍ നേതൃത്വം വോട്ട് ചോദിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ കൊവിഡ് വാക്‌സിന്‍ പോലും ഭരണ നേട്ടമായി നിലവിലെ ഭരണ സമിതിക്കാര്‍ എഴുതിപ്പിടിക്കുമ്പോള്‍ അതിനൊക്കെ എന്താ പറയുക. ജില്ലയിലെ 593 അംഗങ്ങളെയും പ്രതിനിധാനം ചെയ്തു കൊണ്ടുള്ള പാനലെന്ന് അവകാശപ്പെടുന്ന നേതൃത്വം ചെറിയ സെല്ലുകാരോട് പറയുന്നത് നിങ്ങളെ ഞങ്ങള്‍ തീറ്റിപ്പോറ്റിക്കൊള്ളാം, മിണ്ടാതെ മൂലക്കിരിക്ക് എന്നാണ്. അതൊക്കെ എന്ത് വര്‍ത്തമാനമാണ് ചങ്ങായ്മാരേ…

593 അംഗങ്ങളില്‍ 458 പേരെയും ചേര്‍ത്തു കൊണ്ടുള്ള വിശാല പാനലാണ് സാങ്കേതികമായിട്ടുള്ളത്. അത് സാങ്കേതികം മാത്രമാണ് കേട്ടോ..!! ഒരുമാതിരി കീലേരി അച്ചു ലൈനിലാണ് പാനല്‍ രൂപം കൊണ്ടത്. എതിര്‍ത്തവരെ പിടിച്ച് പാനലിലാക്കി. ബാക്കി വരുന്ന 135 വോട്ടില്‍ നിന്നുകൊണ്ടാണ് ഇവിടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷര്‍ കീപോസ്റ്റുകളിലേക്കും വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പോസ്റ്റുകളിലേക്കും പാനലിന് പുറത്ത് നിന്നു കൊണ്ട് ഒറ്റക്കുള്ള ഉശിരന്‍ പോരാട്ടം.

ഞങ്ങള്‍ മാത്രം മതി ഇവിടെ എന്ന് പറഞ്ഞവരോട് ഞങ്ങളും ഇവിടെയുണ്ടെന്ന് കരുത്തോടെ പറഞ്ഞു കൊണ്ട് കീ പോസ്റ്റുകളിലേക്ക് വലിയ മത്സരം നടക്കുന്നു. പാനലിന് നേതൃത്വം നല്‍കുന്ന കുറച്ച് പേരുടെ ഏകാധിപത്യ മനോഭാവത്തിനേറ്റ അടിയാണീ മത്സരം. പ്രസ് ക്ലബ്ബ് ഇലക്ഷന് ഇത്രയും വീറും വാശിയും വന്നത് രണ്ടും കല്പിച്ച്, ജനാധിപത്യം പുലരാന്‍ ഒറ്റയാന്‍മാര്‍ രംഗത്തിറങ്ങിയതോടെയാണ്.

പാനല്‍ നേതൃത്വം നല്‍കുന്ന വിപ്പ് അതേ പടി അനുസരിക്കുന്ന ആള്‍ക്കൂട്ടമാണ് കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ എന്ന് ആരും വിശ്വസിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകരാണ് വോട്ട് ചെയ്യാനെത്തുന്നവര്‍. നല്ല രാഷ്ട്രീയ ബോധ്യമുള്ളവരാണ്, ജനാധിപത്യത്തെ കുറിച്ച് പറയുകയും എഴുതുകയും ചെയ്യുന്നവരാണ്. ചില പാനല്‍ കളിക്കാരുടെ വിപ്പനുസരിക്കാനായിരിക്കരുത്, നേതൃഗുണമുള്ളവരെ തിരഞ്ഞെടുക്കാനായിരിക്കണം കാലിക്കറ്റ് പ്രസ് ക്ലബ്ബ് അംഗങ്ങള്‍ ബാലറ്റ് എന്ന ആയുധം കൈയ്യിലെടുക്കേണ്ടത്.

പ്രസ് ക്ലബ്ബ് അംഗങ്ങളേ, നിങ്ങള്‍ ഓരോരുത്തരും ചിന്തിക്കുക. വോട്ട് ആയുധമാണ്, അട്ടിമറികള്‍ സൃഷ്ടിച്ച് വസന്തമൊരുക്കാനുള്ള വിപ്ലവ വേദിയാണിത്. വന്‍ പാനലുകാരെ അട്ടിമറിച്ച ചരിത്രം കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഇലക്ഷനുണ്ട്. ഇനി മണിക്കൂറുകള്‍ മാത്രമേയുള്ളൂ. ഒറ്റക്കല്ല ഒന്നിച്ച് എന്ന വ്യാജ മുദ്രാവാക്യമുയര്‍ത്തി കൂട്ടത്തില്‍ നില്‍ക്കുന്നവരെ പോലും അപഹാസ്യരാക്കുന്നവര്‍ക്ക് തിരിച്ചടി കൊടുക്കുക.

ജനാധിപത്യം പുലരട്ടെ…

kerala psc coaching kozhikode
കോഴിക്കോട് പ്രസ് ക്ലബില്‍ ഖാപ് പഞ്ചായത്ത്; മാധ്യമ പ്രവര്‍ത്തകരുടെ ജനാധിപത്യ ബോധത്തെ പരിഹസിക്കുന്നവര്‍
80%
Awesome
  • Design