News in its shortest

സ്‌കൂള്‍ ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്താന്‍ കിക്ക് ഓഫ് പദ്ധതിയുമായി കായിക വകുപ്പ്‌

ഫുട്‌ബോളിന്റെ പ്രതാപം വീണ്ടെടുക്കാൻ കായിക വകുപ്പിന്റെ ‘കിക്ക് ഓഫ്’ പദ്ധതി. കുട്ടികളില്‍നിന്ന് ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതാണ് പദ്ധതി. ‘ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു പരിശീലനകേന്ദ്രമെങ്കിലും ഉണ്ടായിരിക്കും. ഒരു ജില്ലയില്‍ 25 പേര്‍ക്കാണ് പരിശീലനം. 18 കേന്ദ്രങ്ങളാണ് സംസ്ഥാനവ്യാപകമായി തുടങ്ങുക. ആദ്യഘട്ടത്തില്‍ എട്ടു സെന്ററുകളില്‍ പരിശീലനം ആരംഭിക്കും. 2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്കാണ് അവസരം.

കോഴിക്കോട് കുറുവത്തൂര്‍ പായമ്പ്ര ജി.എച്ച്.എസ്.എസ്, കാസര്‍കോട് പടന്ന ജി.എഫ്.എച്ച്.എസ്.എസ്, തൃശൂര്‍ എരുമപ്പെട്ടി ജി.എച്ച്.എസ്.എസ്, കണ്ണൂര്‍ കല്യാശ്ശേരി കെ.പി.ആര്‍.എം.ജി.എച്ച്.എസ്.എസ്, പാലക്കാട് പട്ടാമ്പി ജി.എച്ച്.എസ്.എസ്, കണ്ണൂര്‍ കൂടാളി കെ.എച്ച്.എസ്.എസ്, മലപ്പുറം കോട്ടയ്ക്കല്‍ ജി.ആര്‍.എച്ച്.എസ്.എസ്, വയനാട് പനമരം ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലാണ് ആദ്യഘട്ടം പരിശീലനം ആരംഭിക്കുക.

കിക്ക് ഓഫ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ www.sportskeralakickoff.org ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥിക്ക് മൊബൈല്‍ ഫോണില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ എസ്.എം.എസ് ആയി ലഭിക്കും.

പദ്ധതിയുടെ ഭാഗമായി വിദേശ പരിശീലകരുടെ സാങ്കേതിക സഹായം, പരിശീലന മത്സരങ്ങള്‍, സ്‌പോര്‍ട്‌സ് കിറ്റ്, ഭക്ഷണം എന്നിവ ലഭ്യമാക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം ഒന്നരമണിക്കൂര്‍ വീതമാണ് ശാസ്ത്രീയ പരിശീലനം നല്‍കുക. പദ്ധതിയുടെ സുഖകരമായ നടത്തിപ്പിന് സംസ്ഥാനതലത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റിയും സ്‌കൂളുകളില്‍ സ്ഥലം എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളുടെ മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കും.

Comments are closed.