News in its shortest

കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന് ലോക അംഗീകാരം, പബ്ലിക് ബിസിനസ് ആക്‌സിലറേറ്ററിനുള്ള ഒന്നാം സ്ഥാനം ലഭിച്ചു

യുബിഐ ഗ്ലോബല്‍ നടത്തിയ വേള്‍ഡ് ബെഞ്ച്മാര്‍ക്ക് പഠനത്തില്‍ പബ്ലിക് ബിസിനസ് ആക്‌സിലറേറ്ററിനുള്ള ഒന്നാം സ്ഥാനം കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ലഭിച്ചു. 82 രാജ്യങ്ങളില്‍ നിന്നുള്ള 364 ഇന്‍കുബേറ്ററുകളുടേയും ആക്‌സിലറേറ്ററുകളുടേയും പ്രകടനം വിലയിരുത്തിയാണ് വിവിധ മേഖലകളില്‍ റാങ്കിംഗ് നിശ്ചയിച്ചത്.

സ്റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള ഗവേഷണ സംഘടനയായ യുബിഐ ഗ്ലോബലിന്റെ വേള്‍ഡ് ബെഞ്ച്മാര്‍ക്ക് സ്റ്റഡീസ്, സ്റ്റാര്‍ട്ട്അപ്പ് മേഖലയിലെ മികവും ചലനങ്ങളും സ്വാധീനവും വിലയിരുത്തിയ ശേഷമാണ് സ്റ്റാര്‍ട്ട് അപ്പ്മിഷനെ തെരഞ്ഞെടുത്തത്. സ്റ്റാര്‍ട്ടപ്പുകളുടെ വരുമാനം, സ്വയംസൃഷ്ടിച്ച വരുമാനം, പ്രോഗ്രാമിലേക്ക് സ്വീകരിക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍, സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതുമായ തൊഴില്‍ അവസരങ്ങള്‍ എന്നിവ ഉള്‍പ്പെടെ, സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യവര്‍ദ്ധനവ്, സ്റ്റാര്‍ട്ടപ്പുകളുടെ വികസനം, ഫണ്ടുകളിലേക്കുള്ള പ്രവേശനം, നെറ്റ്വര്‍ക്കിലേക്കുള്ള പ്രവേശനം എന്നിവയും റാങ്കിങ്ങില്‍ പരിഗണിച്ചിട്ടുണ്ട്. പരിശോധിച്ച എല്ലാ യോഗ്യതാ മാനദണ്ഡങ്ങളിലും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

സംസ്ഥാനത്തെ സ്റ്റാര്‍ട് അപ്പ് മേഖലയ്ക്ക് ഉയര്‍ന്ന പരിഗണന നല്‍കി പ്രോത്സാഹിപ്പിക്കുക എന്ന നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിന്റെ ഭാഗമായി കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പുകളിലേക്ക് നിക്ഷേപവുമായി വന്‍കിട കമ്പനികള്‍ രംഗത്തു വരികയും ചെയ്യുന്നു. പല സ്റ്റാര്‍ട്അപ്പ് സംരംഭങ്ങളും ഇതിനോടകം അന്താരാഷ്ട്രാ പ്രശസ്തി നേടുകയും ചെയ്തിട്ടുണ്ട്. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ കേരളത്തിന്റെ പേര് അന്താരാഷ്ട്ര തലത്തില്‍ തന്നെ മുന്നില്‍ എത്തിച്ചിരിക്കുന്നുവെന്നും കേരളം രാജ്യാതിര്‍ത്തികള്‍ കടന്ന് അന്താരാഷ്ട്രാതലത്തിലും നേട്ടങ്ങള്‍ കൈവരിക്കുന്നത് സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.