News in its shortest

കര്‍ഷക തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കാന്‍ 100 കോടി രൂപ

അറുപത് വയസ് പൂര്‍ത്തിയാക്കിയ കര്‍ഷകതൊഴിലാളികൾക്ക് റിട്ടയർമെന്റ് ആനുകൂല്യമായി നൽകുന്ന അതിവർഷാനുകൂല്യത്തിന്റെ കുടിശിക വിതരണം ചെയ്യുന്നതിന് നൂറ് കോടി രൂപ സർക്കാർ അനുവദിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ പണമനുവദിക്കാത്തതിനെ തുടര്‍ന്ന് 2011 മാര്‍ച്ച് മുതല്‍ 2016 വരെ അതിവര്‍ഷാനുകൂല്യം വിതരണം ചെയ്തിരുന്നില്ല. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് കുടിശിക ഉള്‍പ്പെടെ വിതരണം ചെയ്യുന്നതിന് നടപടിയാരംഭിച്ചത്.
മുപ്പത് കോടി രൂപ സര്‍ക്കാര്‍ നേരത്തേ അനുവദിച്ചതിനെ തുടര്‍ന്ന് 2011 മാര്‍ച്ച്‌ മാസം വരെയുള്ള ആനുകൂല്യം കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് വിതരണം ചെയ്തിരുന്നു.

അറുപത് വയസ് പൂര്‍ത്തിയാക്കി ക്ഷേമനിധിയില്‍ നിന്ന് വിരമിക്കുന്ന തൊഴിലാളിക്ക് അംഗത്വകാലത്തിന് അനുസൃതമായി പ്രതിവര്‍ഷം 625 രൂപ എന്ന നിരക്കിലാണ് കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് അതിവര്‍ഷാനുകൂല്യം നല്‍കുന്നത്. 2009-10ല്‍ അന്നത്തെ സര്‍ക്കാര്‍ അതിവര്‍ഷാനുകൂല്യം നല്‍കുന്നതിനായി 114.90 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനുശേഷം 2017ലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ മുപ്പത് കോടി രൂപ അനുവദിച്ചത്.

കര്‍ഷകത്തൊഴിലാളിക്ഷേമനിധിബോര്‍ഡിന്‍റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനും കര്‍ഷകതൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടക്കമില്ലാതെ വിതരണം ചെയ്യുന്നതിനും സർക്കാർ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഭൂവുടമാവിഹിതവും തൊഴിലാളികളുടെ അംശദായവും കാലോചിതമായി വര്‍ധിപ്പിച്ച് ബോര്‍ഡിന്‍റെ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഭൂവുടമകള്‍ അടക്കുന്ന നികുതിയുടെ ഒരു ഭാഗം ക്ഷേമനിധിക്ക് കൈമാറുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. വര്‍ഷം 40 കോടിയോളം രൂപയുടെ ആനുകൂല്യങ്ങളാണ് കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് മുഖേന വിതരണം ചെയ്യുന്നത്.

Comments are closed.