News in its shortest

ആരോഗ്യമേഖല നന്നാക്കാൻ കേരളം ചെയേണ്ടത് എന്ത്?

ഡോ പി കെ ശശിധരന്‍

“ഇപ്പോൾ ഇന്ത്യയിൽ ഉള്ളതില്‍ ഏറ്റവും മെച്ചമായ ഹെൽത്ത് സിസ്റ്റമാണ് കേരളത്തില്‍ ഉള്ളത്. അതിൽ അഹങ്കരിക്കാതെയും പൊങ്ങച്ചം പറയാതെയും  അതിനെ ലോകോത്തരമാക്കാൻ എന്ത് ചെയ്യണം എന്ന് മാത്രമാണ് നാം നോക്കേണ്ടത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ താരതമ്യം ചെയുന്നത് പോലും നിർത്തി വെക്കണം.

അടിസ്ഥാന ആരോഗ്യ സംരക്ഷണവും (social determinants of Health) പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ (PHC) വഴി വികേന്ദ്രീകൃതമായി നൽകുന്ന അടിസ്ഥാന ചികിത്സാ (പ്രൈമറി കെയര്‍) സൗകര്യവും ആണ് ജനക്ഷേമത്തിനു പരമപ്രധാനം എന്ന് മറക്കരുത്.

ഇന്ത്യയിൽ ഉള്ളതിൽ ഭേദം കേരളം ആയതുകൊണ്ട് മാത്രമാണ് കേരളം എല്ലാവരേക്കാളും മെച്ചമാണെന്നു പറയുന്നത്, അതാകട്ടെ ഇവിടുത്തെ PHC കളിലെ സേവനസന്നദ്ധരായ ഒരു പറ്റം  ഡോക്ടര്മാരുടെ പ്രവർത്തനം മൂലവും കേരളത്തിൽ മെച്ചപ്പെട്ട സാമൂഹ്യ വിദ്യാഭ്യാസ വ്യവസ്ഥിതിയും ഉണ്ടാക്കിയെടുത്തതു  കൊണ്ട് മാത്രമാണ് താനും. എന്നാൽ  അടുത്ത കാലത്തു വന്ന ഒരു പ്രവണത കേരളത്തെ വല്ലാതെ പുറകോട്ടു കൊണ്ടുന്നുണ്ട് എന്ന് മനസ്സിലാക്കണം.

ഇവിടുത്തെ എല്ലാ ഡോക്ടർമാരും സ്പെഷ്യലിസ്റ്റ് ആവാനുള്ള നെട്ടോട്ടത്തിലാണ്.  ആ പ്രവണതയെ വളർത്താനാണ് ഇവിടുത്തെ സംവിധാനങ്ങളെ മുഴുവനായും ഉപയോഗിക്കുന്നത് എന്നത് കേരളത്തിന് ചേർന്ന രീതിയല്ല.ജനങ്ങൾക്ക് ഏറ്റവും കൂടുതലായി ആവശ്യം വരുന്നത് GP/കുടുംബ  ഡോക്ടർമാരെയാണെന്നു പോലും എല്ലാവരും മറന്നു പോയി.

ചികിത്സാ മേഖലയിലെ കച്ചവട താത്പര്യങ്ങളെ വളർത്തുന്നവരും, ആരോഗ്യാവബോധമില്ലാത്തവരും അശാസ്ത്രീയ ചികിത്സകളെ വളർത്തുന്നവരും എല്ലാവരും ചേർന്ന് ഈ വിഭാഗം ഡോക്ടർമാരെ ഇല്ലാതാക്കി. സ്പെഷ്യലിസ്റ് അല്ലാത്ത എല്ലാവരെയും വെറുതെ GP അല്ലെങ്കിൽ കുടുംബ ഡോക്ടർ എന്ന് വിളിക്കുന്ന രീതി ശരിയല്ല.

അഞ്ചു കൊല്ലാതെ MBBS പഠനം കൊണ്ട് മാത്രം കഴിവുള്ള GP (കുടുംബ ഡോക്ടർ) ആവാൻ പറ്റില്ലെന്ന് ഗവണ്മെന്റുകളെ ഉപദേശിക്കുന്നവർ ഇനിയെങ്കിലും മനസ്സിലാക്കണം. NMC യുടെ തലപ്പത്തുള്ളവർക്കു പോലും ഈ കാഴ്ചപ്പാട് ഇല്ലാത്തതു ഖേദകരമാണ്. 

പിഎച്ച്‌സികളിലും സിഎച്ച്‌സികളിലും ഇരിക്കുന്ന ഡോക്ടര്‍മാര്‍ എല്ലാവരും  അവിടത്തെ പ്രവൃത്തി എടുക്കാൻ വേണ്ടി പരിശീലനം കീട്ടിയവർ  മാത്രം ആണെന്ന് ഉറപ്പു വരുത്തലാണ്, അല്ലെങ്കിൽ അവിടിരിക്കുന്ന ഡോക്ടർമാർ എല്ലാവരും  അവിടങ്ങളിലെ ജോലിക്കു വേണ്ടി മോട്ടിവേറ്റഡ് ആണ് എന്ന് ഉറപ്പു വാര്ത്തലാണ് ഏറ്റവും മുൻഗണന അർഹിക്കുന്ന പ്രവർത്തി.

അല്ലാതെ അവരൊക്കെ നാളെയൊരു പിജി എടുക്കാന്‍ വേണ്ടി മാത്രം ഊഴം നോക്കി  ഇരിക്കുന്നവരായാൽ, ഭാവിയിലെ കേരളം എന്താവുമെന്ന് കണ്ടറിയണം. അവിടുന്നുപോകാന്‍ താല്‍പര്യമില്ലാത്തവരും അവിടെത്തന്നെ തുടരാൻ  താല്‍പര്യമുള്ളവരും ആയിരിക്കണം PHC കളിലും CHC കളിലും  വേണ്ടത്. അതിനാണ്  അവർക്കു ഫാമിലി മെഡിസിന്‍ പരിശീലനം  വേണമെന്ന് പറയുന്നത്. 

ചുരുക്കി പറഞ്ഞാൽ ജിപി ആവാന്‍, ഫാമിലി ഡോക്ടര്‍ ആവാനുള്ള പരിശീലനം  കിട്ടിയ അല്ലെങ്കിൽ വേണ്ടത്ര പ്രവർത്തി പരിചയമുള്ള ഡോക്ടര്‍മാര്‍ മാത്രം ആയിരിക്കണം പെരിഫെറിയില്‍ (PHC, CHC കളിൽ)  ഇരിക്കുന്നത് മുഴുവനും. ലോകത്ത് എല്ലായിടത്തും ഈ സംവിധാനം ഉണ്ട്, നമുക്കില്ല. അങ്ങനെ പരിശീലനം കിട്ടിയവർ അവിടെത്തന്നെ ഇരിക്കാന്‍ വേണ്ടി എന്നും തയാർ ആയിരിക്കും.

ഇപ്പോൾ നമ്മുടെ PHC കളിലും CHC കളിലും  ഇരിക്കുന്ന ഭൂരിപക്ഷം പേരും  പിജി എന്‍ട്രന്‍സിന് പഠിക്കുന്നവരാണ്. അവര്‍ അവിടെ തന്നെ ഇരിക്കാന്‍ വേണ്ടി വന്നതെയല്ല, ഒന്നുകില്‍ ലീവ് എടുത്ത് വേറെ എങ്ങോട്ടെങ്കിലും പോകും അല്ലെങ്കില്‍ ഇഎന്‍ടിയും ഓഫ്താല്‍മോളജിയും ഒക്കെ ഉള്ളവര്‍ അതിനൊന്നിച്ച് അവർക്കു വേണ്ട വിഷയത്തിൽ മാത്രം ജിപി ചെയ്യും.

അങ്ങനെ നോക്കിയാൽ പിഎച്ച്‌സി കളുടെ നടത്തിപ്പിനും ആരോഗ്യപരിപാലനത്തിനും  പരിശീലനം  കിട്ടിയവർ ആരും തന്നെ ഇപ്പോൾ ഇല്ല എന്നു വേണം പറയാൻ. അതിന് അവരെ പ്രാപ്തരാക്കാൻ ഉള്ള പരിശീലനം ഉണ്ട് താനും,  അതാണ് ഫാമിലി മെഡിസിന്‍ MD/DNB  എന്ന് പറയുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യയില്‍ ആരോടു പറഞ്ഞാല്‍ പോലും ആര്‍ക്കും അറിയില്ല ഇങ്ങനെയൊന്ന് ഉണ്ടെന്ന് പോലും.

കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ ഇന്ത്യയിൽ ആദ്യമായി എംഡി ഫാമിലി മെഡിസിന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ അതിനെ നന്നാക്കണം എന്ന മനസും തിരിച്ചറിവ് പോലും ആര്‍ക്കും ഇല്ല, കാരണം അത്തരം സംവിധാനം ഇവിടെ ഇപ്പോൾ  ഇല്ലാത്തതുകൊണ്ട് തന്നെ.

ഇന്ത്യക്കു പുറത്ത് ഏറ്റവും കൂടുതല്‍ ശമ്പളവും അംഗീകാരവും  കിട്ടുന്നത് പോലും ഫാമിലി ഡോക്ടര്‍മാര്‍ക്കാണ്. യഥാർത്ഥത്തിൽ അവരാണ് അവിടത്തെ ഏറ്റവും പ്രധാന ഡോക്ടര്‍മാര്‍. യൂറോപ്യന്‍ രാജ്യങ്ങളിൽ,  സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെല്ലാം ഡോക്ടർമാരിൽ ഏറ്റവും പ്രധാനി ഫാമിലി ഡോക്ടര്‍മാരാണ്.

എംബിബിഎസ് മാത്രമുള്ളവര്‍ക്ക് പിഎച്ച്‌സിയില്‍ ജോലി എടുക്കാൻ വേണ്ട പരിശീലനം വേണ്ടത്ര ഉണ്ടാവില്ല, രണ്ടാമത് അവര്‍ മറ്റു വിഷയങ്ങളിൽ പിജി എടുക്കാന്‍ വേണ്ടി  തയാറെടുക്കുന്നവർ  ആയിരിക്കും. രണ്ട് വിധത്തിലും ഈ പ്രവണത സമൂഹത്തിനു നഷ്ടമാണ്. എന്നാൽ ചുരുക്കം ചിലര്‍ ഉണ്ടാകും, വളരെക്കാലം അവിടെത്തന്നെ പ്രാക്റ്റീസ്  ചെയ്തു കൊണ്ട് കഴിവ് നേടിയവര്‍.

എംബിബിഎസ് കഴിഞ്ഞ് ഒരു അഞ്ചു പത്ത് കൊല്ലമൊക്കെ നല്ല ആത്മാര്‍ത്ഥതയോടെ ജോലി  ചെയ്താല്‍ അതുമതിയാവും നല്ല കുടുംബ ഡോക്ടർ ആവാൻ. അത് ഇപ്പോൾ അത്ര എളുപ്പമുള്ള കാര്യമല്ല.എന്നാൽ ഒരു നാൽപതു കൊല്ലം മുമ്പ് വരെ MBBS പഠനം അതിനുള്ള  ഒരു അടിസ്ഥാന ട്രെയ്‌നിങ് പ്രോഗ്രാം ആയിരുന്നു. ഇന്ന് അവർ PG എടുക്കാൻ വേണ്ടി മാത്രം വരുന്നു, പഠിക്കുന്നു. അതുകൊണ്ടു തന്നെ മൂന്ന് കൊല്ലത്തെ ഫാമിലി മെഡിസിൻ പരിശീലനം ഇപ്പോൾ തീർത്തും അനിവാര്യമാണ്.   അതുകഴിഞ്ഞവര്‍ PHC, CHC എന്നിവിടങ്ങളിൽ ജോലി ചെയ്യാൻ  അവർ പ്രാപ്തരായിരിക്കും.

അവര്‍ ഒരിക്കലും അവിടെനിന്ന് പോകില്ല താനും. കാലിക്കറ്റ് മെഡിക്കല്‍ കൊളേജില്‍ നിന്ന് എല്ലാ വര്‍ഷവും രണ്ടുപേര്‍ വെച്ച് ഇപ്പോൾ പാസ്സാവുന്നുണ്ട്. അതേപോലെ DNB ഫാമിലി മെഡിസിൻ കഴിഞ്ഞവരും ചിലയിടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.  അവര്‍ ഇരിക്കുന്ന പിഎച്ച്‌സികള്‍ക്ക് കേരളത്തിലെ ഏറ്റവും മികച്ച  പിഎച്ച്‌സി ക്കുള്ള അവാര്‍ഡ് വരെ കിട്ടുന്നുണ്ട്.

അതൊക്കെ നന്നായി നടക്കുന്നുമുണ്ട്. മുമ്പത്തെ രീതിയിലുള്ള എംബിബിഎസ് പഠനം ആയിരുന്നെങ്കിൽ ജനറല്‍ പ്രാക്റ്റീഷണര്‍ ആകണമെന്ന ഒരു മോട്ടിവേഷന്‍  എങ്കിലും MBBS വിദ്യാർത്ഥികൾക്ക്  ഉണ്ടാകും.  ഇപ്പോള്‍ ഉള്ള കുട്ടികള്‍ ജിപി ആവാന്‍ വേണ്ടി വരുന്നേയില്ല. MBBS നു ചേരുമ്പോൾ  തന്നെ  അവരോട് എന്താകാനാണ് താല്‍പര്യം എന്ന് ചോദിച്ചാല്‍ കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്,   നെഫ്രോളജിസ്റ്റ് എന്നെല്ലാമാണ് പറയുക.

ജിപി എന്താണ് എന്ന് അവര്‍ക്ക് അറിയുക പോലുമില്ല. ഇപ്പോൾ  പഠിക്കുന്ന കുട്ടികള്‍ കയറിയ അന്നുമുതല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിലാണ് ശ്രദ്ധിക്കുന്നത്. എന്‍ട്രന്‍സില്‍ കൂടുതൽ ശ്രദ്ധിക്കുമ്പോള്‍ പഠിത്തത്തിലും ക്ലിനിക്കൽ സ്കിൽ ഉണ്ടാക്കുന്നതിലും വേണ്ടത്ര ശ്രദ്ധയുണ്ടാകില്ല, ഹൗസ് സര്‍ജന്‍സി പീരിയഡില്‍ പോലും ശ്രദ്ധിക്കില്ല, ക്ലിനിക്കല്‍ സ്‌കില്‍ എന്നുപറയുന്നത് ഇപ്പോൾ ആരും ഉണ്ടാക്കിയെടുക്കുന്നേയില്ല.

അങ്ങനെ എല്ലാ അവസരങ്ങളും പാഴാക്കി, അവസാനം ഒരു PG ക്കും  കിട്ടാത്തവര്‍ മാത്രം പിഎച്ച്‌സിയില്‍ പോകും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.  അവിടെ പോയിരുന്ന് വീണ്ടും പിജിക്കുള്ള തയാറെടുപ്പിലാകും അവരുടെ ശ്രദ്ധ എല്ലാം. അവർ ചെയ്യേണ്ട ജോലിയില്‍ മനസ്സ് കൊടുക്കാതെ അവിടിരുന്നിട്ടു എന്താണ് കാര്യം?

അങ്ങനെയുള്ളവരാണ് പിഎച്ച്‌സിയിലും സിഎച്ച്‌സിയിലും പലയിടങ്ങളിലും ഇപ്പോൾ ഇരിക്കുന്നത്. PHC കളിലും CHC കളിലും infrastructure നന്നാക്കി  അങ്ങനെയുള്ളവരെ ഇരുത്തിയിട്ട് കേരളം നല്ലതാണെന്ന് പറഞ്ഞ് നടന്നിട്ടു കാര്യമൊന്നുമില്ല.  എന്നാൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ എല്ലാമുണ്ട് താനും, ഭൗതിക സൗകര്യം (ഇന്‍ഫ്രാസ്ട്രക്ടര്‍) നല്ല പോലെ ഉണ്ട്, ഇടതു പക്ഷ ഗവണ്മെന്റിന്റെ കഴിഞ്ഞ രണ്ട് ഭരണകാലയളവിലും നല്ല രീതിയില്‍ എല്ലാ സർക്കാർ ആസ്പത്രികളിലും PHC കളിലും CHC കളിലും ഭൗതിക സൗകര്യങ്ങൾ നല്ല പോലെ കൂട്ടി.

അതിനൊരു മറുവശമുണ്ട്, അതിനു മുൻപത്തെ  ഗവണ്മെന്റ് ഏതാണ്ട് പൂര്‍ണമായും അവഗണിച്ചിരുന്നതാണ് PHC കളും, CHC കളും. ഇപ്പോൾ ഇന്‍ഫ്രാസ്ട്രക്ചര്‍ മുഴുവന്‍ നന്നാക്കി. എല്ലാ സിഎച്ച്‌സിയിലും പിഎച്ച്‌സിയിലും വേണ്ട എല്ലാ  സൗകര്യങ്ങളും ഉണ്ട്. അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിനേക്കാള്‍ നല്ലതാണ് എല്ലാം.

അവിടങ്ങളിൽ കുടുംബ ഡോക്ടർ ആവാൻ   പരിശീലനം കിട്ടിയ ഡോക്ടർമാർ മാത്രം ഇല്ലാത്തതു ബന്ധപ്പെട്ട അധികാരികൾക്ക് ദീർഘ വീക്ഷണം  ഇല്ലാഞ്ഞിട്ടാണ്. അതിന് കാരണം, സര്‍ക്കാരിന് നിര്‍ദേശം കൊടുക്കേണ്ടവര്‍ക്ക് തന്നെ ഇത്തരം പരീശീലനത്തിന്റെ  പ്രാധാന്യം മനസിലായിട്ടില്ല എന്നതുകൊണ്ടാണ്. 

യഥാർത്ഥത്തിൽ പരിശീലനം ലഭിച്ച കുടുംബ ഡോക്ടർമാർ ധാരാളം ഉണ്ടായിരുന്നെങ്കിൽ ഒരു കോവിഡ് പേഷ്യന്റിനും മെഡിക്കല്‍ കൊളേജില്‍ വരേണ്ട ആവശ്യമില്ലായിരുന്നു. കോവിഡിന്റെ  ഒപ്പം മറ്റസുഖങ്ങളുള്ള, അല്ലെങ്കിൽ വെന്റിലേറ്റര്‍ ആവശ്യമുള്ളവര്‍ മാത്രം വലിയ ആസ്പത്രികളിൽ വന്നാല്‍ മതിയായിരുന്നു.

കോവിഡ് ചികിത്സക്ക്  വേണ്ടി മുഴുവന്‍ മെഡിക്കല്‍ കൊളേജിനെ കോവിഡ് സെന്ററൊന്നും ആക്കേണ്ടി വരില്ലായിരുന്നു. സാധാരണ രോഗികളെയെല്ലാം അവിടെ തന്നെ വികേന്ദ്രീകൃതമായ  സംവിധാനത്തിൽ എറ്റവും നന്നായി  ചികിത്സിക്കാൻ  പറ്റുമായിരുന്നു.

കുടുംബ ഡോക്ടർ ആവാൻ പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ അഭാവം നമ്മുടെ സമൂഹത്തെ അത്രയേറെ വിപരീതമായി  ബാധിച്ചിട്ടുണ്ട്. ഇപ്പോൾ PHC കളിലും CHC കളിലും  ഉള്ള ഡോക്ടർമാർ മറ്റാരൊക്കെയോ ഉണ്ടാക്കുന്ന പ്രോട്ടോകോള്‍ പ്രകാരം പ്രവർത്തിക്കുന്നതല്ലാതെ അവരുടെ ഡിസ്‌ക്രിമിനേറ്ററി പവര്‍ വെച്ച് അല്ല ജോലി ചെയ്യുന്നത്. ചികിത്സാ മേഖലയുടെ യാഥാർഥ്യങ്ങൾ അറിയുന്നവര്‍ക്ക്, നിക്ഷിപ്‌ത താല്പര്യങ്ങൾ ഇല്ലാത്തവർക്ക്  മാത്രം അത് മനസ്സിലാവും.

പോളിസി ഉണ്ടാക്കാന്‍ വേണ്ടി സര്‍ക്കാരിന് ഉപദേശം കൊടുക്കുന്ന പലരും ക്ലിനിക്കല്‍ പ്രവൃത്തി ചെയ്യാത്തവരാണ്, അവര്‍ക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. രോഗികളുടെ  വ്യക്തിത്വമോ, മനസികാവസ്ഥയോ, പശ്ചാത്തലമോ ഒന്നും മനസ്സിലാക്കാതെ, ഓഫീസില്‍ ഇരുന്ന് പ്രോട്ടോകോള്‍ ഉണ്ടാക്കുന്നവരാണ് ഇപ്പോൾ എവിടെയും.

ഈ അടുത്ത് ഒരു മെഡിക്കല്‍ കൊളേജ് സംഘടിപ്പിച്ച ഒരു പാനല്‍ ഡിസ്‌കഷനില്‍ പോലും ഡല്‍ഹിയില്‍ ഇരിക്കുന്ന ജീനോമിക് റിസര്‍ച്ച് ചെയ്യുന്ന ഒരു യുവ ഡോക്ടറാണ് കോവിഡ്  മാനേജ്മെന്റിന് മാർഗ്ഗനിർദ്ദേശം (guideline)  കൊടുക്കുന്നത് ആയി കണ്ടത്. ഇത്രമാത്രം അധപതിച്ചല്ലോ നാം എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു.ഇനിയെങ്കിലും നമുക്ക് നമ്മുടെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന കൊടുക്കാം,എല്ലാ മെഡിക്കൽ കോളേജിലും ഫാമിലി മെഡിസിൻ വിഭാഗം നിർബ്ബന്ധമാക്കണം, എല്ലാ ജനറൽ ആസ്പത്രികളിലും DNB ഫാമിലി മെഡിസിൻ പരിശീലനം തുടങ്ങണം.

ആരോഗ്യമേഖല നന്നാക്കാൻ കേരളം ചെയേണ്ടത് എന്ത്?
80%
Awesome
  • Design