Now Reading
ജഗ്ഗി വാസുദേവിന്റെ ഫ്യൂസ് ടൈംസ് ഓഫ് ഇന്ത്യ ഊരിയതെങ്ങനെ?

കെ എ ഷാജി

മുൻപ് കോയമ്പത്തൂരിൽ ജോലി ചെയ്തിരുന്ന കാലം.
അന്ന് തമിഴ് നാട്ടിൽ മൊത്തം കടുത്ത ഊർജ പ്രതിസന്ധിയായിരുന്നു. ദിവസവും ഉള്ള പവർകട്ട് ഏതാണ്ട് പതിമൂന്ന് മണിക്കൂർ വരെ നീളുമായിരുന്നു. ജെനറേറ്റർ ഉപയോഗിച്ചായിരുന്നു ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. വീട്ടിലിരിക്കുന്നത് അതീവ ദുഷ്കരം.
ഒരു ദിവസം രാവിലെ ഓഫീസിൽ എത്തിയ സഹപ്രവർത്തകൻ സുബ്ബുരാജാണ് ആ വിവരം പറഞ്ഞത്.

കോയമ്പത്തൂർ പ്രദേശത്ത് പവർക്കട്ടില്ലാത്ത ഒരേയൊരു സ്ഥലമേയുള്ളു. ജഗ്ഗി വാസുദേവിൻ്റെ ആശ്രമം. വെള്ളിങ്കിരി മലയുടെ താഴ്വരയിലെ ആ ആശ്രമത്തിൽ ദിവസവും ഇരുപത്തി നാല് മണിക്കൂറും വൈദ്യുതിയുണ്ട്.
ഊർജ പ്രതിസന്ധിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം പോലും താളം തെറ്റിയ അവസ്ഥയിലാണ്. പക്ഷെ ജഗ്ഗിയ്ക്ക് ഒരു പ്രശ്‌നവുമില്ല. ശിരുവാണി ഡാമിൽ നിന്നും കോയമ്പത്തൂർ നഗരത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോറിന് ആവശ്യമായ വൈദ്യുതി എത്തുന്നത് ഒരു പ്രത്യേക ലൈനിൽ കൂടിയാണ്. കുടിവെള്ളത്തിന്റെ കാര്യം ആയതിനാൽ ആ ലൈനിൽ പവർ കട്ടില്ല. ഒരു സ്വകാര്യ കണക്ഷനും ആ ലൈനിൽ നിന്നും കാലങ്ങളായി കൊടുത്തിട്ടില്ലായിരുന്നു.

അവിടെയാണ് തൻ്റെ സ്വാധീനം ഉപയോഗിച്ച് ജഗ്ഗി അനധികൃത കണക്ഷൻ എടുത്തിരിക്കുന്നത്. വാസ്തവത്തിൽ അതൊരു വലിയ വാർത്തയാണ്. എന്നാൽ ഞങ്ങൾ ജോലി ചെയ്തിരുന്ന ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ ആ വാർത്ത വരില്ല. ജഗ്ഗിയുടെ ആശ്രമത്തിൽ വലിയൊരു ഗസ്റ്റ് ഹൗസ് നിർമ്മിച്ച് നൽകിയിരിക്കുന്നത് പത്രമാണ്. ഉടമകളായ ഇന്ദു ജെയ്‌നും വിനീത് ജെയ്നും ജഗ്ഗിയുടെ അറിയപ്പെടുന്ന ഭക്തരാണ്. അവർ അയാൾക്ക്‌ മുന്നിൽ ഇരിക്കുക പോലുമില്ല. കോയമ്പത്തൂർ എഡിഷൻ ഉൽഘാടന ചടങ്ങിലെ മുഖ്യാതിഥിയും ജഗ്ഗി ആയിരുന്നു.
സുബ്ബുരാജിനാണെങ്കിൽ ജഗ്ഗിയ്ക്ക് ഒരു പണികൊടുക്കണം എന്ന് വലിയ ആഗ്രഹം.

എന്തായാലും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് തീരുമാനിച്ചു. ഉത്തരേന്ത്യയിൽ എവിടെയോ യാത്രയിലായിരുന്ന അന്നത്തെ റെസിഡന്റ് എഡിറ്ററെ വിളിച്ചു. വർത്തയെക്കുറിച്ചും ആശ്രമത്തെ കുറിച്ചും ഉടമയായ വിവാദ ആത്മീയ നായകനെ കുറിച്ചും വിശദമായി പറഞ്ഞെങ്കിലും ജഗ്ഗി എന്ന പേര് ഒഴിവാക്കിയാണ് സംസാരിച്ചത്. ഭാഗ്യവശാൽ അദ്ദേഹം സ്വാമിയുടെ പേര് ചോദിച്ചുമില്ല. ചോദിച്ചിരുന്നെങ്കിൽ വാർത്ത അവിടെ കൊല്ലപ്പെടുമായിരുന്നു. ഞങ്ങളുടെ ഭാഗ്യത്തിന് വാർത്ത കൊടുത്തുകൊള്ളാൻ അനുവാദം കിട്ടി.

ഒന്നാം പേജിൽ വലിയ പ്രാധാന്യത്തിൽ കൊടുക്കാൻ ഡെസ്കിൽ വിളിച്ചു പറയാൻ പറഞ്ഞപ്പോൾ അദ്ദേഹം അതും സമ്മതിച്ചു. ഇത്തരം തോന്ന്യാസങ്ങൾ അനുവദിച്ചു കൊടുക്കരുത് എന്നും സ്ട്രോങ്ങ് ആയി എഴുതിക്കൊള്ളണം എന്ന് അദ്ദേഹം ഉപദേശിക്കുകയും ചെയ്തു.
അങ്ങനെ സുബ്ബുരാജ് വാർത്തയെഴുതി. അത് വായിച്ചു നോക്കുമ്പോൾ മുൻപ് കരുണാനിധി ഭരണത്തിൽ ഇരുന്നപ്പോൾ കൊടുത്ത അനധികൃത കണക്ഷൻ ആണ്. ആ കാര്യം വാർത്തയുടെ ഒടുവിലാണ് പരാമർശിക്കുന്നത്. പെട്ടെന്ന് തലയിൽ ഒരു സാധ്യത തെളിഞ്ഞു. കരുണാനിധിയെ ആദ്യഭാഗത്ത് എടുത്തിട്ട് വാർത്ത മാറ്റിയെഴുതി. കരുണാനിധി ജഗ്ഗിയ്ക്ക് നിയമം ലംഘിച്ചു കണക്ഷൻ നൽകി എന്നും തമിഴ്‌നാട്ടിൽ വൈദ്യുതി പ്രതിസന്ധി അനുഭവിക്കാത്ത ഏക വ്യക്തി ജഗ്ഗി ആണെന്നുമായി വാർത്തയുടെ ഫോക്കസ്.

See Also

ഊഹം തെറ്റിയില്ല. പിറ്റേന്ന് രാവിലെ ചെന്നൈയിൽ ഇരുന്ന് വാർത്ത വായിച്ച മുഖ്യമന്ത്രി ജയലളിത കണക്ഷൻ കട്ട് ചെയ്യാൻ ഉടൻ ഓർഡർ ഇട്ടു. കരുണാനിധി ചെയ്ത എന്തും റദ്ധാക്കുന്ന പ്രവർത്തിയിൽ തലൈവി മുഴുകിയിരുന്ന കാലം. വാർത്തയും തുടർന്നുള്ള വൈദ്യുതി വിച്ഛേദനവും ജഗ്ഗിയെ കോപാകുലനാക്കി. ഉടമകളെ വിളിച്ച് അയാൾ കരഞ്ഞു. ഡൽഹിയിൽ നിന്നും ചെന്നൈയിൽ നിന്നും മുതിർന്ന സ്ഥാനങ്ങളിൽ ഉള്ളവർ മാറി മാറി വിളിച്ചു. ജഗ്ഗിയും സ്ഥാപനവും തമ്മിലുള്ള ബന്ധം അറിയില്ലേ എന്നായിരുന്നു പ്രധാന ചോദ്യം. അറിയില്ലായിരുന്നു എന്നും ഇപ്പോഴാണ് അറിഞ്ഞതെന്നും മേലിൽ ആവർത്തിക്കില്ല എന്നും വിശദീകരിച്ചു.

അറിയാതെ സംഭവിച്ച തെറ്റാണ് എന്നും മേലിൽ ആവർത്തിക്കില്ല എന്നും പറഞ്ഞ് സ്വാമിജിക്ക് ഒരു മെയിൽ അയക്കാൻ നിർദേശം കിട്ടി. മെയിൽ ഒന്നോ രണ്ടോ അയക്കാൻ ഞങ്ങൾക്കും വിസമ്മതം ഇല്ലായിരുന്നു. ജയലളിത കട്ട് ചെയ്ത കണക്ഷൻ പുനഃസ്ഥാപിക്കാൻ ജഗ്ഗി അല്ല ആരുവിചാരിച്ചാലും നടക്കില്ല. അങ്ങനെ മാപ്പ് മെയിൽ ചെയ്തു. കിട്ടിയതായി ആശ്രമം മറുപടിയും അയച്ചു. ശിരുവായിലേക്കുള്ള ലൈനിൽ നിന്നും ഇപ്പോഴും ആർക്കും സ്വകാര്യ കണക്ഷൻ ഇല്ല.

(കെ എ ഷാജി ഫേസ് ബുക്കില്‍ കുറിച്ചത്‌)

0
Good
50100
Pros
Cons
Scroll To Top