ഇന്ത്യന്‍ വംശജന്‍ അരവിന്ദ് കൃഷ്ണ ഐബിഎം സിഇഒ

81

ആഗോള വമ്പന്‍ ഐടി കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യാക്കാരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി. ഐബിഎമ്മിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍ അരവിന്ദ് കൃഷ്ണയെ നിയമിച്ചു. നിലവിലെ സിഇഒ ഗിന്നി റൊമെറ്റി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് അരവിന്ദിനെ കമ്പനി തല്‍സ്ഥാനത്ത് നിയമിക്കുന്നത്. ഏപ്രില്‍ ആറിന് അദ്ദേഹം ചുമതലയേല്‍ക്കും.

ഐബിഎം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സാണ് തീരുമാനം എടുത്തത്. ഇപ്പോള്‍ അരവിന്ദ് കമ്പനിയില്‍ ക്ലൗഡ് ആന്റ് കൊഗ്നിറ്റീവ് സോഫ്റ്റ് വെയര്‍ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റാണ്. 40 വര്‍ഷത്തോളം കമ്പനിയെ സേവിച്ചശേഷമാണ് ഗിന്നി വിരമിക്കുന്നത്. 62 വയസ്സുണ്ട് അവര്‍ക്ക്.

57-കാരനായ അരവിന്ദ് 1990-ലാണ് ഐബിഎമ്മില്‍ ചേരുന്നത്. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നും ബിരുദമെടുത്ത അദ്ദേഹം ഇല്ലിനോയിസ് സര്‍വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ പിഎച്ച്ഡി എടുത്തിട്ടുണ്ട്.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മാസ്റ്റര്‍ കാര്‍ഡ് സിഇഒ അജയ് ബംഗ, അഡോബ് സിഇഒ ശന്തനു നാരായണ്‍ തുടങ്ങിയ ഇന്ത്യാക്കാരുടെ പട്ടികയിലേക്കാണ് അരവിന്ദും എത്തുന്നത്. പെപ്‌സിയുടെ സിഇഒയായി ഇന്ദ്ര നൂയിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments are closed.