Now Reading
‘വടക്കേ ഇന്ത്യയിലെ ബീഫിന്റ കാര്യം പോലെയാണ് കേരളത്തിൽ മദ്യം’

ടോണി തോമസ്‌

കേരളത്തിന്റെ വരുമാന വളർച്ച മുരടിച്ചു നിൽക്കുന്നതിൽ കേരളാ സർക്കാരിന്റെ മദ്യനയം ഒരു വലിയ കാരണമാണ്. കാലാ കാലങ്ങളായി എടുത്തിട്ടുള്ള ശാസ്ത്രീയമല്ലാത്ത, വെറും വൈകാരികമായ തീരുമാനങ്ങൾ മദ്യപാനം കുറക്കാൻ ഒന്നും തന്നെ ചെയ്തു കാണില്ല എന്ന് മാത്രമല്ല, ഇത് മിക്കവാറും വർധിക്കാനാണ് ഇട. വടക്കേ ഇന്ത്യയിലെ ബീഫിന്റ കാര്യം പോലെയാണ് കേരളത്തിൽ മദ്യം. കുറെ മത തീവ്രവാദികളെയും, കുറേ രാഷ്ട്രീയ ദല്ലാളന്മാരെയും സന്തോഷിപ്പിക്കാൻ ചുമ്മാ കുറേ പ്രഹസനങ്ങൾ.

ഒന്നാം തീയതി മദ്യം ഇല്ലാത്തത് ടൂറിസം മേഖലക്ക് (മൈസ് ഉൾപ്പെടെ) വല്ലാത്ത ക്‌ഷീണമാണ് എന്നല്ലാതെ വേറെ ഗുണം ഒന്നുമില്ല‌. സാധാരണ മലയാളി ഒന്നാം തീയതി മദ്യം കടകളിൽ ഇല്ലാ എന്നറിയാവുന്നതുകൊണ്ട് തലേദിവസം വാങ്ങി വച്ച് അല്ലെങ്കിൽ മിലിറ്ററി എവിടുന്നെങ്കിലും വരുത്തി കുടിക്കും.

ചെറിയ ബാറുകൾ നിർത്തിയത് കൊണ്ട്, സാധാരണ ഒന്നോ രണ്ടോ ലാർജ്ജ് അവിടെ ഇരുന്നടിച്ചിരുന്നവർ ഇന്ന് ബീവറേജസിൽ നിന്നും കുപ്പി കണക്കിന് വാങ്ങി കുടിക്കുന്നു. പലർക്കും വീട്ടിൽ ഇരുന്നു കുടിക്കാൻ പറ്റാത്തത് കൊണ്ട് മദ്യപാനം പൊതു സ്ഥലങ്ങളിൽ ആയി.

പാവപ്പെട്ടവനെ നാണം കെടുത്താൻ മാത്രം ഉതകുന്ന ബീവറേജസ് ക്യു സംവിധാനം നിർത്തി, മറ്റു കടകൾ പോലെ സാധനം എടുത്തു, ക്യാഷ് കൊടുത്തു പോകുന്ന സംവിധാനം ആക്കുക. കൂടാതെ മറ്റു റീറ്റെയ്ൽ പോയിന്റ്‌സും കൊണ്ടുവരിക.

മദ്യം വിദേശികളുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. മദ്യം ഭക്ഷണശാലകളിൽ ലഭ്യമല്ലാത് കൊണ്ട് ഇവർക്ക് കേരളത്തോട് താല്പര്യം കുറയുന്നു. അതുകൊണ്ട് കേരളത്തിൽ വന്ന് വന്ന് കൂടുതലും ആഭ്യന്തര ടൂറിസ്റ്റുകളാണ് വരുന്നത്. ടൂറിസത്തിൽ എണ്ണമല്ലല്ലോ, ചിലവാകുന്ന തുകയല്ലേ പ്രധാനം. വിദേശ ടൂറിസ്റ്റ്കൾ ആഭ്യന്തര ടൂറിസ്റ്റ്കളെക്കാളും ശരാശരി കൂടുതൽ പണം ചിലവാക്കുന്നവരാണ്. കൂടാതെ ഇവരുടെ രീതി ഒരു സാധാരണ ഇന്ത്യൻ ടൂറിസ്റ്റ്നെക്കാൾ പ്രകൃതി സൗഹൃദവുമാണ്. അവരെ നമുക്ക് നഷ്ടമാവുന്നു.

ഐറ്റി മേഖലയുടെ നിലനിൽപ്പിന്‌ ചെറുപ്പക്കക്കാരെ ഇവിടെ നിർത്തുക എന്നത് അത്യാവശ്യമാണ്. എന്നാൽ ബാംഗ്ലൂർ, ഡൽഹി, മുംബൈ മുതലായ സ്ഥലങ്ങളിൽ പബ്ബ് പോലെ ആൺ, പെൺ ഭേദമില്ലാതെ സുഹൃത്തുക്കൾക്ക് ഒരുമിച്ച് പോയി ഭക്ഷണം കഴിച്ചു, കുടിക്കണ്ടിയത് കുടിച്ചു പോകാൻ സൗകര്യമുള്ളപ്പോൾ അവർ കേരളം ഉപേക്ഷിക്കുന്നു. കൂടാതെ ഐറ്റി ജോലി ചെയ്തു പലപ്പോഴും വളരെ താമസിച്ചാണ് ഇവർ വരുന്നത്.

കൂടാതെ, ചില മദ്യം നമ്മുടെ ഒരു പ്രത്യേകത ആക്കി അത് നമ്മുടെ വരുമാനത്തിനുതകുന്നതാക്കുക. ഗോവയിലെ ഫെന്നി, ശ്രീലങ്ക അരാക്ക്, ജപ്പാൻ സാകെ ഒക്കെ പോലെ. നമുക്ക്‌ പറങ്കിപ്പഴം, കൈതച്ചക്ക, കരിക്ക് മുതലായവ കൊണ്ടും, കള്ള് നല്ലപോലെ മാർക്കറ്റ് ചെയ്താൽ അതുകൊണ്ടും നല്ല രീതിയിൽ പുതിയ മാർക്കറ്റ് ഉണ്ടാക്കാവുന്നതേയുള്ളു. സംസ്ഥാനത്തിന് വരുമാനം കൂടാതെ നമ്മുടെ കൃഷിക്കാർക്ക് വളരെ സഹായകരമാകും. നമ്മുടെ കള്ളുഷാപ്പ് നല്ല ഭക്ഷണം ഉൾപ്പെടെ നൽകുന്നത് ആർക്ക് തോൽപ്പിക്കാൻ പറ്റും?

നമ്മുടെ കേരളത്തിൽ കിട്ടുന്ന മിക്ക മദ്യവും മറ്റു സംസ്‌ഥാനങ്ങളിൽ നിന്ന് വരുന്നതാണ്. ഇത് കേരളത്തിൽ തന്നെ ഉല്പാദിപ്പിച്ചാൽ നമ്മുക്ക് തൊഴിലും, വരുമാനവും വർദ്ധിക്കും.

സ്കോച്ച് വിസ്‌ക്കി ഉൾപ്പെടെ പ്രീമിയം മദ്യം ലഭ്യമാക്കി, നല്ല രീതിയിൽ വിറ്റാൽ നല്ല വരുമാനം വരുത്താം.

അത്‌ കൊണ്ട് മദ്യനയം അടിയന്തിരമായി പരിഷ്കരിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ ഞാൻ ഇതിനു മുൻപും പല വേദികളിൽ പറഞ്ഞിട്ടുള്ളതു തന്നെ ഇവിടെ പങ്കുവയ്ക്കുന്നു.

1. ഒന്നാം തീയതിയും മദ്യം ലഭ്യമാകുക

2. റെസ്റ്റോറന്റ്കളിൽ മദ്യം ഭക്ഷണത്തോടൊപ്പം ലഭ്യമാക്കുക

3. ഐറ്റി, ടൂറിസ്റ്റ് മേഖലകളിൽ രാത്രി രണ്ടു മണി വരെ മദ്യം ലഭ്യമാക്കുക

4. പബ്ബ് ലൈസൻസ് നൽകുക

5. ബിവറേജസ് ഔട്ലറ്റ്സ് കൂടാതെ മറ്റ്‌ ചില കടകളിലും മദ്യം ലഭ്യമാക്കുക. ബിവറേജസ് ക്യൂ പരിഷ്കരിക്കുക

See Also
SUPREMECOURT

6. കർണാടകം മുതലായ സ്ഥലങ്ങളിൽ ബോട്ടിൽ ചെയ്യാതെ, കേരളത്തിൽ ചെയ്യുക

7. നീര, വീര്യം കുറഞ്ഞ മദ്യം എന്ന പ്രായോഗികമല്ലാത്ത കാര്യങ്ങൾ മാറ്റി, കേരളത്തിൽ ലഭ്യമായ പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് നല്ല നാച്ചുറൽ അൽക്കോഹോൾ ഉണ്ടാക്കി വിൽക്കുക

8. കള്ള് കേരളത്തിന്റെ പ്രത്യേകതയായി മാർക്കറ്റ് ചെയ്ത്, കള്ള് ഷാപ്പ്കൾ നാടൻ ഭക്ഷണവും, കള്ളും, കിട്ടുന്ന വിദേശി, കുടുംബ സൗഹൃദ സ്ഥലം ആക്കി പരസ്യപ്പെടുത്തുക.

9. നല്ല ക്വാളിറ്റി മദ്യം, സ്കോച്ച് വിസ്‌ക്കി ഉൾപ്പെടെ കേരളത്തിൽ ലഭ്യമാക്കുക

എന്നാൽ മദ്യപിച്ചു കുടുംബ കലഹമുണ്ടാക്കുന്നവരെയും, മദ്യപിച്ചു വാഹനം ഓടിക്കുന്നവരെയും, മദ്യം കാരണമാക്കുന്ന മറ്റു സാമൂഹ്യ വിരുദ്ധരെയും യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ ശിക്ഷിക്കുക. മദ്യം ഒരു റ്റബൂ അല്ല എന്നായാൽ ഇത് ഒരു പരിധിവരെ മാറും. ഒന്നും നിരോധിക്കുകയല്ല, ഉത്തരവാദിത്തത്തോടു കൂടി കൈകാര്യം ചെയ്യുകയാണ് വേണ്ടത്.

(ടോണി തോമസ് ഫേസ് ബുക്കില്‍ കുറിച്ചത്‌)

||നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം||

0
Good
50100
Pros
Cons
Scroll To Top