ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് ക്ലബിലെത്തി താരം എന്ന റെക്കോര്‍ഡ് ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോലി എഴുതിച്ചേര്‍ത്ത മത്സരത്തില്‍ വിന്‍ഡീസിന് വിജയത്തോട് തുല്യമായ സമനില. ഇന്ത്യ ഉയര്‍ത്തിയ 321 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് അവസാന പന്തില്‍ നേടിയ ബൗണ്ടറിയുടെ സഹായത്തോടെയാണ് എതിരാളിയെ സമനിലയില്‍ തളച്ചത്. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിനെ ഷായ് ഹോപ്പാണ് ബൗണ്ടറി കടത്തിയത്. ഹോപ്പിന്റെ അവിശ്വസനീയ പ്രകടനമാണ് വിന്‍ഡീസിന് സ്‌കോര്‍ തുല്യതയിലെത്തിക്കാന്‍ സഹായിച്ചതും.

അദ്ദേഹം 134 പന്തില്‍ 123 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഏഴ് വിക്കറ്റുകള്‍ നഷ്ടത്തിലാണ് വിന്‍ഡീസ് 321 റണ്‍സ് എടുത്തത്. ഷിംറോണ്‍ ഹെറ്റ്‌മെയറുടെ 94 റണ്‍സും നിര്‍ണായകമായി. നേരത്തെ കോലിയുടെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലെ സെഞ്ച്വറിയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്.

എന്നാല്‍ ആദ്യ ഏകദിനത്തിലേതു പോലെ ബോളര്‍മാര്‍ കൈയയച്ച് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ സഹായിച്ചു. ഇതേതുടര്‍ന്ന് ഇന്ത്യയ്ക്ക് സ്‌കോറിനെ പ്രതിരോധിക്കാന്‍ ആയില്ല.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം