News in its shortest

മുഹമ്മദൻസിനെ വീഴ്ത്തി മലബാറിയൻസ്; ചരിത്രം വലയിലാക്കി ഗോകുലം കേരള എഫ് സി

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോള്‍ കിരീടം രണ്ടാം തവണയും സ്വന്തമാക്കി ചരിത്ര നേട്ടം സ്വന്തമാക്കി ഗോകുലം കേരള. കലാശപ്പോരാട്ടത്തില്‍ മുഹമ്മദന്‍സിനെ 2-1 എന്ന പരാജയപ്പെടുത്തിയാണ് മലബാറിയന്‍സ് വീണ്ടും ഐ ലീഗ് കിരീടം കേരളത്തിലെത്തിച്ചത്.

സമനിലയെങ്കിലും ആവശ്യമായിരുന്ന മത്സരത്തില്‍ ഗോകുലം കേരള ജയത്തോടെയാണ് രണ്ടാം കിരീടത്തില്‍ മുത്തമിട്ടത്. ആദ്യമായിട്ടാണ് ഒരു ക്ലബ് ഐ ലീഗ് തുടര്‍ച്ചയായ രണ്ടാം തവണയും സ്വന്തമാക്കുന്നത്. രണ്ട് മലയാളി താരങ്ങളുടെ ബൂട്ടില്‍ നിന്ന് പിറന്ന ഗോളുകളായിരിന്നു ഗോകുലം കേരളയെ വീജയതീരത്തെത്തിച്ചത്.

മുഹമ്മദ് റിഷാദ് 49, എമില്‍ ബെന്നി 61 എന്നിവരായിരുന്നു ഗോകുലത്തിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. ഈ സീസണില്‍ 18 മത്സരം കളിച്ച ഗോകുലം കേരള ഒറ്റ മത്സരത്തില്‍ മാത്രമേ തോല്‍വി അറിഞ്ഞിട്ടുള്ളു. ഒരു സമനിലയെങ്കിലും വേണ്ടിയിരുന്ന മത്സരത്തില്‍ ശ്രദ്ധയോടെയായിരുന്നു ഗോകുലം തുടങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചതിനാല്‍ ക്യാപ്റ്റന്‍ ഷരീഫ് മുഹമ്മദ് ഇല്ലാതെയായിരുന്നു ഗോകുലം ഇറങ്ങിയത്. പ്രതിരോധ താരം അമിനോ ബൗബയായിരുന്നു ഫൈനലില്‍ ഗോകുലത്തെ നയിച്ചത്. 49ാം മിനുട്ടില്‍ മലയാളി താരം മുഹമ്മദ് റിഷാദിന്റെ ഗോളില്‍ ഗോകുലം കേരള മുന്നിലെത്തി.

ഒരു ഗോള്‍ ലീഡുമായി കളി മുന്നേറുന്നതിനിടെ മുഹമ്മദന്‍സിന്റെ സമനില ഗോള്‍ പിറന്നു. 57ാം മിനുട്ടില്‍ അസ്ഹറുദ്ദീന്‍ മാലിക്കായിരുന്നു മുഹമ്മദന്‍സിനായി സമനില ഗോള്‍ നേടിയത്. സമനില നേടിയതോടെ വീണ്ടും മത്സരത്തിന് ശക്തികൂടി. ഇതിനിടെ ഗോകുലം മുന്നേറ്റ താരം ജോര്‍ദാന്‍ ഫഌച്ചറിന് പരുക്കേറ്റു. പിന്നീട് ഫഌച്ചറിന് പകരം ശ്രീകുട്ടനായിരുന്നു കളത്തിലിറങ്ങിയത്. 691ാം മിനുട്ടില്‍ മലയാളി താരം എമില്‍ ബെന്നി ഗോകുലത്തെ മുന്നിലെത്തിച്ചു.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം വേണമെന്ന വാശിയില്‍ മുഹമ്മദന്‍ ഗോള്‍ മടക്കുന്നതിനായി ഗോകുലം ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. എന്നാല്‍ സെന്റര്‍ ഡിഫന്‍ഡര്‍ അമിനോ ബൗബയും ഗോള്‍ കീപ്പര്‍ രക്ഷിത് ദകറും ചേര്‍ന്ന് മുഹമ്മദന്‍സിന്റെ എല്ലാ മുന്നേറ്റങ്ങളുടെയും മുനയൊടിച്ചുകൊണ്ടിരുന്നു. ഒടുവില്‍ റഫറി ഫൈനല്‍ വിസില്‍ വിളിക്കുമ്പോള്‍ ചരിത്രനേട്ടവുമായി ഗോകുലം കേരളതാരങ്ങള്‍ മൈതാനം കീഴടക്കി. ആദ്യമായാണ് ഒരു കേരള ടീം ദേശീയ കിരീടം തുടര്‍ച്ചയായ രണ്ടാം തവണയും സ്വന്തമാക്കുന്നത്.

മുഹമ്മദൻസിനെ വീഴ്ത്തി മലബാറിയൻസ്; ചരിത്രം വലയിലാക്കി ഗോകുലം കേരള എഫ് സി
80%
Awesome
  • Design