കോവിഡ് 19: മനുഷ്യകുലത്ത് ആശ്വാസ വാര്‍ത്ത, കൊറോണ ബാധിച്ച കുരങ്ങുകള്‍ക്ക് രോഗപ്രതിരോധ ശേഷി

50

കൊറോണ വൈറസ് ബാധിച്ച കുരങ്ങുകള്‍ക്ക് അസുഖം മാറി രോഗപ്രതിരോധശേഷി കൈവരിച്ചുവെന്ന് ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കോറോണയ്‌ക്കെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് സഹായിക്കും.

എന്നാല്‍ ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു ആശങ്ക കുരങ്ങുകളിലേക്ക് വൈറസ് കടന്നു ചെന്നത് കണ്ണുകളിലൂടെണ്. അതായത്, മനുഷ്യര്‍ മാസ്‌ക് ധരിക്കുന്നത് എത്രമാത്രം ഫലവത്താകും എന്നുള്ളതാണ്.

കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ കണ്ടെത്തുന്നതിന് ലോകമെമ്പാടും ശാസ്ത്രജ്ഞര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ആദ്യ ക്ലിനിക്കല്‍ പരീക്ഷണം ഒരു മാസത്തിനകം ചൈനയിലോ യുഎസിലോ നടക്കാനാണ് സാധ്യത.

ഇതുവരെ ലോകത്ത് 1,70,385 പേര്‍ക്ക് അസുഖം ബാധിക്കുകയും 6,650 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. 76,835 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.

ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞരാണ് കുരങ്ങന്‍മാരില്‍ പരീക്ഷണം നടത്തിയത്. നാല് റീസസ് കുരങ്ങുകളിലാണ് കോവിഡ് 19 വൈറസിനെ സന്നിവേശിപ്പിച്ചത്. മൂന്ന് ദിവസത്തിനുശേഷം അവ രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി.

പനിയും ശ്വാസതടസ്സവും ഉണ്ടാകുകയും ആഹാരത്തോട് താല്‍പര്യമില്ലാതാകുകയും ചെയ്തു. ഭാര നഷ്ടവും ഉണ്ടായി. ഏഴാം ദിവസം ഒരു കുരങ്ങില്‍ മൂക്ക് മുതല്‍ മൂത്രാശയം വരെ വൈറസ് ബാധിക്കുകയും ശ്വാസകോശത്തിലെ കലകളില്‍ നാശം വരുത്തുകയും ചെയ്തു. അതേസമയം, മറ്റു കുരങ്ങന്‍മാരില്‍ പതിയെ രോഗം ഭേദമാകുകയും ലക്ഷണങ്ങള്‍ കാണിക്കുന്നത് അവസാനിക്കുകയും ചെയ്തു.

ഒരു മാസത്തിനുശേഷം രോഗപരിശോധനയില്‍ നെഗറ്റീവ് ഫലങ്ങള്‍ കിട്ടുകയും അവയുടെ ആന്തരിക അവയവങ്ങള്‍ പൂര്‍ണമായും സുഖപ്പെട്ടുവെന്ന് എക്‌സ്‌റേ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. രണ്ട് കുരങ്ങന്‍മാര്‍ക്ക് വായിലൂടെയാണ് വൈറസിനെ നല്‍കിയത്. അവയുടെ ശരീരത്തില്‍ താല്‍ക്കാലികമായി താപനില ഉയരുകയും മറ്റുള്ള ഘടകങ്ങള്‍ സാധാരണമായി തുടരുകയും ചെയ്തു.

രണ്ടാഴ്ചയ്ക്കുശേഷം ഈ രണ്ട് കുരങ്ങന്‍മാരുടേയും ശരീര പരിശോധനയില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനും കഴിഞ്ഞില്ല. അതേസമയം, രണ്ടാമത്തെ ആഴ്ച്ചയ്ക്കുശേഷം ഉയര്‍ന്ന അളവില്‍ ആന്റിബോഡി കണ്ടെത്തി. അത് അര്‍ത്ഥമാക്കുന്നത് രോഗപ്രതിരോധ ശേഷി കൈവരിച്ചുവെന്നാണ്. വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന് പ്രധാനപ്പെട്ട അറിവുകള്‍ നല്‍കുന്നതാണ് ഈ ഫലമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സൗത്ത് ചൈന മോണിങ് പോസ്റ്റ്

Comments are closed.