News in its shortest

സ്‌കൂളിലേക്ക് 10 കിലോമീറ്റര്‍ ഓടിയിരുന്ന ബാലന്‍ ഒളിപിക്‌സ് ട്രാക്കുകള്‍ കീഴടക്കിയ കഥ

അനീജ് പള്ളിക്കല്‍ ജയന്‍

വർഷം 2004 . ഏതൻ‌സ് ഒളിംപിക്സിലെ 10000 മീറ്റർ ഫൈനൽ. ലോകം പ്രതീക്ഷിച്ച പോലെ എത്യോപ്യയുടെ കെനെനിസ ബെക്കെലെ അവസാന ലാപ്പിൽ ഒരു നൂറു മീറ്റർ ഓടുന്ന ലാഘവത്തോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്നു. ഒളിമ്പിക് റെക്കോർഡോടെ സ്വർണം നേടുന്നു. പുറകെ രണ്ടാമതെത്തുന്നത് സിലേഷി സിഹിനെ. മറ്റൊരു എത്യോപ്യക്കാരൻ.

പക്ഷെ ആദ്യമായി ഒളിംപിക്‌സ് സ്വർണവും വെള്ളിയും നേടിയതിൻറെ ആവേശം നിറഞ്ഞ ആഹ്ളാദപ്രകടനങ്ങൾക്കു നിൽക്കാതെ ബെക്കെലെയും സിഹിനെയും ഉടനെ ട്രാക്കിലേക്ക് തിരിഞ്ഞു നോക്കുകയാണ്. ക്യാമെറകളും ട്രാക്കിലേക്കാണ് ഫോക്കസ്. ക്യാമെറകളോടൊപ്പം അവരും കാത്തിരുന്നത് ഇരുപത്തിരണ്ടു സെക്കന്റുകൾക്കു പുറകിൽ ഫിനിഷ് ചെയ്യാൻ വരുന്ന അഞ്ചാം സ്ഥാനക്കാരനിലേക്കാണ്.

ഫിനിഷ് ചെയ്തു തളർന്നു വന്ന അഞ്ചാമനെ ബെക്കെലെയും സിഹിനെയും ചേർത്തുപിടിച്ചാശ്ലേഷിക്കുന്നു. ശേഷമാണ് അവർ എത്യോപ്യൻ പതാക വാങ്ങാൻ പോയത്. അയാളെയും കൂട്ടിയാണ് ബെക്കെലെയുടെ വിജയാഘോഷവും മറ്റും. അന്നവിടെ നടന്നത് ബെക്കെലെയുടെ കിരീടധാരണമാണ്. സ്ഥാനമൊഴിഞ്ഞു കൊടുത്ത ആ അഞ്ചാമനായിരുന്നു അന്ന് വരെ ദീർഘദൂര ഓട്ടത്തിന്റെ ചക്രവർത്തി, ദി എമ്പറർ എന്ന് ലോകം ആരാധനയോടെ വിളിച്ച എത്യോപ്യയുടെ സ്വന്തം ഹെയ്‌ലി ഗബ്രെസ്സലാസി.

ഹെയ്‌ലി ജനിച്ചത് എത്യോപ്യയിലെ ദരിദ്ര പ്രദേശങ്ങളിൽ ഒന്നായ ഒറോമിയയിലെ അസെല്ല എന്ന ചെറു പട്ടണത്തിൽ ആണ്. ഹെയ്‌ലിയെക്കൂടാതെ ഒൻപതു മക്കൾ കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക്. തോട്ടംതൊഴിലാളികളായ അവർക്കു തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കേണ്ടി വന്നെങ്കിലും മക്കളുടെ വിദ്യാഭാസത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. പത്ത് കിലോമീറ്ററിലധികം ദൂരം കാൽനടയായി താണ്ടണമെങ്കിലും ഹെയ്‌ലിയെ അദ്ദേഹം സ്‌കൂളിൽ ചേർത്തു.

ആ പത്ത് കിലോമീറ്ററുകൾ ആയിരുന്നു ഹെയ്‌ലിയുടെ ആദ്യ പരിശീലന ട്രാക്ക്. സമയത്തിന് ക്‌ളാസ്സിലെത്തണമെങ്കിൽ ഓടിയെത്തിയേ തീരു എന്നുള്ള അവസ്ഥയിൽ ഹെയ്‌ലി ഓടിത്തുടങ്ങുകയാണ്. പതുക്കെ അദ്ദേഹം തിരിച്ചും ഓടിത്തുടങ്ങി. ദിവസവും ഇരുപതു കിലേമീറ്ററുകൾ. വർഷങ്ങളോളം.

ഹെയ്‌ലി എന്ന മഹാനായ അത്ലറ്റിനെ വാർത്തെടുത്ത് ഇടത്തെ കയ്യിൽ പുസ്തകങ്ങളും പിടിച്ചു കൊണ്ട് അദ്ദേഹം ഓടിത്തീർത്ത ആ ദുർഘടം പിടിച്ച പാതകളാണ്. ഹെയ്‌ലി ഓടുമ്പോൾ ഇപ്പോഴും അദ്ദേഹത്തിന്റെ ഇടത്തേകൈ പിടിച്ചിരിക്കുന്നത് പൂർണമായും മുഷ്ടി ചുരുട്ടിയല്ല പക്ഷെ ഒരല്പം മടക്കി കയ്യിൽ പുസ്തകങ്ങൾ ഇരിക്കുന്നുവെന്നോണം ആണ്. മരണം വരെയും അതങ്ങനെ ആയിരിക്കുമെന്നദ്ദേഹം പറഞ്ഞിട്ടുമുണ്ട്, പിന്നിട്ടു പോയ ജീവിതപരിശീലനകളരിയുടെ ഒരോർമ്മക്കുറിപ്പെന്നോണം.

ഹെയ്‌ലിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോളാണ് 1980മോസ്‌കോ ഒളിംപിക്‌സ് നടക്കുന്നത്. കായിക വിനോദങ്ങളോടും മറ്റും വലിയ താല്പര്യം പ്രകടിപ്പിക്കാത്ത സ്വന്തം അച്ഛന്റെ ഒരു കൊച്ചു റേഡിയോ കട്ടെടുത്തു കൃഷിയിടങ്ങളുടെ ഒരു മൂലയിൽ ഇരുന്നു ഹെയ്‌ലി സംപ്രേഷണം കേട്ടു. 1976ലെ ഒളിംപിക്‌സ് ബഹിഷ്കരിച്ചിരുന്ന എത്യോപ്യ ഗെയിംസിലേക്ക് തിരികെ വന്ന വർഷം കൂടിയാണത്.

രാജ്യം മുഴുവൻ കാതോർത്ത് കാത്തിരുന്നത് 5000m 10000m മത്സരങ്ങളിലേക്കും. ഒരു കൊച്ചു ദരിദ്ര ആഫ്രിക്കൻ രാജ്യത്തിന്റെ പ്രതീക്ഷ മുഴുവൻ ചുമലിലേറ്റി ഓടിയ മൈറസ് യിഫ്‌റ്റർ രണ്ടിനത്തിലും സ്വർണം നേടുന്നു. ‘യിഫ്‌റ്റർ ദി ഷിഫ്റ്റർ’ എന്നാണു അദ്ദേഹത്തിന് ലോകം നൽകിയ വിശേഷണം. ഈ സംപ്രേഷണവും യിഫ്‌റ്റരുടെ നേട്ടങ്ങളും ഊർജം പകർന്നത് ഹെയ്‌ലിയുടെ സ്വപ്നങ്ങൾക്കും കുതിപ്പിനുമാണ്.

അവിടെ നിന്നും യിഫ്‌റ്ററിനെ പോലെ രാജ്യത്തിന് വേണ്ടി ഓടി മെഡലുകൾ നേടാൻ ഹെയ്‌ലി തീരുമാനിക്കുന്നു. അച്ഛനും കുടുംബവും മറ്റും എതിർത്തിരുന്നെങ്കിലും ഹെയ്‌ലി വാശിയോടെ തുടർന്നു. 5000, 10000 മീറ്ററുകളിൽ ജൂനിയർ തലത്തിലെ സകലമാന ദേശീയ, ആഫ്രിക്കൻ റെക്കോർഡുകളും സ്വന്തം പേരിലാക്കിയ ഹെയ്‌ലിയെ ലോകം ശ്രദ്ധിക്കുന്നത് 92ലെ ലോക ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പോടു കൂടിയാണ്. 5000, 10000 മീറ്ററുകളിൽ സ്വർണം നേടിയ ഹെയ്‌ലി തൊട്ടടുത്ത വർഷം നടന്ന ലോക ചാമ്പ്യൻഷിപ്പിലും നേട്ടം ആവർത്തിക്കുന്നു.

പിന്നീടങ്ങോട്ട് നാല് ലോക ചാംപ്യൻഷിപ്പുകളിൽ 10000m സ്വർണത്തിനു വേറെ അവകാശികൾ ഉണ്ടായിട്ടില്ല. പിന്നീടങ്ങോട്ട് ലോക റെക്കോർഡുകൾ പല തവണ ഹെയ്‌ലി തിരുത്തി. അവസാന ലാപ്പുകളിൽ അവസാന നിമിഷത്തിൽ എവിടുന്നില്ലാത്ത ശക്തി സംഭരിച്ചു കൊണ്ട് ഫിനിഷിങ് ലൈനിനു മീറ്ററുകൾക്കു മാത്രം മുൻപ് എതിരാളികളെ പിന്നിലാക്കുക എന്നത് ഹെയ്‌ലിയുടെ മാസ്റ്റർപീസായിരുന്നു.

അതിനുത്തമ ഉദാഹരണം 92ile ലോക ജൂനിയർ അത്ലറ്റിക് 10000m ഫൈനലിൽ നടന്നത് ഓർത്തെടുത്താൽ മതിയാകും. ഫിനിഷിങ് ലൈനിനു വെറും 20-25 മീറ്റർ മുന്നേ തന്നെ മറികടന്നോടിയ ഹെയ്‌ലിയെ കെനിയയുടെ മാച്ചുക സകല നിയന്ത്രണവും വിട്ടു പുറത്ത് ആഞ്ഞിടിക്കുകയാണ്. അതോടെ അർഹിച്ചിരുന്ന വെള്ളിമെഡൽ മാച്ചുകയ്ക്കു നഷ്ടമാവുകയും ചെയ്തു. ഹെയ്‌ലി അങ്ങനെയായിരുന്നു. വിജയിച്ചു എന്ന് എതിരാളികൾക്ക് വിശ്വാസം കൊടുത്തു അവരെ ഒരല്പം അലസരാക്കുക. സമയമാകുമ്പോൾ സകല ശക്തിയുമെടുത്ത് അവരെ പോലും അമ്പരപ്പിച്ചുകൊണ്ട് വിജയിച്ചു കേറുക.

‘കിംഗ് ഓഫ് കിക്ക്‌ഡൗൺസ്’ എന്നൊരു വിളിപ്പേര് വെറുതെയങ്ങു സമ്പാദിച്ചതല്ല അദ്ദേഹം. ദീർഘദൂര ഓട്ടത്തിന്റെ ചരിത്രത്തിലെ ക്‌ളാസ്സിക് അധ്യായങ്ങളിൽ ഒന്നാണ് ഹെയ്‌ലിയും കെനിയയുടെ പോൾ ടെർഗറ്റുമായി നടന്ന ഒളിമ്പിക് പോരാട്ടങ്ങൾ. 1996ൽ നടന്ന അറ്റ്ലാൻറ്റ ഒളിംപിക്സിൽ 10000m ഫൈനൽ നടക്കുന്നു. ഹെയ്‌ലിയും ടെർഗറ്റും സ്വർണത്തിനായി ഓടുന്നു. മുന്നിലോടിയിരുന്നത് ടെർഗറ്റായിരുന്നു.

എന്നാൽ അവസാന ലാപ്പിൽ തൻ്റെ സർവ വീര്യവുമെടുത്തു ഓടി മുന്നിലെത്തിയ ഹെയ്‌ലിയുടെ പുറകിൽ വെള്ളി കൊണ്ട് തൃപ്ത്തിപ്പെടാനായിരുന്നു ടെർഗറ്റിൻ്റെ വിധി. ഹാർഡ് ട്രസിക്കിൽ 10000m ഓടി പരിക്കിന്റെ വക്കിലെത്തിയ ഹെയ്‌ലി 5000m നിന്നും പിന്മാറുകയും ചെയ്തു അറ്റ്ലാൻറ്റയിൽ. അടുത്ത ഒളിമ്പിക്സ് എത്തി. 2000 സിഡ്നി ഒളിമ്പിക്സ്. ഹെയ്‌ലി മത്സരിക്കുന്നത് 10000m മാത്രമാണ്.

ഫൈനൽ ആരംഭിക്കുന്നതിനു മുൻപ് ക്യാമറകൾ ഓരോ അത്‍ലറ്റിന്റെയും മുഖം കാണിക്കുന്നു. പലരും വീറോടെ വാശിയോടെ നോക്കുന്നു. ചിലരുടെ മുഖത്ത് ടെൻഷനും കാണുന്നുണ്ട്. പോൾ ടെർഗെറ്റ് നിൽക്കുന്നത് എന്തോ വാശിയോടെയാണ്. നാല് വർഷം മുന്നേ തനിക്ക് നഷ്ടപ്പെട്ട സ്വർണം ഇത്തവണ സ്വന്തം പേരിലാക്കിയിരിക്കും എന്ന മട്ടോടെ. ഗെയിമ്സിനു മുൻപ് ഹെയ്‌ലിക്കേറ്റ പരിക്കുകളും പരിശീലനത്തിന്റെ അഭാവവും ടെർഗറ്റിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കണം.

പിന്നീട് ക്യാമറ ഹെയ്‌ലിയെ കാണിക്കുന്നു. അദ്ദേഹത്തിന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി മാത്രം. ഒരു പക്ഷെ ഒരു ചരിത്രത്തിൽ ഇന്നോളം ഒരു ഒളിമ്പിക് ഫൈനലിന് തൊട്ടു മുൻപ് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ, സമ്മർദമേതുമില്ലാത്ത ഒരു നിറപുഞ്ചിരി. റേസ് ആരംഭിച്ചു. പലരും മാറി മാറി ലീഡ് ചെയ്യുന്നു. ഒരിക്കൽപോലും ഹെയ്‌ലി ലീഡ് ചെയ്യുന്നില്ല. എന്നാൽ അദ്ദേഹമാണ് മറ്റുള്ളവരുടെ പേസ് സെറ്റ് ചെയ്യുന്നത് എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള കാം & കമ്പോസ്ഡ് റണ്ണിങ്. റേസിൽ ഉടനീളം രണ്ടാമതു മൂന്നാമതോ ആയി മുന്നിലോടുന്നയാളുടെ തൊട്ടു പുറകെ ഹെയ്‌ലിയുണ്ട്.

ടെർഗറ്റ് ഇത്തവണ ഹെയ്‌ലിക്ക് പിന്നിലാണ് ഭൂരിഭാഗവും ഓടുന്നത്. പതിവിനു വിപരീതമാണത്. ഹെയ്‌ലിയുടെ തന്ത്രം ഇത്തവണ പയറ്റുന്നത് ടെർഗട്ടായിരുന്നു. പത്ത് കിലോമീറ്റർ ഓട്ടത്തിലെ അവസാന 250 മീറ്റർ. മുന്നിലോടുന്ന ഹെയ്‌ലിയടക്കമുള്ള മൂന്നു പേരെയും കടന്നോടാനായി വലത്തേ ലൈനിലേക്ക് ചാടിയ ശേഷം ടെർഗറ്റ് കുതിപ്പ് തുടങ്ങുന്നു. ഒരു അസാധ്യ ഫൈനൽ സ്പ്രിന്റ്. തൻ്റെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന മട്ടിൽ ടെർഗറ്റിന്റെ മുന്നേറ്റം കാണുന്ന ഹെയ്‌ലി ഒപ്പമെത്താൻ ശ്രമം തുടങ്ങി.

അവസാന 100 മീറ്റർ. രണ്ടു പേരും സർവശക്തിയിയുടെയും വാശിയോടെയും ഫിനിഷിങ് ലൈനിനു നേരെ കുതിക്കുന്നു. ലോകം ആവേശത്തിന്റെ മുൾമുനയിൽ. ഒരു 100m ഫൈനലിന് പോലും തരാൻ കഴിയാത്രത ആവേശമാണ് കായികലോകത്തിനു ആ 10000 മീറ്ററിലെ അവസാന 100m നൽകുന്നത്. റേസിന്റെ അവസാന പത്ത്മീറ്ററിൽ, ശരിക്കും അവസാന 10 മീറ്ററിൽ ഹെയ്‌ലി ടെർഗട്ടിനെ ഒരിക്കൽ കൂടി തോൽപ്പിക്കുകയാണ്. ചരിത്രം! ഹെയ്‌ലിയുടെ സമയം 27:18.20 . ടെർഗറ്റിന്റെ 27:18.29 .ആ ഒളിമ്പിക്സിലെ 100m പോലും ഇതിലും വലിയ വ്യത്യാസമുണ്ടായിരുന്നു സ്വർണവും വെള്ളിയും തമ്മിൽ.

മെഡൽ ഡയസിൽ പോലും നിര പിഞ്ചിരിയോടെ നിന്ന ഹെയ്‌ലി ദേശീയ ഗാനത്തോടെ വികാരധീനനാവുന്നുണ്ട്. പണ്ടൊരു കാലത്ത് അച്ഛന്റെ റേഡിയോ കട്ട് കേട്ട ഒളിമ്പിക്സ് സംപ്രേഷണം അയാൾ ഓർത്തുപോയിരിക്കാം. സ്‌കൂളിലേക്കും തിരിച്ചുമുള്ള ആ ഇരുപതു കിലോമീറ്ററുകൾ, അയാളെ ചക്രവർത്തിയാക്കിയ ആ പാതകളെ കുറിച്ചോർത്തിരിക്കാം. അങ്ങനെയങ്ങനെ എല്ലാം! പിന്നീട് 2004 ഒളിംപിക്സിൽ നിന്നും പരിക്ക് മൂലം പിന്മാറാൻ തീരുമാനിച്ചിരുന്നെങ്കിലും തൻ്റെ ജനതയുടെ ആവശ്യപ്രകാരം അദ്ദേഹം പങ്കെടുത്തു.

പരിക്കിന്റെ പിടിയിൽ നിന്നും മോചിതനായിട്ടില്ലെങ്കിലും അദ്ദേഹം ഓടി അഞ്ചാമതെത്തി. പിന്നീട് മാരത്തോണുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ലോകമെമ്പാടുമുള്ള മാരത്തോണുകളിൽ വിജയിച്ചു. തൻ്റെ കരിയറിൽ സ്വന്തമാക്കിയത് 27 ലോക റെക്കോർഡുകൾ. സകല സമ്പാദ്യവും സൗഭാഗ്യവും ഉണ്ടായിരിന്നട്ടും അദ്ദേഹം എത്യോപ്യ വിട്ടില്ല. ഇപ്പോൾ എത്യോപ്യൻ ഒളിമ്പിക്സ് അസോസിയേഷൻ മേധാവി ആയ അദ്ദേഹം സ്വന്തം നാട്ടിൽ ബിസിനെസ്സ് നടത്തി വിജയിക്കുകയും ആയിരക്കണക്കിനാളുകൾക്കു തൊഴിൽ ദാതാവായി നിലനിൽക്കുകയും ചെയ്യുന്നു.

തന്നെ താനാക്കിയ എത്യോപ്യൻ സമൂഹത്തിനു തന്നാൽ കഴിയുന്ന വിധം തിരികെ സൗഭാഗ്യങ്ങൾ നല്കുകയാണയാൾ. ഹെയ്‌ലി ഗബ്രെസ്സലാസി അത് ചെയ്തില്ലെങ്കിലേ നാം അത്ഭുതപ്പെടേണ്ടതുള്ളൂ. അയാൾ വളർന്നത് അനുഭവങ്ങളിലൂടെയാണ്. അയാൾ തിരുത്തി എഴുതിയത് ആ രാജ്യത്തിന്റെ ചരിത്രം കൂടിയാണ്. പണ്ടൊരു കമന്റേറ്റർ റേസിനു ശേഷം മൈക്കിലൂടെ വിളിച്ചു പറഞ്ഞത് ഞാൻ ആവർത്തിച്ചു കൊണ്ട് നിർത്തട്ടെ “All hail the King, The emperor Haile Gebrselassie as he crosses the line for Gold”

(അനീജ് പള്ളിക്കല്‍ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്‌)

സ്‌കൂളിലേക്ക് 10 കിലോമീറ്റര്‍ ഓടിയിരുന്ന ബാലന്‍ ഒളിപിക്‌സ് ട്രാക്കുകള്‍ കീഴടക്കിയ കഥ
80%
Awesome
  • Design

Comments are closed.